നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. താൻ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള ബോബി ചെമ്മണൂരിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി എ. അഭിരാമി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.
എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബോബിയുടെ അനുകൂലികൾ റോഡിൽ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
പരിശോധന കൃത്യമായി നടന്നില്ലെന്ന് ആരോപിച്ചായിരുന്നു അനുയായികളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. തന്റെ കാലിന് പരുക്കുണ്ടെന്ന് ജയിലിലെത്തിയ ബോബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രഷര്‍ ഡൗണായിരുന്നു, ഇപ്പോള്‍ ശരിയായെന്നും ബോബി പറഞ്ഞു. ജില്ലാ കോടതിയില്‍ അടുത്തദിവസം ജാമ്യത്തിന് ശ്രമിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 12.30ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം പൂർത്തിയായി. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെ നിന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. തുടർന്ന് കോടതി മുറിയിൽ വിശ്രമിക്കാൻ കോടതി അനുമതി നൽകി. അതിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി.