അതുവരെ അധികം അറിയപ്പെടാതിരുന്ന ബർകോവ്സ്കി എന്ന ഈ നിശ്ചലഛായാഗ്രാഹകന്റെ തലവര തന്നെ അതോടെ മാറുകയായിരുന്നു.
സൂര്യഗ്രഹണത്തിന്റെ പകർത്തപ്പെട്ട ആദ്യ ചിത്രം
കടപ്പാട് : Wikimedia Commons.
പകൽ സമയം നിമിഷനേരം കൊണ്ട് ഇരുളിലേക്ക് വീഴുകയും പ്രകൃതി മുഴുവൻ നിശബ്ദമാകുകയും ചെയ്യുന്ന സമ്പൂർണ സൂര്യഗ്രഹണം മനുഷ്യന് വലിയൊരു അത്ഭുതമാണ്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് (Corona-Solar Atmosphere) ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം പഠിക്കാനുള്ള അപൂർവമായ അവസരമാണിത്. നൂറ്റാണ്ടുകളായി ലോകത്തെമ്പാടും ഗ്രഹണത്തിന് അന്ധവിശ്വാസത്തിന്റെ പിൻബലം ചാർത്തിക്കൊടുത്തിരുന്നു. യാതൊരു യുക്തിക്കും അടിസ്ഥാനമില്ലെങ്കിലും ഇന്നും മനുഷ്യൻ വിശ്വാസത്തിന് ഗ്രഹണത്തെ കൂട്ടുപിടിക്കുന്നുണ്ട്.
ഒരുകാലത്ത് ഗ്രഹണത്തെ ഭയന്നിരുന്ന മനുഷ്യൻ പിന്നീട് ഇത്തരം ബഹിരാകാശ വിസ്മയങ്ങളുടെ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യന്റെ പ്രകാശം പൂർണ്ണമായി മറയുന്ന സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ആദ്യ ചിത്രം പകർത്തിയിട്ട് 175 വർഷങ്ങളായി. 1851 ജൂലൈ 28-നാണ് ജ്യോതിശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആ അത്യപൂർവ്വ ചിത്രം പിറന്നത്. പ്രഷ്യയിലെ (ഇന്ന് റഷ്യയുടെ ഭാഗം) കൊയിനിഗ്സ്ബർഗ് എന്ന നഗരത്തിൽ വച്ച് യോഹാൻ ജൂലിയസ് ഫ്രീഡ്രിഷ് ബർകോവ്സ്കി (JohannJuliusFriedrichBerkowski) എന്ന ഫോട്ടോഗ്രാഫറാണ് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രം ആദ്യമായി പകർത്തിയത്. അതുവരെ അധികം അറിയപ്പെടാതിരുന്ന ബർകോവ്സ്കി എന്ന ഈ നിശ്ചലഛായാഗ്രാഹകന്റെ തലവര തന്നെ അതോടെ മാറുകയായിരുന്നു.
വെള്ളി പൂശിയ ചെമ്പ് ഫലകത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ചിത്രം തയാറാക്കുന്ന അന്നത്തെ 'ഡാഗറെയോടൈപ്പ്' (Daguerreotype) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അദ്ദേഹം ആ ചിത്രമെടുത്തത്. ബർകോവ്സ്കിയുടെ ഈ ചിത്രം സൂര്യനെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയൊരു മാറ്റത്തിന് വഴിവെക്കുകയും കൊറോണയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് പുതിയൊരു വാതിൽ തുറന്നുനൽകുകയും ചെയ്തു. സൂര്യന്റെ ശോഭ കാരണം സാധാരണ സമയങ്ങളിൽ കാണാൻ സാധിക്കാത്ത കൊറോണയിലെ സൂക്ഷ്മ തരംഗങ്ങളും പ്രകാശവലയങ്ങളും സമ്പൂർണ ഗ്രഹണ സമയത്ത് വ്യക്തമായി ദൃശ്യമാകും.
