19-ന് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൻറെ ഭ്രമണപഥം ഒരു ഹൈപ്പർബോളയുടെ ആകൃതിയിലായിരിക്കും.
![]() |
| ഹബിൾ പകർത്തിയ ചിത്രം |
നക്ഷത്രാന്തര ലോകത്തുനിന്ന് (interstellar object) സൗരയൂഥത്തിൽ പ്രവേശിച്ച മൂന്നാമത്തെ വസ്തുവായി വിലയിരുത്തപ്പെടുന്ന 3I/ATLAS ഭൂമിയുടെ ഏറ്റവുമടുത്തെത്താൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. 2025 ഡിസംബർ 19-ന് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആ സമയം ഭൂമിയിൽ നിന്ന് ഏകദേശം 292 ദശലക്ഷം കിലോമീറ്റർ (1.95 Astronomical Units) ദൂരത്തിലായിരിക്കും ഇത്. ഈ ദൂരം വളരെ വലുതായതിനാൽ ഈ വസ്തു ഭൂമിക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാക്കില്ല.
3I/ATLAS ഒരു നക്ഷത്രാന്തര വസ്തു എന്ന് വിളിക്കപ്പെടുന്നത്, ഇതിന്റെ ഭ്രമണപഥം സൂര്യന്റെ ആകർഷണത്തിൽപ്പെട്ട് സൗരയൂഥത്തിൽ നിലനിൽക്കാതെ സഞ്ചരിച്ച് വീണ്ടും നക്ഷത്രാന്തര ലോകത്തേക്ക് തിരികെ പോകുന്നതുകൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു നക്ഷത്രാന്തര വസ്തുവിന്റെ ഭ്രമണപഥം ഒരു ഹൈപ്പർബോളയുടെ ആകൃതിയിലായിരിക്കും.
ഈ വസ്തു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും, ഒരുപക്ഷേ അന്യഗ്രഹ സാങ്കേതികവിദ്യയുടെ പിൻബലമുണ്ടാകാമെന്നും ഹാർവാഡ് ശാസ്ത്രജ്ഞനായ ആവി ലോബ് അഭിപ്രായപ്പെട്ടതോടെയാണ് 3I/ATLAS ലോകശ്രദ്ധ ആകർഷിച്ചത്. ഈ സാഹചര്യത്തിൽ നാസയുടെ ഹബിൾ സ്പേസ് ടെലിസ്കോപ്പും മറ്റ് ബഹിരാകാശ ദൗത്യങ്ങളും ഇതിനെ നിരീക്ഷിച്ചു വരികയാണ്. ലോകമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ചതിനാൽ എല്ലാ ബഹിരാകാശ ഏജൻസികളും അതിന്റെ വിവരങ്ങൾ ശേഖരിക്കാൻ രാപകൽ പ്രവർത്തിക്കുന്നു.
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ 3I/ATLAS-നെ ഒരു വാൽനക്ഷത്രം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. എന്നാൽ ആവി ലോബ് ഈ വിശേഷണത്തെ തള്ളിക്കളയുന്നു. 3I/ATLAS-മായി ബന്ധപ്പെട്ട അസാധാരണമായ ചില വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത്.
ലോകം മുഴുവൻ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന 3I/ATLAS ഭൂമിക്കടുത്ത് എത്താനിരിക്കെ വിവിധ ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 3I/ATLAS-നെ നിരീക്ഷിച്ച ആദ്യത്തെ ടെലിസ്കോപ്പുകളിൽ ഒന്നായിരുന്നു ഹബിൾ. നവംബർ 30-ന് ഹബിൾ അതിന്റെ വൈഡ് ഫീൽഡ് ക്യാമറ 3 ഉപയോഗിച്ച് വീണ്ടും നിരീക്ഷിച്ചു. അപ്പോൾ ബഹിരാകാശ വസ്തു ഭൂമിയിൽ നിന്ന് 286 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു. കൂടാതെ, ഡിസംബർ 4-ന് യൂറോപ്യൻ സ്പേസ് ഏജൻസി (ESA) അതിന്റെ ജുപിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ (Juice) പേടകം ഓൺബോർഡ് നാവിഗേഷൻ ക്യാമറ (NavCam) ഉപയോഗിച്ച് എടുത്ത ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. ഹബിളിന്റെ ഏറ്റവും പുതിയ നിരീക്ഷണത്തിന്റെ ഡാറ്റാ സെറ്റ് നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ഇതുവരെ പങ്കുവെച്ചിട്ടില്ല. സുപ്രധാന വിവരങ്ങൾ ലഭ്യമാകുന്നതോടെ 3I/ATLAS-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
More read 3I/ATLAS : ധൂമകേതു തന്നെ : ചോദ്യങ്ങളുമായി മറുപക്ഷം
