അതിന് നിങ്ങൾ വിചാരിക്കുംപോലെ കാലങ്ങളോ യുഗങ്ങളോ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി
Image Source: Wikimedia Commons
പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ (83)(madhav gadgil) അന്തരിച്ചു. ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം വ്യാഴം വൈകിട്ട് നാലിന് നടക്കും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട ഈ സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് (Gadgil Committee report) കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ അദ്ദേഹത്തിന് ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കായിരുന്നു ഈ പുരസ്കാരം. രാജ്യം പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പൂനെയില്‍ 1942 മെയ് 24നാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം. അമ്മ പ്രമീള. അച്ഛന് പ്രശസ്ത സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം അദ്ദേഹം മാധവ് ഗണിത-പരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിലെ ഈ മികവ് പിൽക്കാലത്തെ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് വലിയ അടിത്തറയായി മാറി.
1973 മുതല്‍ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു പ്രത്യേക വിഭാഗം തന്നെ ആരംഭിക്കുകയുണ്ടായി. സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും ഗാഡ്ഗില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
'എന്നെ തള്ളിപ്പറഞ്ഞവർ സുഖമായി ജീവിക്കുന്നു, എനിക്കെതിരെ തെരുവിലിറങ്ങിയ പാവങ്ങൾ മണ്ണിനടിയിലും'; ഗാഡ്ഗിൽ
കേരളത്തിൽ ഉരുൾപൊട്ടലോ പ്രളയമോ ഉണ്ടാകുമ്പോൾ വാർത്തകളിൽ ആവർത്തിക്കപ്പെടുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഇന്ന് മാധവ് ഗാഡ്ഗിൽ ലോകത്തോട് വിട പറഞ്ഞിട്ടും അദ്ദേഹവും അദ്ദേഹത്തിന്റെ റിപ്പോർട്ടും എക്കാലവും പ്രസക്തിയോടെ നിലനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. പശ്ചിമഘട്ടം മുഴുവൻ സഞ്ചരിച്ച് സാധാരണക്കാരുമായി സംസാരിച്ച അദ്ദേഹം, പശ്ചിമഘട്ട ജൈവ വിദഗ്ദ്ധ സമിതിയുടെ തലവനായപ്പോൾ നൽകിയ റിപ്പോർട്ടാണ് വിവാദമായത്.
2013-ലെ ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ വസ്തുതയും മുന്നറിയിപ്പും ഇങ്ങനെയായിരുന്നു: 'പശ്ചിമഘട്ടമാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുംപോലെ കാലങ്ങളോ യുഗങ്ങളോ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി! അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങൾക്കു മനസിലാകും!' ഈ വാചകങ്ങൾക്ക് പ്രവചന സ്വഭാവമുണ്ടായിരുന്നുവെന്ന് ഇന്ന് കേരളവും മലയാളികളും തിരിച്ചറിയുകയാണ്. വയനാട് ദുരന്തവും രാജമല പെട്ടിമുടി ദുരന്തവും ആ തിരിച്ചറിവാണ്.
2020 ഓഗസ്റ്റ് ആറിന് രാജമല പെട്ടിമുടിയിൽ 66 പേരുടെ ജീവനെടുത്ത ദുരന്തത്തിനു ശേഷം ഗാഡ്ഗിൽ പറഞ്ഞത് ഇങ്ങനെയാണ്: 'എന്നെ തള്ളിപ്പറഞ്ഞവർ സുഖമായി, സുരക്ഷിതരായി ജീവിക്കുന്നു. എനിക്കെതിരെ തെരുവിലിറക്കപ്പെട്ട പാവങ്ങൾ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ...' മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയുടെ പേര് 'പശ്ചിമഘട്ടം: ഒരു പ്രണയകഥ' എന്നാണ്. ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പരിസ്ഥിതിപ്രവർത്തകൻ ബിസ്മാർക്കിനാണ് ആത്മകഥയുടെ സമർപ്പണം. കേരളത്തിൽ നിന്നു തുടങ്ങി ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ട മലനിരകൾ നമ്മെ സംരക്ഷിച്ചു നിറുത്തുന്ന ഹരിത പുതപ്പാണ്.
എന്താണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്?
ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ ഏകദേശം 1600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രകൃതിവിഭവങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലെ കാലാവസ്ഥ, ജൈവവൈവിധ്യം, ഊർജ്ജം, വാണിജ്യം എന്നിവയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ മലനിരകൾ ഏകദേശം 25 കോടി ജനങ്ങളുടെ ജീവിതവുമായും ആവാസവ്യവസ്ഥയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, വികസനത്തിന്റെയും വാണിജ്യത്തിന്റെയും പേരിൽ നടന്ന വനനശീകരണവും പ്രകൃതിചൂഷണവും പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കി. ശുദ്ധജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം, അതിരൂക്ഷമായ ചൂടും മഴയും സാധാരണ ജനജീവിതത്തെ ദുസ്സഹമാക്കിയതോടെയാണ് പശ്ചിമഘട്ട സംരക്ഷണം എന്ന ആവശ്യം ശക്തമായത്.
