ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു (Former Bangladesh PM Khaleda Zia death). വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അവർ ചൊവ്വാഴ്ച രാവിലെ 6 മണിയോടെ ധാക്കയിലെ എവർകെയർ (അപ്പോളോ) ആശുപത്രിയിലാണ് അന്തരിച്ചത്.
ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ അണുബാധയെത്തുടർന്ന് നവംബർ 23-നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 36 ദിവസത്തോളമായി ഐസിയുവിലും മറ്റും തുടർച്ചയായ നിരീക്ഷണത്തിലായിരുന്നു. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം എന്നിവയ്ക്ക് പുറമെ വൃക്ക, ഹൃദയം, കണ്ണ് തുടങ്ങിയ അവയവങ്ങളെ ബാധിച്ച വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും അവരെ അലട്ടിയിരുന്നു. ബംഗ്ലാദേശിലെയും വിദേശത്തെയും (യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ) വിദഗ്ധ ഡോക്ടർമാരുടെ പാനലാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയിരുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നെങ്കിലും യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാൽ അത് ഒഴിവാക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക സാന്നിധ്യമായിരുന്ന ഖാലിദ സിയ (Khaleda Zia) രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്. അവിഭക്ത ഇന്ത്യയിലെ ജൽപായ്ഗുരിയിൽ ജനിച്ച ഇവർ, മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ പത്നിയാണ്. 1981-ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടതിന് ശേഷമാണ് ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (BNP Chairperson Khaleda Zia) അമരക്കാരിയായിരുന്ന അവർ മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തി. 1991-ൽ ആദ്യമായി അധികാരമേറ്റ ഖാലിദ സിയ, രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾക്കിടയിലും ഭരണം മുന്നോട്ടുകൊണ്ടുപോയി. പിന്നീട് 1996-ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അവാമി ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടർന്ന് വെറും 12 ദിവസം മാത്രമാണ് ആ ഭരണത്തിന് ആയുസ്സുണ്ടായിരുന്നത്.
തുടർന്ന് 2001-ലാണ് ഖാലിദ സിയ മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി 2006-ൽ സ്ഥാനമൊഴിഞ്ഞു. എന്നാൽ 2007-ൽ അഴിമതി ആരോപണങ്ങളെത്തുടർന്ന് അവർ അറസ്റ്റ് ചെയ്യപ്പെട്ടു. തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ വാദിച്ചിരുന്നു. 2018-ൽ അഴിമതിക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി അവർക്ക് 17 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും അവർക്ക് വിലക്ക് നേരിട്ടു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ശിക്ഷാ കാലാവധിയുടെ ഭൂരിഭാഗവും ആശുപത്രിയിൽ തന്നെയാണ് അവർ ചെലവഴിച്ചത്.
ലോകതലത്തിലും വലിയ ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു ഖാലിദ സിയ. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തെ സ്വാധീനശക്തിയുള്ള വനിതകളുടെ പട്ടികയിൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ (2004, 2005, 2006) അവർ ഇടംപിടിച്ചിരുന്നു. 2004-ൽ പട്ടികയിൽ 14-ാം സ്ഥാനത്തായിരുന്നു സിയ. ബംഗ്ലാദേശിലെ കക്ഷി രാഷ്ട്രീയത്തിനപ്പുറം ഒരു യുഗത്തിന്റെ അന്ത്യമായാണ് ഖാലിദ സിയയുടെ വേർപാടിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
