യാത്രാസംഘം ഒറിയോണിൽ നിന്ന് ലാൻഡറിലേക്ക് പ്രവേശിച്ച് അതിലെ ജീവൻ രക്ഷാ സംവിധാനങ്ങൾ പരിശോധിക്കും.
Photo credit : NASA
യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, തങ്ങളുടെ വരാനിരിക്കുന്ന 'ആർട്ടെമിസ് 3' (Artemis III) ബഹിരാകാശ ദൗത്യത്തിനുള്ള യാത്രാസംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാവിയിൽ മനുഷ്യന് ചന്ദ്രനിലേക്ക് മടങ്ങാനുള്ള വഴിതുറക്കുന്ന നിർണ്ണായക ദൗത്യത്തിനായി ഫ്രാങ്ക് റൂബിയോ, ആന്ദ്രെ ഡഗ്ലസ്, ലൂക്ക പാർമിറ്റാനോ, റാണ്ടി ബ്രെസ്നിക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് ചൊവ്വാഴ്ച നാസ തിരഞ്ഞെടുത്തത് (NASA astronauts ). കൂടാതെ, പരിചയസമ്പന്നനായ ടെസ്റ്റ് പൈലറ്റ് ബോബ് ഹെയ്ന്റ്സിനെ ബാക്കപ്പ് ക്രൂ അംഗമായും നിശ്ചയിച്ചിട്ടുണ്ട്. 2027 അവസാനത്തോടെ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതും രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്നതുമായ ഈ ദൗത്യത്തിൽ, ബഹിരാകാശത്ത് വെച്ച് വിവിധ ലാൻഡറുകൾ പരസ്പരം ഘടിപ്പിക്കുന്നതിനും (docking) വ്യത്യസ്ത ഗവേഷണങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. ഇത് ഭാവിയിൽ ചന്ദ്രനിൽ നടത്താനിരിക്കുന്ന ലാൻഡിങ്ങിന് മുന്നോടിയായുള്ള ഒരുക്കമാണ്.
ബഹിരാകാശ മേഖലയിൽ തങ്ങളുടെ പ്രധാന എതിരാളികളായ ചൈനയെ മറികടക്കുക എന്നതും ഈ ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. 2030 ആകുമ്പോഴേക്കും ചന്ദ്രനിൽ മനുഷ്യനെ ഇറക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തിനുള്ള അമേരിക്കയുടെ മറുപടി കൂടിയാണ് ഈ നീക്കങ്ങൾ. ഇതിന് മുൻപ് 2026 ഏപ്രിലിൽ, ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ ചുറ്റിവന്ന ആർട്ടെമിസ് 2 (Artemis II)ദൗത്യത്തിലൂടെ ഒറിയോൺ (Orion) പേടകത്തിന്റെ പ്രവർത്തനക്ഷമതയാണ് പരീക്ഷിച്ചതെങ്കിൽ, ഇത്തവണ കൂടുതൽ സങ്കീർണ്ണമായ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് നാസയും സഖ്യകക്ഷികളും ശ്രമിക്കുന്നത്.
സ്വകാര്യ കമ്പനികളായ ബ്ലൂ ഒറിജിൻ (Blue Origin) , സ്പേസ് എക്സ് (SpaceX) എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഈ ദൗത്യത്തിൽ, ഭാവി ചാന്ദ്രയാത്രകൾക്ക് സഹായകരമാകുംവിധം ഭൂമിയുടെ അന്തരീക്ഷം, ബഹിരാകാശ കാലാവസ്ഥ, ഒറിയോൺ പേടകത്തിനുള്ളിലെ അന്തരീക്ഷം എന്നിവയെക്കുറിച്ച് നാസ വിശദമായ ശാസ്ത്രീയ പഠനങ്ങൾ നടത്തും. അടുത്തിടെ ബ്ലൂ ഒറിജിൻ നടത്തിയ റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടത് ആശങ്കകൾക്ക് കാരണമായിരുന്നുവെങ്കിലും, ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നാസയും പങ്കാളികളും.