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക അവസ്ഥ പഠിക്കാനും അത് സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായി 2010 മാർച്ച് 4-ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രൊഫസർ മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയിൽ 14 അംഗ വിദഗ്ദ്ധ സമിതിയെ (WGEEP) നിയോഗിച്ചു. മലയാളിയായ പരിസ്ഥിതി ശാസ്ത്രജ്ഞൻ വി.എസ്. വിജയൻ ഉൾപ്പെട്ട ഈ സമിതി, നിരവധി കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷം 2011 സെപ്റ്റംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, പരിസ്ഥിതി ലോല പ്രദേശങ്ങൾ കണ്ടെത്തുക, പ്രാദേശിക പങ്കാളിത്തത്തോടെയുള്ള വികസനം ഉറപ്പാക്കുക എന്നിവയായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
* പശ്ചിമഘട്ട പരിസ്ഥിതി അതോരിറ്റി രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.
* അനധികൃത ഖനനം പൂർണ്ണമായും നിരോധിക്കുകയും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ചെയ്യുക.
* മലിനീകരണമുണ്ടാക്കുന്ന ചുവപ്പ്, ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ പൂട്ടിക്കുക.
* ആയുസ്സ് കഴിഞ്ഞ ഡാമുകൾ ഡീകമ്മീഷൻ ചെയ്യുകയും പുതിയ വലിയ അണക്കെട്ടുകൾ ഒഴിവാക്കുകയും ചെയ്യുക.
* രാസകീടനാശിനികൾ ഒഴിവാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, മണ്ണൊലിപ്പ് തടയാൻ മിശ്രവിള തോട്ടങ്ങൾ ഉണ്ടാക്കുക.
* മലമുകളിൽ പുതിയ സുഖവാസ കേന്ദ്രങ്ങൾ അനുവദിക്കാതിരിക്കുകയും ജനിതകമാറ്റം വരുത്തിയ വിളകൾ നിരോധിക്കുകയും ചെയ്യുക.
എന്താണ് പരിസ്ഥിതി ലോലപ്രദേശങ്ങൾ?
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ഏറ്റവും കാതലായ ഘടകമാണ് പരിസ്ഥിതി ലോലമേഖലകൾ അഥവാ Ecologically Sensitive Zones (ESZ). പശ്ചിമഘട്ടം (Western Ghats) മുഴുവനായും ഒരു പരിസ്ഥിതി ലോല മേഖലയായാണ് കമ്മിറ്റി വിലയിരുത്തുന്നത്. എന്നാൽ, ഓരോ പ്രദേശത്തിന്റെയും ലോലതയ്ക്കനുസരിച്ച് അവയെ ESZ 1, ESZ 2, ESZ 3 എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ജൈവശാസ്ത്രപരമായ ഘടനകൾ (Biological factors), അതായത് അപൂർവ സ്പീഷിസുകളുടെ സാന്നിധ്യം, ജൈവവർഗ്ഗങ്ങളുടെ ആവാസവ്യവസ്ഥ, കാലാവസ്ഥ, പ്രകൃതി ദുരന്ത സാധ്യത (Hazard susceptibility), ഭൂതല സവിശേഷതകൾ തുടങ്ങിയ ഭൗമ ഘടകങ്ങളും (Geo-physical factors), ജനാഭിപ്രായം, വിദഗ്ദാഭിപ്രായം തുടങ്ങിയ സാമൂഹിക ഘടകങ്ങളും മുൻനിർത്തിയാണ് ഈ പരിസ്ഥിതി ലോലമേഖലകളെ തരം തിരിച്ചിരിക്കുന്നത്.
താലൂക്കടിസ്ഥാനത്തിലാണ് പരിസ്ഥിതിലോല മേഖലകളെ നിർണയിച്ചിരുന്നത്. ഒരു താലൂക്കും പൂർണ്ണമായും ഏതെങ്കിലുമൊരു പരിസ്ഥിതി ലോല മേഖലയ്ക്ക് കീഴിലുൾപ്പെട്ടിരുന്നില്ല. കേരളത്തിലെ 12 ജില്ലകളിലായി 15 താലൂക്കുകൾ മേഖല ഒന്നിലും, രണ്ട് താലൂക്കുകളെ മേഖല രണ്ടിലും, എട്ട് താലൂക്കുകളെ മേഖല മൂന്നിലും ഉൾപ്പെടുത്തി. ഇതിനുപുറമെ, സംസ്ഥാന സർക്കാരും പഞ്ചായത്തുകളും (Local Self Governments) സംയുക്തമായി ചേർന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളെ നിർണയിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
മണ്ടക്കൽ-പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങൾ, കുറുവ ദ്വീപ്, കുറ്റ്യാടി-പെരിയ-കൽപ്പറ്റ, നിലമ്പൂർ-മേപ്പാടി, സൈലന്റ് വാലി, മണ്ണാർക്കാട്-ശിരുവാണി-മുത്തുക്കുളം, നെല്ലിയാമ്പതി-പറമ്പിക്കുളം, പീച്ചി-വാഴാനി, പൂയ്യംകുട്ടി-തട്ടേക്കാട്-ഇടമലയാർ, മൂന്നാർ-ഇരവിക്കുളം-ചിന്നാർ, ഏലമലക്കാടുകൾ, പെരിയാർ-റാന്നി-കോന്നി-ഗൂഡ്രീക്കൽ, കുളത്തൂപ്പുഴ-തെന്മല, അഗസ്ത്യമല-നെയ്യാർ-പേപ്പാറ എന്നിവയാണ് സമിതി പ്രത്യേകം പരിഗണിച്ച പ്രധാന പരിസ്ഥിതി ലോല പ്രദേശങ്ങൾ.
