പുറംഭാഗത്തെ ഏകദേശം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കുകയും ചെയ്യും.
Image credit : NASA
നാസയുടെ ചരിത്രപ്രധാനമായ Artemis II (ആർട്ടെമിസ് 2) ചന്ദ്ര ദൗത്യം അതിന്റെ ഏറ്റവും നിർണ്ണായകമായ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദീർഘകാലത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം 4 ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന സംഘം ഭൂമിയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നു. അമേരിക്കൻ പ്രാദേശിക സമയം ഏപ്രിൽ 10-നും ഇവിടുത്തെ സമയം ഏപ്രിൽ 11-ന് പുലർച്ചെ 5.37-നുമാണ് പേടകം ഭൂമിയിൽ തിരിച്ചിറങ്ങുക. സാൻ ഡിയേഗോ തീരത്തോട് ചേർന്നുള്ള പസഫിക് സമുദ്രത്തിലെ (Pacific Ocean) നിശ്ചിത ഭാഗത്താണ് ഒറയോൺ ഇന്റഗ്രിറ്റി എന്ന ബഹിരാകാശ പേടകം വീഴുന്നത്. ഇങ്ങനെ സമുദ്രത്തിൽ പതിക്കുന്നതിന് ശാസ്ത്രലോകം 'സ്പ്ലാഷ് ഡൗൺ'(Splashdown) എന്നാണ് വിളിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെ അതിരുകളിലേക്ക് പ്രവേശിക്കുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപായി ഒറയോൺ പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപെടുത്തുന്ന സങ്കീർണ്ണമായ പ്രക്രിയ നടക്കും(Orion Service Module separation process). യാത്രികർ ഇരിക്കുന്ന പ്രധാന ക്യാപ്സ്യൂളിന്റെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഈ വേർപെടുത്തൽ അത്യന്താപേക്ഷിതമാണ്. അതീവ ജാഗ്രത വേണ്ട 'Re-entry' (ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നത്) ഘട്ടമാണിത്. ഈ സമയത്ത് കടലിൽ നിന്ന് പേടകത്തെയും അതിലെ അംഗങ്ങളെയും സുരക്ഷിതമായി വീണ്ടെടുക്കുന്നതിനായി അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി മുർത്ത എന്ന പ്രത്യേക കപ്പൽ സർവ്വ സജ്ജമായി സമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ടാകും. നാവികസേനയും നാസയും സംയുക്തമായാണ് ഈ റെസ്ക്യൂ ഓപ്പറേഷൻ നിയന്ത്രിക്കുന്നത്.
പേടകം സമുദ്രോപരിതലത്തിൽ പതിക്കുന്നതിന് മുൻപ് തന്നെ അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററുകളും ഡ്രോണുകളും ആകാശത്തുനിന്ന് നിരീക്ഷണം ആരംഭിക്കും. പേടകം വെള്ളത്തിൽ ഒഴുകി നിൽക്കുമ്പോൾ, അതിനുള്ളിൽ നിന്ന് മാരകമായ വിഷവാതകങ്ങളോ രാസവസ്തുക്കളോ ചോരുന്നില്ലെന്ന് മുങ്ങൽ വിദഗ്ധർ നേരിട്ടെത്തി ഉറപ്പുവരുത്തും. ഈ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ ചന്ദ്രനെ ചുറ്റി വന്ന ആർട്ടെമിസ് 2 സംഘത്തെ പുറത്തെടുക്കൂ (ARTEMIS II Crew). പേടകത്തിൽ നിന്ന് മാറ്റുന്ന 4 യാത്രികരെയും ഹെലികോപ്റ്റർ മാർഗ്ഗം കപ്പലിലെത്തിക്കും. അവിടെ വെച്ച് അടിയന്തര വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം അവരെ ഹൂസ്റ്റണിലെ പ്രശസ്തമായ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക് മാറ്റുന്നതാണ്.(NASA's Artemis II mission)
ദൗത്യം അവസാനഘട്ടത്തിലാണെങ്കിലും ഏറ്റവും ആവേശകരവും അപകടകരവുമായ നിമിഷങ്ങൾ ഇനിയും ബാക്കിയുണ്ട്. ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ഘട്ടമാണ് (Re-entry) ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായമുണ്ടെങ്കിലും പ്രകൃതിശക്തികളോടുള്ള മല്ലിടൽ എന്ന നിലയിൽ ഈ ഘട്ടം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. 4 ബഹിരാകാശ യാത്രികരും(Astronaut) സുരക്ഷിതരായി തിരിച്ചെത്തുന്നതുവരെ തന്റെ രക്തസമ്മർദ്ദം ഉയർന്ന നിലയിലായിരിക്കും എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ദൗത്യത്തിന്റെ തീവ്രതയെക്കുറിച്ച് പറഞ്ഞത്.
