ചിത്രത്തിന് കടപ്പാട്: BSNL India / X
മൊബൈൽ നെറ്റ്വർക്കുകളോ ടവറുകളോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിലും തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കാൻ പുതിയ സാറ്റലൈറ്റ് ഫോൺ (Satellite Phone) അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL).അനുമതിയുള്ളവർക്കായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റിന് 1,34,166 രൂപയാണ് വില വരുന്നത്. രാജ്യവ്യാപകമായി 99,000 ഫോർജി (4G) സൈറ്റുകൾ സ്ഥാപിച്ച് മുന്നേറുന്നതിനിടയിലാണ് ബിഎസ്എൻഎല്ലിന്റെ ഈ പുതിയ ചുവടുവെപ്പ്.
സാധാരണ സ്മാർട്ട്ഫോണുകൾ മൊബൈൽ ടവറുകളെ ആശ്രയിച്ച് പ്രവർത്തിക്കുമ്പോൾ, ഈ ഫോൺ ഉപഗ്രഹങ്ങളുമായി നേരിട്ടാണ് ബന്ധിപ്പിക്കപ്പെടുന്നത്. ആഗോള സാറ്റലൈറ്റ് നെറ്റ്വർക്ക് രംഗത്തെ പ്രമുഖരായ ഇൻമാർസാറ്റുമായി (Inmarsat) സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്സെറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൊബൈൽ കവറേജ് ഒട്ടുമില്ലാത്ത ഉൾപ്രദേശങ്ങളിലും വോയ്സ് കോളുകൾ സുഗമമായി ചെയ്യാൻ ഇത് സഹായിക്കും. കഠിനമായ കാലാവസ്ഥകളെയും വീഴ്ചകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള റഗ്ഗ്ഡ് ഡിസൈനിലാണ് (Rugged Design) ഫോൺ നിർമ്മിച്ചിരിക്കുന്നത്. ചാർജിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വനങ്ങളിലോ കടലിലോ ദിവസങ്ങളോളം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ബാറ്ററി ബാക്കപ്പും, അപകടഘട്ടങ്ങളിൽ സഹായം അഭ്യർത്ഥിക്കാനുള്ള പ്രത്യേക എസ്.ഒ.എസ് (SOS) എമർജൻസി സപ്പോർട്ടും ഇതിന്റെ പ്രധാന സവിശേഷതകളാണ്.
ഈ സാറ്റലൈറ്റ് ഫോൺ സാധാരണക്കാർക്ക് വിപണിയിൽ നിന്ന് നേരിട്ട് വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇത് കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ ഇത്തരം ഫോണുകൾ കൈവശം വെക്കുന്നത് ഇന്ത്യൻ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിരോധ മേഖല, ദുരന്ത നിവാരണ സേനകൾ, സമുദ്രയാനം നടത്തുന്നവർ, ഖനന തൊഴിലാളികൾ, വൻകിട വ്യവസായ ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുകൂടാതെ വനമേഖലകളിലൂടെയും ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുന്ന തീർഥാടകർക്കും സാഹസിക സഞ്ചാരികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ വ്യക്തിഗത ആവശ്യങ്ങൾക്ക് ഇതിന് നിയന്ത്രണങ്ങളുണ്ടാകും.
ഈ സാറ്റലൈറ്റ് ഫോൺ സേവനത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസുമായോ അല്ലെങ്കിൽ 9768866652 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
