തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന വയോജന കമീഷൻ ചെയർപേഴ്സണായി കെ സോമപ്രസാദും, അംഗങ്ങളായി അമരവിള രാമകൃഷ്ണൻ, ഇ എം രാധ, കെ എൻ കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവരും ചുമതലയേറ്റു. വയോജനക്ഷേമരംഗത്ത് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച വലിയ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ സോമപ്രസാദ് ചെയർപേഴ്സൺ ആയ അഞ്ചംഗ കമീഷനാണ് സ്ഥാനമേറ്റത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയാണ് അമരവിള രാമകൃഷ്ണൻ. ഇ എം രാധ വനിതാ കമീഷന് മുൻ അംഗമാണ്. ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമാണ് കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് പ്രൊഫ. ലോപസ് മാത്യു.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമീഷന്. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമീഷന് നിലവിൽ വന്നത്. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമീഷൻ രൂപീകരിച്ചിരിക്കുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നൽകാൻ കമീഷന് ചുമതലയുണ്ടാവും.
വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമീഷൻ രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിതം സംബന്ധിച്ച് വരുന്ന ആശങ്കകൾ അഭിസംബോധന ചെയ്യാൻ കമീഷനിലൂടെ കഴിയും. കമീഷൻ രൂപീകരിക്കുന്നതിലൂടെ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.