വാൽനക്ഷത്രത്തെ കണ്ടെത്തിയത് മുതൽ അതിന്റെ അസാധാരണമായ സഞ്ചാരപഥം നിഗൂഢതക്ക് വഴിവെച്ചിരുന്നു.കൃത്രിമമായി നിർമ്മിക്കപ്പെട്ട റേഡിയോ പ്രക്ഷേപണങ്ങളുടെ യാതൊരു സൂചനയും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല.
സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവെന്ന നിലയിൽ (Interstellar object) ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ഒന്നാണ് 3I/ATLAS. 2025 ജൂലൈയിൽ ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത് മുതൽ അതിന്റെ അസാധാരണമായ സഞ്ചാരപഥം നിഗൂഢതകൾക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് ഇതിന്റെ ഉത്ഭവം സംബന്ധിച്ച നിരവധി ഊഹാപോഹങ്ങളാണ് ഉയർന്നുവന്നത്.
പ്രശസ്ത ഹാർവാഡ് ശാസ്ത്രജ്ഞൻ ആവി ലോബ് ഉൾപ്പെടെയുള്ള ചിലർ, ഈ വസ്തുവിന്റെ സ്വഭാവം സ്വാഭാവികമായ ഒന്നായിരിക്കില്ലെന്നും ഇത് അന്യഗ്രഹ ജീവികളുടെ സൃഷ്ടിയാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നാസ തുടക്കം മുതൽ ഈ വാദങ്ങളെ എതിർക്കുകയും ഇതൊരു സാധാരണ വാൽനക്ഷത്രം മാത്രമാണെന്ന് നിലപാടുകയുടുകയും ചെയ്തു. ഒടുവിൽ, പുതിയ പഠനങ്ങളിലൂടെ ഇത് അന്യഗ്രഹ പേടകമല്ലെന്നും സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ സ്വാഭാവിക വസ്തുവാണെന്നും ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരിക്കുകയാണ്.
3I/ATLAS-ൽ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് ഗവേഷകർ ഉപയോഗിച്ചത്. ലോകത്തിലെ തന്നെ ശക്തമായ റേഡിയോ ടെലിസ്കോപ്പുകളായ ഗ്രീൻ ബാങ്ക് ടെലിസ്കോപ്പും MeerKAT-ഉം ഉപയോഗിച്ച് ഈ വാൽനക്ഷത്രത്തെ വിശദമായി സ്കാൻ ചെയ്തു. എന്നാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട റേഡിയോ പ്രക്ഷേപണങ്ങളുടെ യാതൊരു സൂചനയും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല.
More read3I/ATLAS ഭൂമിയെ കടന്നുപോയി : പ്രതികരണവുമായി റഷ്യൻ പ്രസിഡൻറ്
അന്യഗ്രഹ സാങ്കേതികവിദ്യയുടെ അടയാളങ്ങൾ കണ്ടെത്താനുള്ള ആവേശകരമായ ഒരു ശ്രമമായിരുന്നു ഇതെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകൻ ബെഞ്ചമിൻ ജേക്കബ്സൺ-ബെൽ വ്യക്തമാക്കി. സിഗ്നലുകളൊന്നും ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായിരുന്നെങ്കിലും, ശാസ്ത്രീയമായ സ്ഥിരീകരണത്തിനായി ഇത്തരം പരിശോധനകൾ അത്യാവശ്യമായിരുന്നുവെന്ന് അദ്ദേഹം സ്പേസ്.കോമിനോട് (Space.com) പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്താനാകാത്തത് ഇത് പ്രകൃതിദത്തമായ വസ്തുവാണെന്നതിന് തെളിവായി.
