ഡാനിഷ് തപാൽ സംവിധാനം ചരിത്രത്തിൻറെ ഭാഗമായി. നൂറ്റാണ്ടുകളോളം പഴക്കമുള്ള സംവിധാനമാണ് അവസാനിപ്പിച്ചത്. ഇനി ഡിജിറ്റൽ പോസ്റ്റൽ സംവിധാനത്തിലേക്കും, പാഴ്സൽ സേവനത്തിലേക്കും മാത്രമായി പ്രവർത്തനം ചുരുങ്ങും.
ഡെന്മാർക്ക് തപാൽ സംവിധാനം (denmark postal service) ഇനി ചരിത്രത്തിൻറെ ഭാഗം.അവസാന കത്തും എത്തിച്ച് നൽകി ഡെൻമാർക്ക് ചൊവ്വാഴ്ച പോസ്റ്റൽ സർവീസ് സേവനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പൂർണമായും ഡിജിറ്റൽ കമ്യൂണിക്കേഷനിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പൂർണ്ണമായും ഡിജിറ്റൽ പോസ്റ്റൽ (digital post) സംവിധാനത്തിലേക്ക് മാറുമ്പോൾ ചരിത്രമാകുന്നത് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സംവിധാനമാണ്.ഇതോടെ പോസ്റ്റൽ സർവീസ് നിർത്തലാക്കുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് ചരിത്രത്തിൻറെ ഭാഗമായി.(first country to end postal service)
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 1,500 മെയിൽബോക്സുകളാണ് നിലവിൽ പൂട്ടിയത്. പോസ്റ്റ്നോർഡിന്റെ (postnord's) 4,600 ജീവനക്കാരിൽ ഏകദേശം 1,500 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. 2000 മുതൽ രാജ്യത്ത് കത്തുകളുടെ എണ്ണം 90% കുറഞ്ഞുവെന്ന് പോസ്റ്റ്നോർഡ് 2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
2025 തുടക്കം മുതൽ തന്നെ ഡെൻമാർക്ക് മെയിൽ ബോക്സുകൾ പിൻവലിച്ചു തുടങ്ങിയിരുന്നു കത്തുകൾ, ബിസിനസ് കത്തുകൾ, ഡയറക്ട് മെയിൽ, മാഗസിൻ മെയിൽ തുടങ്ങിയ അടിസ്ഥാന പോസ്റ്റുകൾ അയക്കാനുള്ള അവസാന തീയതി ഡിസംബർ 18 ആയിരുന്നു. 2025 ഡിസംബർ 29-ഓടെ ഏജൻസി ക്വിക്ക് മെയിലുകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയും. ഡിസംബർ 31 മുതൽ അന്താരാഷ്ട്ര തപാൽ ഡെലിവറിയും നിർത്തിവെച്ചു.
ഒരുകാലത്ത് ആശയവിനിമയത്തിന് (communication) താമസിച്ചാണെങ്കിലും ലോകമെമ്പാടും പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു മാർഗം ആയിരുന്നു പോസ്റ്റൽ അല്ലെങ്കിൽ തപാൽ സംവിധാനം (postal service technology). സാങ്കേതിവിദ്യ മാറി ഇന്നു സന്ദേശങ്ങൾ ലോകത്തിന്റെ ഏത് കോണിൽ എത്താൻ സെക്കന്റുകൾ മാത്രം വന്നപ്പോൾ സ്വാഭാവികമായും തപാൽ സംവിധാനങ്ങൾക്കും മങ്ങലേറ്റു എങ്കിലും പലതും ലോകത്തിൽ ചില പരിഷ്കാരങ്ങളുടെ തുടർന്നു പോരുന്നുണ്ട്.
1624-ൽ ക്രിസ്റ്റ്യൻ നാലാമൻ (King Christian IV) രാജാവാണ് ഡെന്മാർക്കിൽ തപാൽ സംവിധാനം ആരംഭിച്ചത്. നാല് നൂറ്റാണ്ടുകൾക്ക് ശേഷം അതേ ചരിത്രം ഡിജിറ്റൽ വിപ്ലവത്തിന് വഴിമാറുന്നു എന്നത് ശ്രദ്ധേയമാണ്. പോസ്റ്റൽ സേവനങ്ങളുടെ മൊത്തം ചരിത്രം എടുക്കുകയാണെങ്കിൽ ആ കൂട്ടത്തിൽ നിന്ന് ആദ്യമായി സുവർണ്ണ കാലഘട്ടത്തിൻറെ ഓർമ്മകളിലേക്ക് മായുകയാണ് ഡെന്മാർക്കിന്റെ പോസ്റ്റൽ സർവീസ്.
ഡെന്മാർക്ക് ഇത്ര വേഗത്തിൽ ഈ തീരുമാനമെടുത്തത് അവിടുത്തെ ശക്തമായ Digital Post സംവിധാനം കാരണമാണ്. സർക്കാർ അറിയിപ്പുകൾ, ബാങ്ക് രേഖകൾ എന്നിവയെല്ലാം വർഷങ്ങളായി ഡെന്മാർക്കിൽ ഡിജിറ്റലായാണ് നടക്കുന്നത്. 2014 മുതൽ തന്നെ പൗരന്മാർക്ക് സർക്കാർ രേഖകൾ ഡിജിറ്റൽ ബോക്സ് വഴി നൽകുന്നത് അവിടെ നിർബന്ധമാക്കിയിരുന്നു.
