പ്രേത സിനിമ കണ്ടു ഭയക്കുമ്പോൾ ഉപാപചയ നിരക്കും വർധിച്ചതായി കണ്ടു. ഇതുവഴി കൂടുതൽ കാലറി ഇല്ലാതാക്കുന്നു.
പൊണ്ണത്തടി, അതുമൂലം ഉണ്ടാകുന്ന മറ്റ് അസ്വസ്ഥതകൾ, അമിതഭാരം എന്നിവയൊക്കെ ഇന്നത്തെ കാലത്ത് വളരെ കൂടുതൽ ആണ്, പഠനങ്ങൾ പറയുന്നു. പലർക്കും മേൽ അനങ്ങുന്ന പരിപാടി തന്നെ തീരെ ഇല്ല, സമയമുണ്ടെങ്കിൽ പോലും. അങ്ങനെ വരുമ്പോൾ ചിലരൊക്കെ എല്ലാവരും എല്ലാവരും എന്ന് പറയുന്നില്ല ശരീരഭാരം കുറയ്ക്കാൻ ദിവസേന വ്യായാമവും ഡയറ്റിങ്ങും നോക്കുന്നവർ ഉണ്ട്.
അമിതമായ ശരീരഭാരം കുറയ്ക്കണം, അതിനുവേണ്ടി പട്ടിണി കിടക്കാൻ പോലും തയ്യാറാണ്. പക്ഷേ വെറുതെ പട്ടിണി കിടന്നാലും പണി കിട്ടും എന്നത് വേറെ കാര്യം.അതേസമയം ശരീരം അനങ്ങി, ദേഹം വിയർത്തു ശരീരഭാരം കുറയ്ക്കുന്നതിനോട് അല്പം പോലും താല്പര്യമില്ല താനും. അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ ഒരു സൊലൂഷൻ ഗവേഷകർ പറയുന്നത്.
സിനിമ കാണാൻ പലർക്കും ഇഷ്ടമാണ്, ചത്താലും തീരാത്ത സീരിയലിന്റെ കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്. അങ്ങനെ സിനിമ കണ്ട് ശരീരഭാരം കുറയ്ക്കാം, എങ്ങനെയെന്ന് ചോദിച്ചാൽ 'പ്രേത സിനിമ'കണ്ടാൽ മതി. ഒരു പ്രേത പടം കണ്ട് നന്നായി ഒന്ന് പേടിച്ചാൽ കാര്യം തീരുമെന്നാണ് പഠനം പറയുന്നത്. കാര്യം തീരും എന്നത് ആള് വടിയായി പോകും എന്നല്ല, ശരീരഭാരം കുറയും എന്നാണ് ഉദ്ദേശിക്കുന്നത്!.മിൻസ്റ്റർ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് പലർക്കും കേൾക്കുമ്പോൾ തന്നെ ബോധക്കേട് വരുന്ന അമ്പരിപ്പിക്കുന്ന കണ്ടെത്തൽ.
ഒന്നരമണിക്കൂർ പ്രേത പടം കണ്ടു പേടിക്കുമ്പോൾ 150 കാലറി കത്തിച്ചു കളയാൻ സഹായിക്കുമെന്നാണ് പഠനം. എന്നുവെച്ചാൽ ജോഗിങ്ങിനും അരമണിക്കൂർ നടത്തതിനും തുല്യമാണത്രേ പേടിച്ചുള്ള ഈ ഇരിപ്പ്. വെസ്റ്റ് ഹൊറർ സിനിമ കാണുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കും ഉപാപചയ നിരക്കും വർധിച്ചതായി കണ്ടു. ഇതുവഴി കൂടുതൽ കാലറി കത്തിത്തീർന്നു. കാലറി ജ്വലനം അടിസ്ഥാനമാക്കി ടോപ്പ് ടെൻ ഹൊറർ സിനിമകളെ ലിസ്റ്റ് ചെയ്താൽ, ദ് ഷൈനിങ് (184 കാലറി), Jaws (161 കാലറി), ദി എക്സോർസിസ്റ്റ് (158 കാലറി) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്തുള്ളത്.
എഡിൻബറ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ.ക്രിസ്റ്റൻ നോൾസ് നടത്തിയ പഠനത്തിൽ പറയുന്നത് പ്രകാരം Horror Movie (ഹൊറർ സിനിമകൾ) കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ എന്ന ഹോർമോൺ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്ന്. പ്രേതം വരുമോ, കൊല്ലുമോ എങ്ങനെ പേടിക്കണം എന്നൊക്കെ ആലോചിച്ച് അങ്ങനെ കണ്ടു, കണ്ണ് സ്ക്രീനിലെ പുറകോട്ട് മാറ്റി വീണ്ടും സ്ക്രീനിലേക്ക് നോക്കി (കണ്ണ് മാറ്റിയാലും മനസ്സ് അപ്പോഴും സിനിമയിൽ തന്നെയാണ് എന്നത് വേറെ കാര്യം) മറ്റൊന്നും ആലോചിക്കാതെ അങ്ങനെയിരിക്കുമ്പോൾ നമ്മുടെ ശ്രദ്ധയും മനസും പൂർണമായും മറ്റൊരു കാര്യത്തിലേക്കു തിരിയുന്നതാണ് ഇതിനു കാരണമെന്നും അതുവഴി വേദന മറക്കുമെന്നും പഠനം പറയുന്നു. കൊറോണക്കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
പ്രേത സിനിമ കണ്ടു ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ഏകാഗ്രതയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് മനസ് വളരെ ശാന്തമാവുകയും ചെയ്യും. ത്രില്ലിങ്ങായ അനുഭവമാണിത്. സ്കൈ ഡൈവിങ് പോലെയുള്ള അപകടം പിടിച്ച ആക്ടിവിറ്റികൾക്ക് സമാനമാണ് ഇതെന്നും ആദ്യം പേടി ഉണ്ടാകുമെങ്കിലും പിന്നീട് നമുക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുമെന്നും ക്രിസ്റ്റൻ നോൾസ് തന്റെ പഠനത്തിൽ പറയുന്നു.