തീഗോളം കണക്കെ അന്തരീക്ഷത്തിലൂടെ പേടകം താഴേക്ക് പതിച്ചുകൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടു.
Image credit : NASA
ഹൂസ്റ്റണിലെ ഗ്രൗണ്ട് കൺട്രോൾ റൂം ആ നിമിഷങ്ങളിൽ പൂർണ്ണമായും നിശബ്ദമായിരുന്നു. ചന്ദ്രനെ വലംവെച്ചുകൊണ്ടുള്ള പത്തുദിവസത്തെ ഐതിഹാസിക പര്യവേഷണം പൂർത്തിയാക്കി ആർട്ടെമിസ്2 ഓറിയോൺ പേടകം (Artemis II Orion Spacecraft Return) ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നിർണ്ണായക ദിനം. ആദ്യ ഒൻപത് ദിവസങ്ങൾ തടസ്സങ്ങളില്ലാതെ കടന്നുപോയെങ്കിലും, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു പത്താം ദിവസം. ശബ്ദത്തേക്കാൾ മുപ്പത് മടങ്ങ് അധികം വേഗതയിൽ, അതായത് മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിൽ ഭൗമാന്തരീക്ഷത്തിലേക്ക് കുതിച്ചിറങ്ങുന്ന പേടകത്തിനുള്ളിൽ നാല് മനുഷ്യജീവനുകളുണ്ടായിരുന്നു. ഈ വേളയിൽ പേടകത്തിന് പുറത്തെ താപനില 2,760 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു; ഇത് സൂര്യോപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ഭൂമിയിലുള്ളവരും ബഹിരാകാശ സഞ്ചാരികളും ഒരുപോലെ ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങളായിരുന്നു അത്.
അന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ കടുത്ത ചൂടിൽ രൂപപ്പെട്ട ചുവന്ന പ്ലാസ്മയാൽ ഓറിയോൺ പേടകം (Orion Spacecraft) ആവരണം ചെയ്യപ്പെട്ടു. ഒരു തീഗോളം കണക്കെ അന്തരീക്ഷത്തിലൂടെ പേടകം താഴേക്ക് പതിച്ചുകൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും നിലയ്ക്കുകയും ആറ് മിനിറ്റ് നീണ്ട 'ബ്ലാക്ക് ഔട്ട്' പ്രതിഭാസം ആരംഭിക്കുകയും ചെയ്തു. അതുവരെയുള്ള ദൃശ്യങ്ങൾ ഗ്രൗണ്ട് കൺട്രോൾ റൂമും ലോകം മുഴുവനും തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
ആർട്ടെമിസ് 2 സംഘാംഗങ്ങളെ പേടകത്തിൽ നിന്ന് പുറത്തെടുക്കുന്നു.
Image credit : NASA
ആറ് മിനിറ്റുകൾക്ക് ശേഷം പേടകത്തിന്റെ പാരച്യൂട്ടുകൾ വിജയകരമായി വിടർന്നു. കൺട്രോൾ റൂമിലെ നിശബ്ദതയെ മുറിച്ചുകൊണ്ട് മിഷൻ കമാൻഡർ റീഡ് വൈസ്മാന്റെ സന്ദേശം എത്തി: "ഹൂസ്റ്റൺ. ഇന്റഗ്രിറ്റി. നിങ്ങളുടെ ശബ്ദം ഞങ്ങൾക്ക് വ്യക്തമായി കേൾക്കാം."
2022-ൽ മനുഷ്യരില്ലാതെ നടത്തിയ ആർട്ടെമിസ് 1 പരീക്ഷണത്തിനിടെ ഹീറ്റ് ഷീൽഡിന് അപ്രതീക്ഷിതമായി കേടുപാടുകൾ സംഭവിച്ചത് നാസയെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു. ആ അപകടസാധ്യത ഒഴിവാക്കാൻ ഇത്തവണ കൂടുതൽ ലംബമായതും ദൈർഘ്യം കുറഞ്ഞതുമായ പാതയിലൂടെയാണ് പേടകത്തെ ഭൂമിയിലേക്ക് എത്തിച്ചത്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന ഹീറ്റ് ഷീൽഡ് (Orion Heat Shield) ഈ കഠിനമായ ചൂടിനെ അതിജീവിക്കുമോ എന്നതിലായിരുന്നു ഏവരുടെയും പ്രതീക്ഷ. ആ വിശ്വാസം തകർക്കാതെ താപ കവചം സഞ്ചാരികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കി.
യാത്രികരുടെ കുടുംബാംഗങ്ങളും നാസ ഉദ്യോഗസ്ഥരും ആകാംക്ഷയോടെ കാത്തിരുന്ന ഹൂസ്റ്റൺ കൺട്രോൾ റൂമിൽ അതോടെ വലിയ ആശ്വാസവും കൈയടികളും നിറഞ്ഞു. വൈകാതെ ശാന്തസമുദ്രത്തിൽ പേടകം സുരക്ഷിതമായി ലാൻഡ് (Artemis II Splashdown) ചെയ്തു.
അങ്ങനെ അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള ആർട്ടെമിസ് II ദൗത്യം പസഫിക് സമുദ്രത്തിൽ വിജയകരമായി അവസാനിച്ചു. ഏപ്രിൽ 6-ന് ചന്ദ്രന്റെ അങ്ങേപ്പുറം (Lunar Far Side) സന്ദർശിച്ച നാല് സഞ്ചാരികളും പത്തുദിവസത്തെ തന്റെ ചരിത്രയാത്ര കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തി. 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ ചന്ദ്രൻറെ മറുപുറം കാണുന്നത്.
