സംസ്ഥാനത്ത് 23 ദിവസം നീണ്ടുനിന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശീല വീണു (assembly election 2026). ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ പരസ്യപ്രചാരണം അവസാനിച്ചതിനെത്തുടർന്ന് സംസ്ഥാനം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. പതാകകളും വാഹനങ്ങളുമായി പ്രധാന ജംഗ്ഷനുകളിൽ ഒത്തുചേർന്ന മൂന്ന് മുന്നണികളുടെയും പ്രവർത്തകർ കൊട്ടിക്കലാശം വർണ്ണാഭമാക്കി. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികൾ ക്രെയിനുകളിൽ ഉയർന്ന് അണികളെ അഭിവാദ്യം ചെയ്തത് ആവേശം വർധിപ്പിച്ചു. അതേസമയം, 2018-ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ യുഡിഎഫ് കലാശക്കൊട്ടിൽ നിന്ന് വിട്ടുനിന്നു.
ആവേശത്തോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പട്ടാമ്പിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് ലാത്തി വീശി. എറണാകുളം തോപ്പുംപടിയിൽ സമയം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാത്തതിനെ ചൊല്ലി പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പള്ളുരുത്തിയിൽ കൊടി കീറിയത് ചോദ്യം ചെയ്ത ഡിസിസി സെക്രട്ടറി എൻ.ആർ. ശ്രീകുമാറിന് മർദനമേറ്റു. പറവൂരിൽ പ്രചാരണത്തിനിടെ തത്തപ്പിള്ളി സ്വദേശിയായ അലി (70) എന്ന കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചതും ദുഃഖകരമായ വാർത്തയായി.
തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്ര ശേഖറിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സേനയെ വിന്യസിച്ചു. ആകെ 30,471 പോളിങ് ബൂത്തുകളിലായി 2,500 എണ്ണം പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി 76,203 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ ലോക്കൽ പൊലീസിന് പുറമെ സ്പെഷ്യൽ ഓഫിസർമാരും 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഉൾപ്പെടുന്നു. വോട്ടർമാർ തങ്ങളുടെ പേരും പോളിങ് സ്റ്റേഷനും കൃത്യമാണെന്ന് ഉറപ്പുവരുത്തി വോട്ടവകാശം വിനിയോഗിക്കാൻ തയ്യാറെടുക്കുകയാണ്.
More read 2021 ൽ നൽകിയ വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്