2025 ഡിസംബർ 19-ന് 3I/ATLAS ഭൂമിക്ക് ഏറ്റവും അരികിലെത്തിയിരുന്നു. ഏകദേശം 269 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെയാണ് ഇത് കടന്നുപോയത്. നിലവിൽ സൗരയൂഥത്തിന് പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ വാൽനക്ഷത്രത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്നത് ശാസ്ത്രജ്ഞർ ഇപ്പോഴും തുടരുന്നുണ്ട്. വരും വർഷങ്ങളിലും ഇതിന്റെ ഘടനയെയും സഞ്ചാരത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരീക്ഷണത്തിനായി ഉപയോഗിച്ച ഗ്രീൻ ബാങ്ക് ടെലിസ്കോപ്പിന്റെ കൃത്യത അത്ഭുതപ്പെടുത്തുന്നതാണ്. 100 മീറ്റർ വീതിയുള്ള ഈ റേഡിയോ ഡിഷിന് വെറും 0.1 വാട്ട്സ് ശേഷിയുള്ള സിഗ്നലുകൾ പോലും തിരിച്ചറിയാൻ സാധിക്കും. സാധാരണ സ്മാർട്ട്ഫോണുകൾ 1-വാട്ട് ലെവലിലാണ് തരംഗങ്ങൾ പുറപ്പെടുവിക്കുന്നത് എന്നോർക്കണം. അതായത്, ഒരു മൊബൈൽ ഫോണിനേക്കാൾ പത്ത് മടങ്ങ് ദുർബലമായ സിഗ്നലുകൾ പോലും ഈ വാൽനക്ഷത്രത്തിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതോടെ അന്യഗ്രഹ പേടകമെന്ന വാദം പൂർണ്ണമായും തള്ളിക്കളയാം.
അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ് (GBT), ലോകത്തിലെ ഏറ്റവും വലിയതും പൂർണ്ണമായും ചലിപ്പിക്കാൻ സാധിക്കുന്നതുമായ റേഡിയോ ടെലിസ്കോപ്പാണ്. ഏകദേശം 100 മീറ്റർ വീതിയുള്ള ഭീമാകാരമായ ഒരു റേഡിയോ ഡിഷാണ് ഇതിന്റെ പ്രധാന ആകർഷണം. ഏകദേശം രണ്ട് ഫുട്ബോൾ മൈതാനങ്ങളോളം വലിപ്പമുള്ള ഈ ഉപകരണം, പ്രപഞ്ചത്തിന്റെ വിദൂര കോണുകളിൽ നിന്നുള്ള അതിസൂക്ഷ്മമായ റേഡിയോ തരംഗങ്ങൾ പോലും പിടിച്ചെടുക്കാൻ ശേഷിയുള്ളതാണ്.
ഈ ടെലിസ്കോപ്പിന്റെ ഏറ്റവും വലിയ സവിശേഷത അത് സ്ഥിതി ചെയ്യുന്ന 'നാഷണൽ റേഡിയോ ക്വയറ്റ് സോൺ'(Radio Quiet Zone) എന്ന പ്രത്യേക മേഖലയാണ്. റേഡിയോ സിഗ്നലുകൾക്ക് കർശന നിയന്ത്രണമുള്ള ഈ പ്രദേശത്ത് മൊബൈൽ ഫോണുകളോ വൈഫൈ സംവിധാനങ്ങളോ അനുവദനീയമല്ല. ഭൂമിയിൽ നിന്നുള്ള മറ്റ് റേഡിയോ തരംഗങ്ങളുടെ തടസ്സമില്ലാതെ ബഹിരാകാശത്തെ നിരീക്ഷിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ഒരു സാധാരണ സ്മാർട്ട്ഫോൺ പുറപ്പെടുവിക്കുന്ന സിഗ്നലിനേക്കാൾ പതിനായിരം മടങ്ങ് ദുർബലമായ തരംഗങ്ങൾ പോലും തിരിച്ചറിയാൻ ഇതിന് സാധിക്കും.
അന്യഗ്രഹ ജീവന്റെ സാന്നിധ്യം തിരയുന്ന സെറ്റി (SETI) പോലുള്ള പദ്ധതികളിൽ ഈ ടെലിസ്കോപ്പ് നിർണ്ണായക പങ്ക് വഹിക്കുന്നു. കൂടാതെ, തമോഗർത്തങ്ങൾ, പൾസറുകൾ, ഗാലക്സികൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിനും 3I/ATLAS പോലുള്ള നക്ഷത്രാന്തര വസ്തുക്കളുടെ നിരീക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു. 17 ദശലക്ഷം പൗണ്ട് ഭാരമുണ്ടെങ്കിലും, ആകാശത്തിന്റെ ഏത് ഭാഗത്തേക്കും തിരിഞ്ഞ് നിരീക്ഷണം നടത്താൻ സാധിക്കുന്ന ഇതിന്റെ അത്യാധുനിക എഞ്ചിനീയറിംഗ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
രസകരമായ ഒരു വസ്തുത ഗ്രീൻ ബാങ്ക് പട്ടണത്തിൽ റേഡിയോ തരംഗങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പകരം പഴയ തരം സംവിധാനങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
