മുന്നണികളുടെ ക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തിരിക്കുന്നത് മൂലം ആണോ എന്നും സംശയം
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ (Assembly Election 2026) സ്ത്രീ വോട്ടർമാർ കൂട്ടത്തോടെ എത്തി വോട്ട് രേഖപ്പെടുത്തി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെ സ്ത്രീ വോട്ടർമാരിൽ 81.19% പേർ ഇക്കുറി പോളിങ് ബൂത്തിലെത്തി (women voters). ഇത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7.25% വർധനവാണ് കാണിക്കുന്നത്. പുരുഷന്മാരുടെ പോളിങ് ശതമാനത്തേക്കാൾ 6% കൂടുതലാണ് സ്ത്രീകളുടെ പങ്കാളിത്തം എന്നത് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കേരളത്തിലെ 1,39,21,868 സ്ത്രീ വോട്ടർമാരിൽ 1,13,03,164 പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. എന്നാൽ പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം 75.19 മാത്രമാണ്. എണ്ണത്തിൽ നോക്കിയാൽ പുരുഷന്മാരേക്കാൾ ഏകദേശം 13.6 ലക്ഷം കൂടുതൽ സ്ത്രീകൾ ഇക്കുറി വോട്ട് ചെയ്തു. മുന്നണികൾ മുന്നോട്ടുവെച്ച ക്ഷേമപദ്ധതികളും സ്ത്രീസൗഹൃദ വാഗ്ദാനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്ത്രീകളെ ഇത്രയധികം പോളിങ് ബൂത്തുകളിലേക്ക് ആകർഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2021-ൽ 73.94 ശതമാനവും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 71.86 ശതമാനവുമായിരുന്നു സ്ത്രീ പോളിങ്. ഇതിനുമുമ്പ് സ്ത്രീ പങ്കാളിത്തം 80 ശതമാനത്തിന് മുകളിൽ പോയത് 1987-ൽ (80.58%) മാത്രമായിരുന്നു. ആ റെക്കോർഡാണ് ഇത്തവണ വഴിമാറിയത്. കൂടാതെ, സ്ത്രീ-പുരുഷ വോട്ടർമാരുടെ ശതമാനക്കണക്കിൽ ഇത്ര വലിയൊരു അന്തരം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ദൃശ്യമാകുന്നത്.
(പ്രതീകാത്മക ചിത്രം, എ ഐ നിർമ്മിതം)
More read കേരള നിയമസഭാ 2026: 38% സ്ഥാനാർത്ഥികൾ ക്രിമിനൽ കേസ് പ്രതികൾ; എഡിആർ റിപ്പോർട്ട്