ഭൂമിയുടെ ഭ്രമണപഥത്തിൽ നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലേറി ഒറിയോൺ പേടകത്തിൽ എത്തുന്ന നാല് ബഹിരാകാശ സഞ്ചാരികൾ, അവിടെ വെച്ച് സ്വകാര്യ വാണിജ്യ പങ്കാളികളായ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് എന്നിവരുടെ ലാൻഡറുകളുമായി സുരക്ഷിതമായി ഡോക്ക് ചെയ്യും. വ്യത്യസ്ത ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ പരസ്പരം സംയോജിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഭാവിയിൽ ചന്ദ്രനിൽ സുരക്ഷിതമായി മനുഷ്യരെ ഇറക്കുന്നതിന് മുന്നോടിയായി ജീവൻ രക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് (orbital tests).
ഇതിനായി ബ്ലൂ ഒറിജിൻ കമ്പനി തങ്ങളുടെ 'മാർക്ക് 1' (Mark one) എന്ന പരീക്ഷണ ലാൻഡർ വിക്ഷേപിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. 90 ദിവസത്തോളം ബഹിരാകാശത്ത് നിലനിർത്താൻ കഴിയുന്ന ഈ ലാൻഡറുമായി നാസയുടെ ഒറിയോൺ പേടകം ഏകദേശം രണ്ട് ദിവസത്തോളം ബന്ധിപ്പിച്ചു നിർത്തും. ഈ സമയത്ത് യാത്രാസംഘം ഒറിയോണിൽ നിന്ന് ലാൻഡറിലേക്ക് പ്രവേശിച്ച് അതിലെ ജീവൻ രക്ഷാ സംവിധാനങ്ങൾ പരിശോധിക്കുകയും, സീറോ ഗ്രാവിറ്റിയിൽ (ഭാരമില്ലായ്മയിൽ) സ്പേസ് സ്യൂട്ട് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലിക്കുകയും ചെയ്യും.
ബ്ലൂ ഒറിജിൻ ലാൻഡറുമായുള്ള പരീക്ഷണങ്ങൾക്ക് ശേഷം വേർപെടുന്ന ഒറിയോൺ പേടകം, അടുത്തതായി സ്പേസ് എക്സ് സജ്ജീകരിക്കുന്ന 'സ്റ്റാർഷിപ്പ് വി 3' ലാൻഡറുമായി ഡോക്ക് ചെയ്യും. പ്രത്യേക ഡോക്കിങ് അഡാപ്റ്ററോട് കൂടിയ ഈ ലാൻഡറുമായി ഒറിയോൺ പേടകം ഏകദേശം ഒരു ദിവസത്തോളം ഘടിപ്പിച്ചു നിർത്തുകയും, വിവിധ ഹാർഡ്വെയർ, പ്രൊപ്പൽഷൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും. ഈ സങ്കീർണ്ണമായ പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും യാത്രാസംഘം ഒറിയോൺ പേടകത്തിൽ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങുക.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ആണ് നാസയുടെ ആദ്യത്തെ എച്ച്.എൽ.എസ് (HLS) കരാർ സ്വന്തമാക്കിയത്; ഇതിനായി അവർ വികസിപ്പിക്കുന്ന ലാൻഡറാണ് 'സ്റ്റാർഷിപ്പ് എച്ച്.എൽ.എസ് ' (Starship HLS). സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റ് സംവിധാനമായ 'സ്റ്റാർഷിപ്പ്' പേടകത്തിന്റെ ചന്ദ്രനിലിറങ്ങാൻ പാകത്തിലുള്ള പ്രത്യേക പതിപ്പാണിത്. അതേസമയം, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ നേതൃത്വം നൽകുന്ന സഖ്യത്തിനാണ് നാസയുടെ രണ്ടാമത്തെ ലാൻഡർ കരാർ ലഭിച്ചിരിക്കുന്നത്. വിമാനം നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനികളായ ബോയിങ്(Boeing), ലോക്ഹീഡ് മാർട്ടിൻ (Lockheed Martin), ഡ്രേപ്പർ(Draper) എന്നിവരുമായി സഹകരിച്ചാണ് ബ്ലൂ ഒറിജിൻ ഈ ലാൻഡർ നിർമിക്കുന്നത്.
More read ആർട്ടെമിസ് II അമ്പിളിയെ ചുറ്റി തിരിച്ചെത്തി ; പസഫിക്കിൽ 'സ്പ്ലാഷ് ഡൗൺ'