എന്തുകൊണ്ട് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലായില്ല?
2011 സെപ്റ്റംബറിൽ സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തുടക്കം മുതൽക്കേ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. റിപ്പോർട്ടിന്റെ ഉള്ളടക്കം സാധാരണ ജനങ്ങൾക്ക് വായിച്ചു മനസ്സിലാക്കാൻ പാകത്തിൽ പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന കമ്മിറ്റിയുടെ ശുപാർശ സർക്കാർ പാടെ അവഗണിച്ചു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ കേരളം ഈ റിപ്പോർട്ടിനെ 'പൈശാചികം' എന്നാണ് വിശേഷിപ്പിച്ചത്. പരിസ്ഥിതിക്ക് മാത്രം അമിത പ്രാധാന്യം നൽകുന്ന റിപ്പോർട്ട് മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ കണ്ടില്ലെന്നു നടിച്ചുവെന്നും, അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്നും ഇത് ഏറെ അകലെയാണെന്നും സർക്കാർ വാദിച്ചു. പശ്ചിമഘട്ടം മുഴുവനായും പരിസ്ഥിതി ലോല മേഖലയായി (ESA) കണക്കാക്കിയതും, ഊർജ്ജ-വികസന മേഖലകളിൽ കർശനമായ വിലക്കുകൾ നിർദ്ദേശിച്ചതും വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇത്തരം നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമൊന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. കൂടാതെ, പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു പ്രത്യേക അതോറിറ്റിയുടെ (WGEA) ആവശ്യമില്ലെന്നും നിലവിലുള്ള ഭരണസംവിധാനങ്ങൾ തന്നെ ഇതിന് മതിയെന്നുമുള്ള നിലപാടിലായിരുന്നു കേരള സർക്കാർ നിലപാട്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് റിപ്പോർട്ടിലുള്ളതെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ഇത് കേട്ടുകൊണ്ട് കോട്ടയം, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിന് ഹൈറേഞ്ച് കർഷകർ ഈ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി. കർഷകരുടെ കൈവശമുള്ള റവന്യൂ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള ഗൂഢമായ ലക്ഷ്യങ്ങൾ റിപ്പോർട്ടിന് പിന്നിലുണ്ടെന്ന ആശങ്കയും ഇവർ വാദിച്ചു. തങ്ങളുടെ കൃഷിയിടങ്ങളും ഉപജീവനവും ഇല്ലാതാക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഗാഡ്ഗിൽ റിപ്പോർട്ടിലുള്ളതെന്ന് വിശ്വസിച്ച കർഷകർ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
ക്വാറി മാഫിയകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് മൂലമാണ് സാധാരണക്കാർക്കിടയിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഇത്രയധികം വിമർശനങ്ങൾ ഉയർന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയാൽ തങ്ങളുടെ ഉപജീവനമാർഗ്ഗം നഷ്ടപ്പെടുമെന്ന ധാരണ മാഫിയകൾ കർഷകർക്കിടയിൽ ബോധപൂർവ്വം സൃഷ്ടിച്ചുവെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണരൂപത്തിൽ നടപ്പിലാക്കുക എന്നത് പ്രായോഗികമായിരുന്നില്ല എന്ന വാദം നിലനിൽക്കുമ്പോഴും, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങളെ ഗൗരവമായി കാണാതെ സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞതാണ് നിലവിലെ ദുരന്തങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിന് അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. എന്നാൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഗാഡ്ഗിൽ റിപ്പോർട്ടിനെ മാത്രം പഴിചാരുന്ന രീതി ശരിയല്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സങ്കീർണ്ണമായ കാരണങ്ങൾ ദുരന്തങ്ങൾക്ക് പിന്നിലുണ്ടെന്നും, കേവലം ഒരു റിപ്പോർട്ടു കൊണ്ട് മാത്രം ഇത്തരം വലിയ പ്രതിഭാസങ്ങളെ പ്രതിരോധിക്കാനാവില്ലെന്നുമാണ് ഇവരുടെ പക്ഷം.
