കുറച്ചു സമയം സംസാരിക്കുമ്പോൾ തന്നെ വലിയ തുക ബില്ലായി വരുമായിരുന്നു.
1996 സെപ്റ്റംബർ 17-ന് കേരളത്തിൽ ആദ്യത്തെ മൊബൈൽ ഫോൺ കോൾ നടക്കുമ്പോൾ(Kerala first mobile call), അന്നത്തെ മലയാളിക്ക് അതൊരു അത്ഭുതക്കാഴ്ച മാത്രമായിരുന്നു. എന്നാൽ കൃത്യം 30 വർഷങ്ങൾക്കിപ്പുറം, 2026 സെപ്റ്റംബർ 17-ൽ എത്തിനിൽക്കുമ്പോൾ, ആ സാങ്കേതിക വിപ്ലവത്തിന് മൂന്ന് പതിറ്റാണ്ട് തികഞ്ഞു(Mobile revolution Kerala).
ലാൻഡ് ഫോണുകൾ മാത്രം പരിചയമുണ്ടായിരുന്ന ഒരു സമൂഹത്തിലേക്ക് എവിടെ വേണമെങ്കിലും കൊണ്ടുനടക്കാവുന്ന മൊബൈൽ ഫോൺ കടന്നുവന്ന ഈ ദിനം കേരളത്തിന്റെ വാർത്താവിനിമയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തുടക്കമായിരുന്നു. ഇന്ന് നമ്മളുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഈ ഉപകരണം മാറിയെങ്കിലും, മൂന്ന് പതിറ്റാണ്ട് മുമ്പ് ഇതൊരു വലിയ കൗതുകമായിരുന്നു, എന്നുമാത്രമല്ല അധ്യാഡംബര വസ്തുവും ആയിരുന്നു.
മലയാള സാഹിത്യത്തിനും ഈ ദിനവുമായി അപൂർവ്വമായ ഒരു ബന്ധമുണ്ട്. ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ആലപ്പുഴക്കാരനുമായ പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് (Thakazhi Shivashankara Pillai) കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിലൂടെ വിളിച്ച് ഉദ്ഘാടനം നിർവഹിച്ചത്.
എറണാകുളത്തെ ഹോട്ടൽ അവന്യൂ റീജന്റിൽ വെച്ച് നടന്ന ചടങ്ങിൽ, എസ്കോടെൽ (Escotel Mobile) അവതരിപ്പിച്ച സേവനത്തിലൂടെ തകഴി ദക്ഷിണമേഖലാ നാവികസേനാ മേധാവിയായ വൈസ് അഡ്മിറൽ എ.ആർ. ടാൻഡനുമായി സംസാരിച്ചു. സാഹിത്യകാരി മാധവിക്കുട്ടി (കമല സുരയ്യ) എസ്കോടെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്, തുടർന്ന് വൈസ് അഡ്മിറലുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഇന്ത്യയിലാദ്യമായി ഒരു മൊബൈൽ ഫോൺ കോൾ നടക്കുന്നത് 1995 ജൂലൈ 31-നായിരുന്നു. അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു (Jyoti Basu) അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാമിനെ വിളിച്ചതായിരുന്നു ആ ചരിത്ര നിമിഷം. അന്നത്തെ ഫോണുകൾക്ക് ഇന്നത്തെ സെറ്റുകളെ അപേക്ഷിച്ച് വലിപ്പവും ഭാരവും വളരെ കൂടുതലായിരുന്നു ഒപ്പം ഭീമമായ വിലയും.
തുടക്കകാലത്ത് മൊബൈൽ ഫോൺ ഉപയോഗം സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയാത്തത്ര ആഡംബരമായിരുന്നു. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾക്ക് 8.40 രൂപ വരെയും, ചാർജ് ഈടാക്കിയിരുന്ന അക്കാലത്ത് മിനിറ്റിന് 16 രൂപ മുതൽ 17രൂപ വരെ നൽകേണ്ടിയിരുന്നു. പീക്ക് അവറുകളിൽ ഇത് 16 രൂപ വരെ ഉയർന്നിരുന്നതിനാൽ കുറച്ചു സമയം സംസാരിക്കുമ്പോൾ തന്നെ വലിയ തുക ബില്ലായി വരുമായിരുന്നു.
സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒക്ടോബറോടെയാണ് എസ്കോടെൽ പൂർണ്ണതോതിൽ സേവനം ആരംഭിച്ചത്. തൊട്ടുപിന്നാലെ 1996-ൽ തന്നെ ബി.പി.എൽ മൊബൈലും 2002-ൽ ബി.എസ്.എൻ.എല്ലും കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. എസ്കോർട്ട്സ് ഗ്രൂപ്പും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനിയും ചേർന്നുള്ള സംരംഭമായിരുന്ന എസ്കോടെൽ, 2004-ൽ ഐഡിയ സെല്ലുലാർ ഏറ്റെടുക്കുന്നത് വരെ കേരളത്തിൽ പ്രവർത്തിച്ചു.
90-കളുടെ അവസാനത്തിൽ രാജ്യത്തൊട്ടാകെയുള്ള മൊബൈൽ വരിക്കാർ പത്ത് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. എന്നാൽ 1999-ലെ കേന്ദ്ര ടെലികോം നയം മാറ്റങ്ങൾക്ക് വഴിയൊരുക്കി. 2003-ൽ 'വിളിക്കുന്നയാൾ മാത്രം പണം നൽകുക' (Calling Party Pays) എന്ന രീതി പ്രാബല്യത്തിൽ വരികയും ഇൻകമിങ് കോളുകൾ സൗജന്യമാവുകയും ചെയ്തത് വലിയൊരു വഴിത്തിരിവായി. ഇതോടൊപ്പം ജനപ്രിയമായ നോക്കിയ ഫോണുകളുടെ വരവും, 10 രൂപയുടെ പ്രീപെയ്ഡ് കാർഡുകളും, ചെലവ് ചുരുക്കാൻ ഇന്ത്യക്കാർ കണ്ടെത്തിയ 'മിസ്ഡ് കോൾ' സംസ്കാരവും മൊബൈൽ ഫോണുകളെ ഗ്രാമങ്ങളിലേക്ക് വരെ എത്തിച്ചു.
പിന്നീട് എയർടെൽ, ഹച്ച്, ഐഡിയ, റിലയൻസ്, ബി.എസ്.എൻ.എൽ തുടങ്ങിയ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം കാരണം കോൾ നിരക്കുകൾ ഒരു രൂപയിലും താഴേക്ക് പതിച്ചു. ഇതോടെ 2011-ഓടെ രാജ്യത്തെ വരിക്കാരുടെ എണ്ണം 80 കോടി കടന്നു. 2008-ൽ 3G-യും 2010-കളുടെ മധ്യത്തിൽ 4G-യും വന്നതോടെ ആശയവിനിമയം എസ്.എം.എസുകളിൽ നിന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിലേക്ക് മാറി. കുറഞ്ഞ വിലയിലുള്ള ആൻഡ്രോയിഡ്, ചൈനീസ് ഫോണുകൾ സ്മാർട്ട്ഫോൺ വിപ്ലവത്തിന് വേഗം കൂട്ടി.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റാ ഉപയോക്താക്കളായി ഇന്ത്യ മാറിയിരിക്കുന്നു. ആദ്യകാലങ്ങളിൽ ആകർഷകമായ ഓഫറുകൾ നൽകി എത്തിയ കമ്പനികൾ പിന്നീട് പ്ലാൻ നിരക്കുകൾ ഉയർത്തുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചു. 2022-ൽ 5G സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുകയും ചെയ്തു (നിലവിൽ ഇത് പൂർണ്ണ തോതിൽ ആയിട്ടില്ലെങ്കിലും). നിലവിൽ 120 കോടിയിലധികം മൊബൈൽ കണക്ഷനുകളും 75 കോടിയിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കളുമുള്ള ഇന്ത്യയിൽ, വെറുമൊരു സംസാരോപാധി എന്നതിലുപരി ഡിജിറ്റൽ ബാങ്കിംഗ്, പഠനമുറി, വിനോദ കേന്ദ്രം, സർക്കാർ സേവന മാർഗ്ഗം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രമായി മൊബൈൽ ഫോൺ മാറിക്കഴിഞ്ഞു.
