യാത്രികർക്കൊപ്പം കാരോളിന്റെ പേരും ചരിത്രത്തിൽ അടയാളപ്പെടുത്തി.
സൂര്യഗ്രഹണം
Image credit : NASA
നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യത്തിലെ യാത്രികർ 2026 ഏപ്രിൽ 6-ന് ചന്ദ്രന്റെ മറുഭാഗത്തുനിന്നും (Far side) ഭൂമിയുടെ അതിമനോഹരമായ ഭൂമിയുടെ അസ്തമയ ചിത്രം പകർത്തി. 'എർത്ത്സെറ്റ്' (Earthset Image)എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ദൃശ്യത്തിൽ, വെളുത്ത മേഘാവൃതമായ നീല ഭൂമി ചന്ദ്രന്റെ പരുക്കൻ ഉപരിതലത്തിന് പിന്നിലേക്ക് സാവധാനം അസ്തമിക്കുന്നത് വ്യക്തമായി കാണാം. 1968-ൽ അപ്പോളോ 8 ദൗത്യത്തിനിടെ ബിൽ ആൻഡേഴ്സ് പകർത്തിയ വിഖ്യാതമായ 'എർത്ത്റൈസ്'(Earthrise-ഭൂമിയുടെ ഉദയം) ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓറിയോൺ പേടകത്തിൽ നിന്നുള്ള ഈ പുതിയ ദൃശ്യമെന്ന് നാസ വിലയിരുത്തുന്നു. ചന്ദ്രനെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യ ദൗത്യമായിരുന്നു അപ്പോളോ 8 എങ്കിൽ, 58 വർഷങ്ങൾക്ക് ശേഷം ആ ഓർമ്മകളെ പുതുക്കുകയാണ് ആർട്ടെമിസ് II.
ചന്ദ്രന്റെ മറുപുറത്തുകൂടി സഞ്ചരിക്കുമ്പോൾ യാത്രികർ അവിടുത്തെ ഭൂപ്രകൃതിയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി. ഉൽക്കാപതനങ്ങൾ മൂലം രൂപപ്പെട്ട ഗർത്തങ്ങൾ, പുരാതനമായ ലാവാ പ്രവാഹങ്ങൾ, ചന്ദ്രന്റെ പരിണാമ ദശയിൽ ഉണ്ടായ വിള്ളലുകൾ, വരമ്പുകൾ എന്നിവ അവർ നിരീക്ഷിക്കുകയും ക്യാമറയിൽ പകർത്തുകയും ചെയ്തു. ഉപരിതലത്തിലെ നിറം, തെളിച്ചം, ഘടന എന്നിവയിലുള്ള വ്യത്യാസങ്ങൾ ശാസ്ത്രലോകത്തിന് ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നൽകാൻ സഹായിക്കും. പർവതങ്ങളും ലാവകളും നിറഞ്ഞ ഒറിയന്റൽ ഗർത്തമേഖലയുൾപ്പെടെയുള്ള ചന്ദ്രന്റെ മറുവശത്തെ കാഴ്ചകൾ നേരിട്ട് കാണാൻ സാധിച്ച ആദ്യ മനുഷ്യർ എന്ന ബഹുമതിയും ഈ ദൗത്യത്തിലെ നാലംഗ സംഘത്തിന് സ്വന്തമായി. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവരായിരുന്നു ആ സംഘാംഗങ്ങൾ.
(ഭൂമിയുടെ അസ്തമയം-ചന്ദ്രൻറെ പശ്ചാത്തലത്തിൽ)
Image credit : NASA
ഈ യാത്രയ്ക്കിടെ മറ്റൊരു വിസ്മയകരമായ കാഴ്ചയ്ക്കും അവർ സാക്ഷ്യം വഹിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വെച്ച് സൂര്യൻ ചന്ദ്രന് പിന്നിൽ മറയുന്ന അപൂർവമായ സൂര്യഗ്രഹണത്തിന്റെ (Solar Eclipse)ചിത്രങ്ങൾ അവർ എടുത്തു. മനുഷ്യചരിത്രത്തിൽ വളരെ ചുരുക്കം പേർക്ക് മാത്രം നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ഒന്നായിരുന്നു ബഹിരാകാശത്തു നിന്നുള്ള ഈ സൂര്യഗ്രഹണം.
ഈ ദൗത്യത്തിലെ ഏറ്റവും വികാരാധീനമായ നിമിഷം ഉണ്ടായത് ഭൂമിയിൽ നിന്നും 4,06,773 കിലോമീറ്റർ അകലെ വെച്ചാണ്. ഇതുവരെ ഒരു മനുഷ്യനും സഞ്ചരിച്ചിട്ടില്ലാത്ത ഈ ദൂരപരിധിയിൽ വെച്ച് അവർ ചന്ദ്രന്റെ ഉപരിതലത്തിൽ ശോഭയോടെ കാണപ്പെട്ട ഒരു പുതിയ ഉൽക്കാഗർത്തം കണ്ടെത്തി. ഗ്ലുഷ്കോ ഗർത്തത്തിന്റെ വടക്കുപടിഞ്ഞാറായി കണ്ട ആ വിള്ളലിന് 'കാരോൾ' എന്ന പേരാണ് അവർ നൽകിയത്. ദൗത്യത്തിന്റെ കമാൻഡറായ റീഡ് വൈസ്മാന്റെ പരേതയായ ഭാര്യ കാരോൾ വൈസ്മാനോടുള്ള ആദരസൂചകമായിരുന്നു ആ നാമകരണം. 2020-ൽ 46-ാം വയസ്സിൽ കാൻസർ ബാധിച്ച് മരിച്ച കാരോൾ ഒരു നേഴ്സായിരുന്നു. മിഷൻ കൺട്രോളിലിരുന്ന് റീഡ് വൈസ്മാന്റെ മക്കളായ എല്ലിയും കാതറിനും ഈ പ്രഖ്യാപനം കേട്ടപ്പോൾ വൈകാരികമായ ഒരു അന്തരീക്ഷം അവിടെ രൂപപ്പെട്ടു. ഔദ്യോഗികമായി ഈ പേര് അംഗീകരിക്കാൻ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ അനുമതി ആവശ്യമാണെങ്കിലും, ആ യാത്രികർക്കൊപ്പം കാരോളിന്റെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
ചന്ദ്രന്റെ മറുപുറത്തെ നിർണായക വിവരങ്ങൾ ശേഖരിച്ചും വിവിധ പരീക്ഷണങ്ങൾ പൂർത്തിയാക്കിയും പേടകം ഇപ്പോൾ ഭൂമിയിലേക്കുള്ള മടക്കയാത്രയിലാണ്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രിയോടെ ചന്ദ്രന്റെ ആകർഷണവലയത്തിൽ നിന്ന് പുറത്തുകടന്ന ഓറിയോൺ, വെള്ളിയാഴ്ച പസഫിക് സമുദ്രത്തിൽ സാൻ ഡീഗോ തീരത്തിന് സമീപം പാരച്യൂട്ടുകളുടെ സഹായത്തോടെ ലാൻഡ് ചെയ്യും.
More read Artemis II ; ഭൂമിയിൽ നിന്ന് ഏറെ അകലെ സഞ്ചരിച്ച് അവർ ചന്ദ്രൻറെ മറുപാതി കണ്ടു