സൗരവാതവും അതിശക്തമായ പ്ലാസ്മ വിസ്ഫോടനങ്ങളും ഉപഗ്രഹങ്ങളെയും ആശയവിനിമയ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ഗ്രഹണ സമയത്തെ ചിത്രീകരണത്തിലൂടെയും പഠനത്തിലൂടെയുമാണ് ഇത്തരം ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്ന് കൃത്രിമമായി ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഗ്രഹണത്തിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് കൊറോണയെക്കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'പ്രോബ-3' (Proba-3) പോലെയുള്ള ദൗത്യങ്ങൾ നടക്കുന്നുണ്ട്. എങ്കിലും, പ്രകൃതിദത്തമായ ഗ്രഹണ സമയത്ത് ലഭിക്കുന്നത്ര കൃത്യതയുള്ള വിവരങ്ങൾ മറ്റ് മാർഗ്ഗങ്ങളിലൂടെ ലഭിക്കാറില്ലെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ ഭയത്തോടെയും അത്ഭുതത്തോടെയും നോക്കിക്കണ്ട ഈ പ്രതിഭാസത്തെ ഇന്ന് ശാസ്ത്രീയമായി മനസ്സിലാക്കാനും രേഖപ്പെടുത്തിവെക്കാനും ഗവേഷകർക്ക് സാധിക്കുന്നുണ്ട്. 1851-ൽ ഒരു പ്ലേറ്റിൽ പതിഞ്ഞ ആദ്യത്തെ ഗ്രഹണ ചിത്രം മുതൽ ഇക്കാലത്തെ അത്യാധുനിക ഡിജിറ്റൽ ചിത്രങ്ങൾ വരെ സൂര്യന്റെ രഹസ്യങ്ങൾ ഒന്നൊന്നായി അനാവരണം ചെയ്യാൻ ശാസ്ത്രലോകത്തിന് കരുത്താകുന്നു.
സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുമെങ്കിലും, സൂര്യന്റെ പുറംഭാഗത്തുള്ള തിളക്കമേറിയ അന്തരീക്ഷം (കൊറോണ) പുറത്തേക്ക് പ്രകാശിക്കും. ചിത്രത്തിൽ കാണുന്ന വെളുത്ത വലയം ഈ കൊറോണയാണ്.
അക്കാലത്തെ ഫോട്ടോഗ്രാഫിക് പ്ലേറ്റുകൾക്ക് പ്രകാശത്തോടുള്ള പ്രതികരണം വളരെ സാവധാനത്തിലായിരുന്നു (84 സെക്കൻഡ് എക്സ്പോഷർ എടുത്താണ് ഈ ഫോട്ടോ എടുത്തത്). അതിനാൽ സൂര്യന്റെ കൊറോണയിൽ നിന്നുള്ള പ്രകാശം പ്ലേറ്റിൽ അധികമായി പതിക്കുകയും ചന്ദ്രന്റെ കറുത്ത നിഴലിന് ചുറ്റും ഒരു വെളിച്ചമായി പടരുകയും ചെയ്തു.
ആദ്യകാല ശാസ്ത്രീയ ഫോട്ടോഗ്രാഫിയിൽ സൂര്യന്റെ കൊറോണയും പ്രൊമിനൻസുകളും (സൂര്യനിൽ നിന്നുള്ള ജ്വാലകൾ) കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
അക്കാലത്ത് ഒരൊറ്റ ഫോട്ടോ മാത്രമേ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റേതായി വിജയകരമായി പകർത്തിയിട്ടുള്ളൂ. ഫോട്ടോഗ്രാഫർ ബർക്കോവ്സ്കി എടുത്ത ഈ ഒരു ചിത്രം മാത്രമാണ് 1851-ലെ ഗ്രഹണത്തിന്റേതായി ലോകത്ത് ആകെയുള്ളത്.
