പോളിങ് കണക്കുകൾ പുറത്തുവിടാൻ താമസം ഉണ്ടായിട്ടില്ലെന്ന്.
വോട്ടെടുപ്പ് കഴിഞ്ഞതിന്റെ നാലാം നാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പോൾ ചെയ്തവരുടെ കണക്ക് പുറത്തുവിട്ടു. വ്യാപക വിമർശനങ്ങൾക്കിടയാണ് കണക്ക് പുറത്തുവരുന്നത്. 2026 ലെ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly Election 2026) വോട്ടിങ് ശതമാനത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി (Election Commission) . നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വഴി രേഖപ്പെടുത്തിയ ആകെ പോളിങ് 78.27 ശതമാനമാണ്. എന്നാൽ പോസ്റ്റൽ, സർവീസ് വോട്ടുകൾ കൂടി കണക്കിലെടുക്കുമ്പോൾ അന്തിമ പോളിങ് ശതമാനം 79.63 ആയി ഉയരാനാണ് സാധ്യതയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ കൃത്യമായ കണക്കുകൾ കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. ആകെ 2,12,43,942 പേരാണ് പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്തത്. ഇതിൽ 99,40,379 പുരുഷൻമാരും, 1,13,03,410 സ്ത്രീകളും, 153 ട്രാൻസ് ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. സർവീസ് വോട്ടുകളുടെ പൂർണ്ണരൂപം ഇനിയും ലഭ്യമാകാനുണ്ട്. വോട്ടെണ്ണൽ ദിവസം വരെ ലഭിക്കാവുന്ന സർവീസ് വോട്ടുകൾ നിലവിൽ 53,984 ആണ്. പോളിങ് കണക്കുകൾ പുറത്തുവിടാൻ കമ്മീഷന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ കൃത്യമായ വിവരങ്ങൾ ക്രോഡീകരിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിവരരേഖാ ചിത്രം എ ഐ നിർമ്മിതം
വിവിധ വിഭാഗങ്ങളിലായി രേഖപ്പെടുത്തിയ പോസ്റ്റൽ വോട്ടുകളുടെ വിവരങ്ങളും കമ്മീഷൻ പങ്കുവെച്ചു. നിലവിലെ കണക്കനുസരിച്ച് ആകെ 3,68,193 പോസ്റ്റൽ വോട്ടുകളാണ് ഉള്ളത്. ഇതിൽ മുതിർന്ന പൗരന്മാർ (96.3%), ഭിന്നശേഷിക്കാർ (60,734 പേർ), അത്യാവശ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ (32,172 പേർ) എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. കൂടാതെ, വീടുകളിൽ ഇരുന്ന് വോട്ട് ചെയ്തവരുടെ (Home Vote) ശതമാനം 96.7 ആണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥരും (96.37%) തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കമ്മീഷന്റെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ കൂട്ടിച്ചേർത്തു. ഒരുവിധത്തിലുള്ള ആശയക്കുഴപ്പങ്ങൾക്കും ഇടമില്ലെന്നും കൃത്യമായ കണക്കുകൾ ശേഖരിക്കാൻ ആവശ്യമായ സമയം മാത്രമാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുമ്പ് 1987-ൽ രേഖപ്പെടുത്തിയ 80.54 ശതമാനമാണ് പോളിംഗിലെ റെക്കോർഡ്.
More read വോട്ട് രേഖപ്പെടുത്തുന്നതിൽ റെക്കോര്ഡിട്ട് സ്ത്രീ വോട്ടർമാർ ;7.25% അധികം

