"സെമി-ഹെവി" വാട്ടർ ഒരു നക്ഷത്രാന്തര വസ്തുവിൽ ആദ്യമായി കണ്ടെത്തുകയായിരുന്നു.
Image credit : NASA
സൗരയൂഥത്തിന്റെ അതിരുകൾക്കപ്പുറമുള്ള പ്രപഞ്ചത്തിന്റെ അജ്ഞാതകോണിൽനിന്ന് നമ്മെ തേടിയെത്തിയ അതിഥിയായിരുന്നു 3I/ATLAS എന്ന ധൂമകേതു. ശാസ്ത്രലോകത്ത് ഏറെ ദുരൂഹതകൾ സൃഷ്ടിച്ച ഈ അന്യഗ്രഹവസ്തു, അന്യഗ്രഹ ജീവികളുടെ (Alien) വാഹനമാണെന്നുപോലും ചില ഗൂഢാലോചന സിദ്ധാന്തക്കാർ വാദിച്ചിരുന്നു. 2025 ജൂലൈ 1-നാണ് ശാസ്ത്രജ്ഞർ ഈ നക്ഷത്രാന്തര ധൂമകേതുവിനെ (Interstellar Comet) ആദ്യമായി കണ്ടെത്തുന്നത്. സൂര്യന്റെ ഗുരുത്വാകർഷണ പരിധിയിൽ പെടാതെ 3I/ATLAS വ്യാഴത്തിന്റെ ഭ്രമണപഥവും കടന്ന് പ്രപഞ്ചത്തിന്റെ ഇരുണ്ട ശൂന്യതയിലേക്ക് മടങ്ങി. അതിൻറെ സഞ്ചാര രീതി അനുസരിച്ച് ഇനി ഒരിക്കലും ഭൂമിയുടെ വിരുന്നുകാരനായി തിരികെ വരാത്ത വിധം അകലങ്ങളിലേക്ക്, പോകും മുൻപ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശാസ്ത്രലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
സൗരയൂഥത്തിന് വെളിയിൽനിന്നെത്തുന്ന നക്ഷത്രാന്തര വസ്തുക്കളിൽ ആദ്യത്തേത് 2017-ൽ കണ്ടെത്തിയ 'ഓമുവമുവ'യും (1I/Oumuamua), രണ്ടാമത്തേത് 2019-ലെ 'ബോറിസോവ്' (2I/Borisov) എന്ന ധൂമകേതുവുമായിരുന്നു. ഈ പരമ്പരയിലെ മൂന്നാമത്തെ അതിഥിയാണ് 3I/ATLAS. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) പിന്തുണയോടെ ചിലിയിൽ പ്രവർത്തിക്കുന്ന അറ്റ്ലസ് (ATLAS) ദൂരദർശിനിയാണ് ഇതിനെ കണ്ടെത്തിയത്; അതിനാലാണ് ധൂമകേതുവിന് ഈ പേര് ലഭിച്ചത്. ഹൈപ്പർബോളിക് പാതയിലൂടെ മണിക്കൂറിൽ ഏകദേശം 1.37 ലക്ഷം മൈൽ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. അതുകൊണ്ട് ഇനി സൗരയൂഥത്തിലേക്ക് ഒരു മടങ്ങി വരവില്ല.
ഏകദേശം 1.5 മൈൽ (2.41 കിലോമീറ്റർ) വ്യാസമുള്ള പാറയും മഞ്ഞും നിറഞ്ഞ,ഈ ധൂമകേതുവിന്റെ രാസഘടന ഗവേഷകരെ ഏറെ അത്ഭുതപ്പെടുത്തി. അതിന് കാരണം സാധാരണയായി പാറകളിൽ കാണപ്പെടുന്ന സിലിക്കേറ്റുകൾ പരൽ രൂപത്തിലോ (crystalline) രൂപരഹിതമായോ (amorphous) ആണ് ഉണ്ടാകാറുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ ഇവ പരൽ രൂപത്തിലാണെങ്കിൽ, 3I/ATLAS-ൽ രൂപരഹിതമായാണ് കാണപ്പെട്ടത്. വലിയ പ്രക്ഷുബ്ധതകളൊന്നുമില്ലാത്ത, തികച്ചും ശാന്തമായ ഒരു അന്യഗ്രഹ വ്യൂഹത്തിന്റെ പുറംഭാഗത്താണ് ഇത് രൂപംകൊണ്ടതെന്നാണ് ശാസ്ത്രജ്ഞർ ഇതിൽനിന്ന് അനുമാനിക്കുന്നത്.
