ദുരൂഹതകൾ ഉണർത്തിയ നക്ഷത്രാന്തര വസ്തു ഭൂമിയെ കടന്നുപോയി. തങ്ങളുടെ രഹസ്യ ആയുധമാണ് അതെന്ന തമാശയും ശാസ്ത്രവും കലർന്ന മറുപടിയുമായി റഷ്യൻ പ്രസിഡൻറ്.
![]() |
സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവായി (Interstellar Object) തിരിച്ചറിയപ്പെട്ട '3I/ATLAS' ഭൂമിയെ കടന്നുപോയി. ഒട്ടേറെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിവെച്ചെങ്കിലും, ഡിസംബർ 19-ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോയ ഈ വാൽനക്ഷത്രം യാതൊരുവിധത്തിലുള്ള ഭീഷണിയും ഉയർത്തിയില്ല.
ഭൂമിയിൽ നിന്ന് ഏകദേശം 27 കോടി കിലോമീറ്റർ അകലെക്കൂടിയാണ് ഇത് സഞ്ചരിച്ചത്. അതായത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ (1 AU) ഇരട്ടി അകലത്തിൽ, മണിക്കൂറിൽ ഏകദേശം 2,46,000 കിലോമീറ്റർ വേഗതയിലായിരുന്നു ഇതിന്റെ യാത്ര. ഔമുവാമുവ (Oumuamua), ബോറിസോവ് (Borisov) എന്നിവയ്ക്ക് ശേഷം നമ്മുടെ സൗരയൂഥത്തിലെത്തുന്ന മൂന്നാമത്തെ നക്ഷത്രാന്തര അതിഥിയായതിനാലാണ് ഇതിന് '3I' എന്ന പേര് നൽകിയിരിക്കുന്നത്.(3rd Interstellar object).
ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണ് ഈ പ്രതിഭാസത്തെ നോക്കിക്കാണുന്നത്. നാസയുടെ പാർക്കർ സോളാർ പ്രോബ് അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഈ വാൽനക്ഷത്രത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ഈ വസ്തുവിന് പിന്നിൽ അന്യഗ്രഹ സാങ്കേതികവിദ്യ ഉണ്ടായേക്കാം എന്ന ഹാർവാഡ് ശാസ്ത്രജ്ഞൻ ആവി ലോബിന്റെ നിരീക്ഷണങ്ങളെ യുഎസ് ബഹിരാകാശ ഏജൻസി നാസ (NASA) തള്ളിക്കളയുകയും ഇതൊരു 'നക്ഷത്രാന്തര വാൽനക്ഷത്രം' (Interstellar Comet) മാത്രമാണെന്ന് വ്യക്തമാക്കി. മാത്രമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എങ്കിലും, ഇതിലെ പൊടിപടലങ്ങൾക്കിടയിൽ ഭൂമിക്ക് പുറത്തെ ജീവന്റെ സാധ്യതകളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
More read ഭൂമിക്കടുത്തെത്താന് 3I/ATLAS
അതേസമയം 3i അറ്റ്ലസിനെ കുറിച്ച് ഒരു രാഷ്ട്രത്തലവൻ എന്ന നിലയിൽ ആദ്യമായി പ്രതികരിക്കുന്നത് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിൻ (Russian President Vladimir Putin) ആണ്.വാർത്താ സമ്മേളനത്തിനിടെ തമാശ പറഞ്ഞതും ലോകശ്രദ്ധ നേടി. റഷ്യയുടെ രഹസ്യ ആയുധമാണ് അതെന്നും അവശ്യ ഘട്ടത്തിലല്ലാതെ അത് ഉപയോഗിക്കില്ലെന്നും ആയിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടിയായി പുതിൻ പറഞ്ഞ തമാശ. 'ചോദ്യത്തിന് മറുപടി നൽകാം, പക്ഷെ അത് നമുക്കിടയിൽ മാത്രം ഒതുങ്ങണം. രഹസ്യ വിവരമാണ്. ഇത് നമ്മുടെ രഹസ്യ ആയുധമാണ്. പക്ഷെ നമ്മൾ അത് അവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കൂ. കാരണം ഞങ്ങൾ ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കുന്നതിന് എതിരാണ്'- പുതിൻ പറഞ്ഞു.
പിന്നീട് 3I/ATLAS- നെക്കുറിച്ചുള്ള ചോദ്യത്തിന് പുതിൻ ഗൗരവമായ മറുപടിയും നൽകി. 'അത് ഒരു വാൽനക്ഷത്രമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞർക്ക് അറിയാം. അത് മറ്റൊരു ഗാലക്സിയിൽ നിന്നുള്ളതാണ്. അതിനാൽ ഇത് നമ്മുടെ ഗാലക്സിയിലുള്ള വാൽനക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പെരുമാറുന്നു. സൂര്യനോട് അടുക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ വ്യത്യാസങ്ങൾ സംഭവിക്കുന്നു. അതോടെ കാര്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു. പക്ഷെ അത് വളരെ വലുതാണ്. നിങ്ങൾ സംസാരിക്കുന്ന വസ്തു ലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണ്. ഇത് നമുക്ക് ഒരു ഭീഷണിയാണെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ അതിനെ വ്യാഴത്തിലേക്ക് അയക്കും, അടുത്ത വർഷം തുടക്കത്തിൽ സൗരയൂഥം വിട്ട് പോകും.'- അദ്ദേഹം കൂട്ടിച്ചേർത്തു.
3I/ATLAS, ഇപ്പോൾ ചൊവ്വയുടെ ഭ്രമണപഥത്തിന് അടുത്തേക്ക് സഞ്ചരിക്കുന്ന വിധമാണ്. തുടർന്ന് 2026 മാർച്ചോടെ വ്യാഴത്തിന് അടുത്തേക്ക് യാത്ര തിരിക്കുന്ന ഈ വാൽനക്ഷത്രം വൈകാതെ നമ്മുടെ സൗരയൂഥം വിട്ടുപോകും.ഭൂമിയെ കടന്നുപോയ അറ്റ്ലസ് , അതിൻറെ സഞ്ചാരപാത കണക്കിലെടുക്കുമ്പോൾ ഇനി ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ല.വ്യാഴത്തിന്റെ അടുത്തുകൂടി കടന്നുപോകുമ്പോൾ, വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണം ഇതിന്റെ വേഗത വീണ്ടും വർദ്ധിപ്പിക്കും (Gravity Assist), അങ്ങനെ വരുമ്പോൾ സൗരയൂഥത്തിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഇതിന്റെ യാത്രയെ വേഗത്തിലാക്കും.
(ഭൂമിക്ക് പരമാവധി അടുത്ത് കൂടി കടന്നു പോയപ്പോൾ പകർത്തിയ ചിത്രം)