ഓറയോൺ പേടകം . Image credit : NASA
ഭൂമിക്ക് ഏകദേശം 122 കിലോമീറ്റർ മുകളിൽ വെച്ചാണ് ഒറയോണിന്റെ സർവീസ് മൊഡ്യൂൾ യാത്രികരുടെ ക്യാപ്സ്യൂളിൽ നിന്ന് വേർപെടുന്നത്(Orion Service Module separation process). തുടർന്ന് ക്യാപ്സ്യൂൾ മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ എന്ന അവിശ്വസനീയമായ വേഗതയിൽ അന്തരീക്ഷത്തിലേക്ക് കുതിക്കും. ഈ വേഗത പേടകത്തിന് മുന്നിലുള്ള വായു തന്മാത്രകളെ ശക്തമായി ഞെരുക്കുകയും ഇത് ക്യാപ്സ്യൂളിന്റെ പുറംഭാഗത്തെ ഏകദേശം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ കുറച്ച് മിനിറ്റുകളോളം, ഈ ശക്തമായ ഞെരുക്കത്താൽ രൂപപ്പെടുന്ന ഒരു പ്ലാസ്മ കവചം വാഹനത്തിന് ചുറ്റും രൂപപ്പെടുകയും യാത്രികർക്കും മിഷൻ കൺട്രോളും തമ്മിലുള്ള എല്ലാ റേഡിയോ ആശയവിനിമയവും തടസപ്പെടുകയും ചെയ്യും.
അന്തരീക്ഷത്തിലെ കഠിനമായ താപനിലയെ അതിജീവിച്ച ശേഷം ഒറയോണിന്റെ വേഗത മണിക്കൂറിൽ ഏകദേശം 480 കിലോമീറ്ററായി കുറയ്ക്കുന്നതിന് 2 പാരച്ചൂട്ടുകൾ ആദ്യം വിടരും. തുടർന്ന് മറ്റ് 3 പൈലറ്റ് പാരച്ചൂട്ടുകളും പിന്നീട് 3 പ്രധാന പാരച്ചൂട്ടുകളും കൃത്യമായ ഇടവേളകളിൽ തുറക്കും. ഈ പാരച്ചൂട്ടുകൾ കടലിൽ പതിക്കുന്നതിന് തൊട്ടുമുമ്പ് ക്യാപ്സ്യൂളിനെ മണിക്കൂറിൽ ഏകദേശം 27 കിലോമീറ്റർ എന്ന സുരക്ഷിതമായ വേഗതയിലേക്ക് എത്തിക്കും. ഇത്രയും വലിയൊരു പേടകത്തിന്റെ വേഗത ഇത്രത്തോളം കുറയ്ക്കുന്നത് യാത്രക്കാരുടെ സുരക്ഷിതമായ ലാൻഡിംഗിന് അത്യന്താപേക്ഷിതമാണ്.