കൂടാതെ, ഇതിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. സൗരയൂഥത്തിലെ ധൂമകേതുക്കളെ അപേക്ഷിച്ച് 30 മടങ്ങ് അധികം ഹെവി വാട്ടർ ഇതിലുണ്ട്.മനുഷ്യന് സങ്കൽപ്പിക്കാവുന്നതിലും അപ്പുറം അത്യന്തം തണുപ്പുള്ള മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിനും (-400°F / 30 Kelvin) താഴെയുള്ള അന്തരീക്ഷത്തിൽ മാത്രമേ ഈ പ്രതിഭാസം സംഭവിക്കൂ. മിഷിഗൺ സർവകലാശാലയിലെ ലൂയിസ് ഇ. സലസാർ മാൻസാനോയും സംഘവും അൽമ അറേ (ALMA) റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, "സെമി-ഹെവി" വാട്ടർ (ഡ്യൂട്ടറേറ്റഡ് ജലം) ഒരു നക്ഷത്രാന്തര വസ്തുവിൽ ആദ്യമായി കണ്ടെത്തുകയായിരുന്നു. ഈ ജലത്തിന്റെ അളവ് സൗരയൂഥ ധൂമകേതുക്കളേക്കാൾ 30 മടങ്ങും ഭൂമിയിലെ സമുദ്രങ്ങളിലുള്ളതിനേക്കാൾ 40 മടങ്ങും കൂടുതലാണ്. ഇത് നമ്മുടേതിനേക്കാൾ പഴക്കമേറിയതും അത്യന്തം ശൈത്യമുള്ളതുമായ മറ്റൊരു നക്ഷത്രവ്യവസ്ഥയിൽനിന്ന് വന്നതാണെന്ന് വ്യക്തമാകുന്നു.
ഡ്യൂട്ടേറിയം-ഹൈഡ്രജൻ അനുപാതം കൃത്യമായി അളക്കാൻ സാധിച്ചത് സൗരയൂഥത്തിന് പുറത്തുനിന്നെത്തുന്ന വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിലും അതിന്റെ ജന്മസ്ഥലമായ ദൂരസ്ഥ നക്ഷത്ര വ്യവസ്ഥയുടെ ചരിത്രം മനസ്സിലാക്കുന്നതിലും വലിയൊരു വഴിത്തിരിവാണ്. അന്യഗ്രഹജീവികളുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണങ്ങൾക്ക് ഉത്തരം കണ്ടെത്താൻ യുഎസിലെ SETI (Search for Extraterrestrial Intelligence) ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഈ ധൂമകേതുവിൽ പ്രത്യേക പഠനം നടത്തി. സാങ്കേതിക വിദ്യയുടെ തെളിവുകളായ 'ടെക്നോ-സിഗ്നേച്ചറുകൾ' അഥവാ പ്രകൃതിദത്തമല്ലാത്ത നാരോബാൻഡ് റേഡിയോ സിഗ്നലുകൾ ഇതിലുണ്ടോ എന്ന് ആലൻ ടെലിസ്കോപ്പ് അറേ -"ആലൻ ദൂരദർശിനി ശൃംഖല" (Allen Telescope Array -ATA) ഉപയോഗിച്ച് സോഫിയ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴ് മണിക്കൂറിലധികം നിരീക്ഷിച്ചു. 1 മുതൽ 9 ഗിഗാഹെർട്സ് വരെയുള്ള ഫ്രീക്വൻസികളിലായിരുന്നു ഈ തെരച്ചിൽ.