ചന്ദ്രനെ ചുറ്റി തിരിച്ചെത്തിയ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.07-നാണ് ഭൗമാന്തരീക്ഷത്തിലേക്ക് കടന്നത്. തുടർന്ന് 5.37-ഓടെ സാന്റിയാഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ പതിച്ചു. ശബ്ദത്തേക്കാൾ 33 മടങ്ങ് വേഗതയിൽ (Mach 33) അന്തരീക്ഷത്തിൽ പ്രവേശിച്ച ഓറിയോൺ, പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗത കുറച്ച് മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് സമുദ്രോപരിതലത്തിൽ സ്പർശിച്ചത്, വീണു എന്നതാണ് ശരി.
Image credit : NASA
ശനിയാഴ്ച പുലർച്ചെ 5.37-ന് പേടകം കടലിൽ പതിച്ചെങ്കിലും ഏറെ സമയത്തിന് ശേഷമാണ് യാത്രികർ പുറത്തെത്തിയത്. യുഎസ് സമയം വെള്ളിയാഴ്ച വൈകുന്നേരം 5.07-നായിരുന്നു (ഇഡിടി രാത്രി 8.07 - eastern daylight time ) ലാൻഡിംഗ് എങ്കിലും ഒന്നര മണിക്കൂറിന് ശേഷം, അതായത് ഏകദേശം 6.37-ന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7.03) ആയിരുന്നു ആദ്യ ആർട്ടെമിസ് II ക്രൂവിനെ പുറത്തിറക്കിയത് (Artemis 2 Crew Recovery). ഓറിയോൺ കടലിൽ പതിച്ച് മിനിറ്റുകൾക്കുള്ളിൽ യുഎസ് നേവിയുടെ മുങ്ങൽ വിദഗ്ധരുടെ സംഘം ബോട്ടുകളിൽ പേടകത്തിനടുത്തെത്തി പരിശോധനകൾ നടത്തി. വാതക ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം നാസ ഉദ്യോഗസ്ഥർ അകത്തു കയറി പരിശോധിച്ചു. പിന്നീടാണ് നേവിയുടെ സഹായത്തോടെ നാല് സഞ്ചാരികളെയും ഓരോരുത്തരെയായി പ്രത്യേകം തയ്യാറാക്കിയ ബോട്ടുകളിലേക്ക് മാറ്റിയത്. പേടകത്തിൽ നിന്ന് ഏറെ ദൂരം യാത്രികരെ വഹിച്ചുകൊണ്ട് ജല വാഹനം നീങ്ങി. തുടർന്ന് അവിടെ നിന്നു തന്നെ ചന്ദ്രന് ചുറ്റിവന്ന യാത്രികരെ ഓരോരുത്തരെയായി ഹെലികോപ്റ്ററിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. ഹെലികോപ്റ്റർ മാർഗ്ഗം കപ്പലിലെത്തിച്ച ശേഷം പ്രാഥമിക വൈദ്യപരിശോധനകൾ പൂർത്തിയാക്കി അവരെ കരയിലേക്ക് കൊണ്ടുപോയി.
Image credit : NASA
2026 ഏപ്രിൽ 10 വെള്ളിയാഴ്ച വൈകുന്നേരം 5.07-ന് (ഇഡിടി രാത്രി 8.07) കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപമാണ് പേടകം കടലിലിറങ്ങിയത്. നാസയുടെ റിക്കവറി ടീമും യുഎസ് സൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റിന കോക്ക്, ജെറമി ഹാൻസൺ (കാനഡ) എന്നിവർ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് നാസ സ്ഥിരീകരിച്ചു.
Image credit : NASA
"നമ്മുടെ നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ സംബന്ധിച്ച അത്ഭുതകരമായ കാഴ്ചകളിലേക്കാണ് മനുഷ്യരാശിയെ നയിച്ചത്. അവർ ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും വരുംതലമുറകൾക്ക് വലിയ പ്രചോദനമാകും," എന്ന് നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. നിക്കി ഫോക്സ് അഭിപ്രായപ്പെട്ടു.
ഭൂമിയിൽ നിന്നും 4,06,771 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഈ ദൗത്യം പുതിയൊരു റെക്കോർഡ് കൂടി സ്ഥാപിച്ചു. 1970-ലെ അപ്പോളോ 13 മിഷനേക്കാൾ 6,400 കിലോമീറ്റർ അധികം ദൂരം ഇവർ പിന്നിട്ടു. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തുകൂടി മനുഷ്യൻ നടത്തുന്ന ഏറ്റവും ദൂരമേറിയ യാത്രയായി ഇത് മാറി. യാത്രയ്ക്കിടെ പേടകത്തിലെ ശൗചാലയത്തിന്റെ തകരാർ, കുടിവെള്ള-പ്രൊപ്പല്ലന്റ് സിസ്റ്റങ്ങളിലെ വാൽവ് പ്രശ്നങ്ങൾ, കണക്റ്റിവിറ്റി തടസ്സങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഇവർക്ക് നേരിടേണ്ടി വന്നു.
എങ്കിലും നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ സൂചിപ്പിച്ചതുപോലെ, മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലെ വലിയൊരു ചുവടുവെപ്പാണിത്. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനും ഭാവിയിൽ ചൊവ്വാ ദൗത്യങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള വലിയ പദ്ധതികളുടെ തുടക്കമാണിത്.
More readആർട്ടെമിസ് II ഭൂമിയോട് അടുക്കുന്നു ; അപകടകരമായ 'സ്പ്ലാഷ് ഡൗൺ'