ഒറയോണിന്റെ അടിയിലുള്ള ഹീറ്റ് ഷീൽഡ് (Heat shield) ആണ് യാത്രികരെ പുറത്തെ അതിതീവ്ര താപനിലയിൽനിന്ന് പൂർണ്ണമായി സംരക്ഷിക്കുന്നത്. എന്നാൽ മുൻപ് നടന്ന ആർട്ടെമിസ് 1 ദൗത്യത്തിൽ ഈ ഹീറ്റ് ഷീൽഡിന് ചില സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് ശാസ്ത്രജ്ഞർക്കിടയിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. 2022-ൽ നാസ ആളില്ലാതെ നടത്തിയ പരീക്ഷണ പറക്കലിന് ശേഷം ഒറയോൺ ക്യാപ്സ്യൂൾ വീണ്ടെടുത്തപ്പോൾ ഹീറ്റ് ഷീൽഡിൽ നിന്നുള്ള വസ്തുക്കൾ തകർന്നു വീണതായി എഞ്ചിനീയർമാർ കണ്ടെത്തിയിരുന്നു. വിഭാവനം ചെയ്ത രീതിയിൽ അത് പ്രവർത്തിക്കാത്തത് വലിയ ആശങ്കയാണ് അന്ന് ഉണ്ടാക്കിയത്.
രൂപകൽപ്പന ചെയ്ത സമയത്ത് പ്രതീക്ഷിച്ച രീതിയിലല്ല ഷീൽഡ് പ്രവർത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞു. ഷീൽഡ് നിർമിച്ച വസ്തുക്കൾക്കുള്ളിൽ കുടുങ്ങിയ വാതകങ്ങൾ സമ്മർദ്ദം വർധിപ്പിക്കുകയും തീവ്രമായ ചൂടേറ്റ് അതിൽ വിള്ളലുണ്ടാകുകയും ചെയ്തതായി എഞ്ചിനീയർമാർ വിശദമായ പരിശോധനയിൽ കണ്ടെത്തി. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആർട്ടെമിസ് 2 ദൗത്യത്തിൽ ഒറയോണിന്റെ തിരിച്ചുവരവ് പാതയിൽ മാറ്റം വരുത്താൻ നാസ തീരുമാനിച്ചു. പേടകം അന്തരീക്ഷത്തിലേക്ക് കൂടുതൽ ചെരിഞ്ഞ പാതയിലൂടെ സഞ്ചരിക്കാനാണ് പുതിയ തീരുമാനം. ഇത് താപനിലയുടെ ആഘാതം കുറയ്ക്കുമെന്നും യാത്രികരുടെ സുരക്ഷ ഉറപ്പാക്കുമെന്നും നാസ വിലയിരുത്തുന്നു.
അതേസമയം ഭൂമിയിലേക്കുള്ള മടക്കയാത്രയിലെ അപകടസാധ്യതകളെക്കുറിച്ച് ദൗത്യം പ്രഖ്യാപിച്ച 2023 ഏപ്രിൽ മുതൽ താൻ ചിന്തിക്കുന്നുണ്ടെന്ന് ആർട്ടെമിസ്-2 പൈലറ്റ് വിക്ടർ ഗ്ലോവർ. ബുധനാഴ്ച ബഹിരാകാശത്തുനിന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദൗത്യസംഘത്തിലെ അംഗങ്ങളായ റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോക്ക്, ജെറെമി ഹാൻസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കാനഡക്കാരനായ ജെറെമി ഹാൻസൻ ഒഴികെ മറ്റെല്ലാവരും അമേരിക്കൻ പൗരന്മാരാണ്. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശത്തു നിന്ന് ആർട്ടെമിസ്-2 യാത്രക്കാർ അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
More read ‘എർത്ത്സെറ്റ്’ ; 'അസ്തമയഭൂമി'യെ പകർത്തി ആർട്ടെമിസ് II സംഘം ; സൂര്യഗ്രഹണവും