400 വർഷത്തെ ചരിത്രമുള്ളതിനാൽ ഡാനിഷ് സ്റ്റാമ്പുകൾക്ക് (danish stamps) ലോകമെമ്പാടും വലിയ മൂല്യമുണ്ടായിരുന്നു. ഈ മാറ്റത്തോടെ ഡെന്മാർക്കിന്റെ തപാൽ മുദ്രകൾ(stamps) ഇനി മുതൽ ഫിലാറ്റലിസ്റ്റുകളുടെ (philatelists-സ്റ്റാമ്പ് ശേഖരിക്കുന്നവർ) പക്കൽ മാത്രമുള്ള അമൂല്യ വസ്തുക്കളായി മാറും.
അതേസമയം കത്തുകൾ അയക്കുന്ന മെയിൽ സർവീസ് ആണ് പ്രധാനമായും അവസാനിപ്പിച്ചത്. എന്നാൽ പാഴ്സൽ (parcel/logistics) വിതരണം ഇപ്പോഴും തുടരുന്നുണ്ട്. ഇ-കൊമേഴ്സ് രംഗം സജീവമായതിനാൽ പാഴ്സൽ ഡെലിവറി സ്വകാര്യ വിപണിയുമായി മത്സരിച്ച് പോസ്റ്റ്നോർഡ് (PostNord) തുടരും. അതായത് കത്തുകൾക്ക് മാത്രമാണ് എന്നെന്നേക്കുമായി വിട നൽകിയത്
സ്കാൻഡിനേവിയൻ രാജ്യമായ (scandinavian country) ഡെന്മാർക്കിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ കൃത്യമായി പറഞ്ഞാൽ 400 വർഷങ്ങൾക്കു മുൻപ് 1624-ൽ ക്രിസ്റ്റ്യൻ നാലാമൻ (king christian iv) രാജാവാണ് ഡാനിഷ് തപാൽ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്.
അക്കാലത്ത് എല്ലാ നാടുകളിലും നിലനിന്നതുപോലെ തുടക്കത്തിൽ രാജകീയ ഉത്തരവുകൾ എത്തിക്കാനായിരുന്നു ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.
പിന്നീട് സാധാരണക്കാർക്കും കത്തുകൾ അയക്കാൻ അനുവാദം നൽകി.കുതിരവണ്ടികളിലും കാൽനടയായും ആരംഭിച്ച ഈ യാത്ര നാല് നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ അത്യാധുനിക ഗതാഗത സംവിധാനങ്ങളിലൂടെ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിയിരുന്നു.
ഡാനിഷ് പോസ്റ്റൽ സർവീസിന്റെ ഔദ്യോഗിക ചരിത്രം തുടങ്ങുന്നത് 1624 ഡിസംബർ 24-ന് ക്രിസ്റ്റ്യൻ നാലാമൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ്. തുടക്കത്തിൽ ഒൻപത് പ്രധാന പാതകളിലൂടെ കത്തുകൾ എത്തിക്കാനായിരുന്നു പദ്ധതി. കത്തുകൾ കൊണ്ടുപോകുന്നവരെ 'പോസ്റ്റ് റൈഡേഴ്സ്' (post riders) എന്നാണ് വിളിച്ചിരുന്നത്.
ഡെന്മാർക്ക് പോസ്റ്റൽ സർവീസിന്റെ മുഖമുദ്രയായിരുന്നു പോസ്റ്റ് ഹോൺ(post horn). കത്തുമായി വരുന്ന കുതിരക്കാരൻ നഗരത്തിൽ പ്രവേശിക്കുമ്പോൾ ഈ ഹോൺ മുഴക്കുമായിരുന്നു. ഇന്നും അവിടുത്തെ പോസ്റ്റൽ ലോഗോയിൽ ഈ ചിഹ്നം കാണാം. 18-ാം നൂറ്റാണ്ടോടെ (1700-കളിൽ) തപാൽ ജീവനക്കാർക്ക് ചുവന്ന കോട്ടും മഞ്ഞ ബോർഡറുമുള്ള പ്രത്യേക യൂണിഫോം നിലവിൽ വന്നു.
പോസ്റ്റൽ മുദ്രയായ സ്റ്റാമ്പിന്റെ കാര്യത്തിലേക്ക് വന്നാൽ ബ്രിട്ടന് പിന്നാലെ ഡെന്മാർക്കും സ്റ്റാമ്പുകൾ പുറത്തിറക്കി. 1851 ഏപ്രിൽ 1-നാണ് ഡെന്മാർക്കിലെ ആദ്യത്തെ പോസ്റ്റൽ സ്റ്റാമ്പ് നിലവിൽ വന്നത്. '4 Rigsbankskilling' എന്ന മൂല്യമുള്ള ഈ സ്റ്റാമ്പ് ഒരു സ്ക്വയർ ഡിസൈനിലായിരുന്നു.ചതുരാകൃതിയിലുള്ള ഈ സ്റ്റാമ്പിൽ കിരീടവും രണ്ട് തപാൽ കൊമ്പുകളുമായിരുന്നു ഉണ്ടായിരുന്നത്.
തുടക്കത്തിൽ സ്വകാര്യ വ്യക്തികൾക്കും രാജകുടുംബത്തിനും കീഴിലായിരുന്ന തപാൽ സംവിധാനം 1711-ൽ പൂർണ്ണമായും രാജ്യത്തിന്റെ (Crown) നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് നൂറ്റാണ്ടുകളോളം സർക്കാർ തന്നെയായിരുന്നു ഇത് നടത്തിയിരുന്നത്.
2009-ൽ ഡാനിഷ് പോസ്റ്റൽ സർവീസും (post danmark) സ്വീഡിഷ് പോസ്റ്റൽ സർവീസും (posten ab) തമ്മിൽ ലയിച്ചു. അങ്ങനെയാണ് PostNord എന്ന കമ്പനി രൂപീകൃതമായത്. വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനികളിലൊന്നായി ഇത് മാറി.