(ഒന്നിലധികം ആന്റിനകൾ/ടെലിസ്കോപ്പുകൾ ഒരുമിച്ച് ബന്ധിപ്പിച്ച് ഒരു ഒറ്റ സിസ്റ്റമായി പ്രവർത്തിപ്പിക്കുന്ന ശൃംഖലയെയാണ് ശാസ്ത്രരംഗത്ത് 'അറേ' എന്ന് വിളിക്കുന്നത്.Allen Telescope Array - ഈ പ്രോജക്റ്റിന് സാമ്പത്തിക സഹായം നൽകിയ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ ആലന്റെ (Paul Allen) പേരാണ് ഇതി നൽകിയിരിക്കുന്നത്).
നിരീക്ഷണത്തിനിടെ ലഭിച്ച 7.4 കോടിയോളം വരുന്ന സാധ്യതാ സിഗ്നലുകളിൽ ഭൂരിഭാഗവും ഭൂമിയിലെ ഉപകരണങ്ങളിൽ നിന്നോ ഉപഗ്രഹങ്ങളിൽ നിന്നോ ഉള്ള ഇടപെടലുകളാണെന്ന് (RFI) പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.3I/ATLAS ധൂമകേതുവിൽനിന്ന് അന്യഗ്രഹ സാങ്കേതിക വിദ്യയുടെ ഒരു തെളിവും ലഭിച്ചില്ലെങ്കിലും, 10 മുതൽ 110 വാട്ട് വരെയുള്ള (ഒരു സാധാരണ ഗൃഹോപകരണത്തിന്റെ ഊർജ്ജത്തിന് തുല്യമായ) ട്രാൻസ്മിറ്റർ അവിടെയുണ്ടായിരുന്നെങ്കിൽ കണ്ടെത്താൻ കഴിയുമായിരുന്നു എന്ന് ഗവേഷകർ പറയുന്നു. മെഥനോൾ, ശീതീകരിച്ച കാർബൺ ഡൈഓക്സൈഡ് എന്നിവയുടെ സാന്നിധ്യം ഇത് തികച്ചും സ്വാഭാവികമായ ഒരു ധൂമകേതുവാണെന്ന് ഉറപ്പിക്കുന്നു. എങ്കിലും പ്രതീക്ഷ കുറവുള്ള ഇന്റർസ്റ്റെല്ലാർ വസ്തുക്കളിൽ നിന്നും ടെക്നോസിഗ്നേച്ചറുകൾക്കായുള്ള അന്വേഷണം തുടരണമെന്ന് ഗവേഷക വലേറിയ ഗാർസിയ ലോപ്പസ് (Space.com റിപ്പോർട്ട് പ്രകാരം) ചൂണ്ടിക്കാണിക്കുന്നു.
More read 3I/ATLAS : നിഗൂഡതയ്ക്ക് ഉത്തരം കണ്ടെത്തി ഗവേഷക സംഘം
ജെയിംസ് വെബ് ടെലിസ്കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ, ഇതിൽ കാർബൺ-13 (Carbon-13) ന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിനർത്ഥം പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ, അതായത് ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ് ക്ഷീരപഥത്തിന്റെ അതിർത്തിയിൽ രൂപപ്പെട്ട ഒന്നാകാം ഇതെന്ന് അനുമാനിക്കപ്പെടുന്നു. ഇത് ശരിയാണെങ്കിൽ മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ പ്രപഞ്ചവസ്തുവായിരിക്കും 3I/ATLAS. പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങളും നമ്മുടേതുപോലെ അശാന്തമല്ലെന്നും, തികച്ചും ശാന്തമായ പ്രപഞ്ചസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും തെളിയിച്ചാണ് ഈ നക്ഷത്രാന്തര അതിഥി മടങ്ങുന്നത്.
