പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്. പി ജയരാജന്, എം വി ജയരാജന് അടക്കം പ്രമുഖ നേതാക്കള്‍ ജയിലിനു പുറത്ത് പ്രതികളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവമായ കെ വി കുഞ്ഞിരാമന്, കെ. മണികണ്ഠന് (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), രാഘവന് വെളുത്തോളി (രാഘവന് നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ വി ഭാസ്കരന് എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.
നാലു പ്രതികളെ മുതിർന്ന നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ സിപിഎം നേതാക്കളെ സ്വീകരിക്കാൻ പി. ജയരാജനും എം.വി. ജയരാജനും ജയിലിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ജയിലിന് പുറത്തെത്തിയവരെ മറ്റു നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് രക്തഹാരമണിയിച്ച് സ്വീകരിച്ചു.
അതേസമയം പെരിയ ഇരട്ടക്കൊലകേസിൽ പ്രതിചേർക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായെന്ന് ജയിലിൽ നിന്ന് പുറത്തെത്തിയ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ. സിപിഎം കൊലയാളി രാഷ്ട്രീയ പാർട്ടിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെന്നും പൂർണമായും കുറ്റവിമുക്തരാകുന്നത് വരെ നീതിക്കായി പോരാടുമെന്നും കുഞ്ഞിരാമൻ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കുഞ്ഞിരാമൻ അവകാശപ്പെടുന്നത്. സിബിഐ ബോധപൂർവം കേസെടുക്കുകയായിരുന്നു. സിബിഐയുടെ ഗൂഢാലോചന പൊളിഞ്ഞെന്നും കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് തന്നെയായിരുന്നു സിപിഎം പ്രാദേശിക നേതാവ് കെ.മണികണ്ഠൻ്റെയും പക്ഷം. നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.
സിബിഐ കേസെടുത്തതിന് കിട്ടിയ തിരിച്ചടിയാണ് പെരിയ കേസിലെ കോടതി വിധിയെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. "നീതിന്യായ കോടതിയിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പെരിയ കേസിലെ വിധി തെളിയിക്കുന്നത്. സിപിഎം വിരുദ്ധ ജ്വരത്തിന് ലഭിച്ച മറുമരുന്നാണ്. ക്രൈംബ്രാഞ്ച് കൃത്യമായി തന്നെയാണ് കേസ് അന്വേഷിച്ചത്," പി. ജയരാജൻ പറഞ്ഞു.