പാറ്റേൺ കഷണ്ടിക്ക് പരിഹാരമായി നിലവിൽ മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കുന്ന മരുന്ന് പ്രയോഗിക്കാം എന്നാണ് കണ്ടെത്തൽ.
"അസൂയക്കും കഷണ്ടിക്കും മരുന്നില്ല" എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. എന്നാൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ അലട്ടുന്ന ഒരു പ്രശ്നമായ പുരുഷ പാറ്റേൺ കഷണ്ടിക്ക് (male pattern baldness) ഒരു വഴിത്തിരിവായേക്കാവുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് അയർലൻഡിലെ ഗവേഷകർ.
പുരുഷന്മാരുടെ വയസ്സ് അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കിൽ ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് സാധാരണയായി പുരുഷ പാറ്റേൺ കഷണ്ടി (ആൻഡ്രോജെനിക് അലോപേഷ്യ -androgenetic alopecia (aga)) പ്രത്യക്ഷപ്പെടുന്നത്. തലയുടെ മുകൾഭാഗത്തോ മുൻഭാഗത്തോ മുടികൊഴിച്ചിൽ ആരംഭിക്കുക, മുടി കനം കുറയുക, നെറ്റിയിലെ മുടിയിഴകൾ പിന്നോട്ട് പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ അവസ്ഥയ്ക്ക് ഫലപ്രദമായ സ്ഥിരമായ മരുന്ന് ഇതുവരെ ലഭ്യമല്ലായിരുന്നു.
എന്നാൽ, അയർലൻഡ് (ireland) ആസ്ഥാനമായുള്ള കോസ്മോ ഫാർമസ്യൂട്ടിക്കൽസ് (cosmo pharmaceuticals) കമ്പനിയാണ് ഇപ്പോൾ ഈ രോഗത്തിന് പരിഹാരമായ ഒരു മരുന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവം വേറൊന്നുമല്ല, നിലവിൽ മുഖക്കുരു ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആൻഡ്രോജെനിക് അലോപേഷ്യ ചികിത്സയിലും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഗവേഷകർ പ്രതീക്ഷ നൽകുന്നതായി പറയുന്നത് ക്ലാസ്കോട്ടെറോൺ 5% ടോപ്പിക്കൽ സൊല്യൂഷൻ (Clascoterone 5% Topical Solution) എന്ന മരുന്നിനെക്കുറിച്ചാണ്. അഞ്ച് വർഷം മുമ്പ് മുഖക്കുരു ചികിത്സയ്ക്കായി യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഈ മരുന്നിന് അംഗീകാരം നൽകിയിരുന്നു.
കോസ്മോ ഫാർമസ്യൂട്ടിക്കൽസ് നടത്തിയ രണ്ട് നിർണായകമായ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ, ഈ മരുന്ന് മുടി വളർച്ചയിൽ മികച്ച ഫലം കാണിച്ചു.
* ഒരു പരീക്ഷണത്തിൽ, പ്ലാസിബോയുമായി താരതമ്യം ചെയ്യുമ്പോൾ 539% വരെ മുടി വളർച്ചയിൽ പുരോഗതി രേഖപ്പെടുത്തി.
* മറ്റൊരു പരീക്ഷണത്തിൽ 168% വരെ പുരോഗതി രേഖപ്പെടുത്തി.
കൂടാതെ, പരീക്ഷണങ്ങളിൽ ക്ലാസ്കോട്ടെറോൺ സുരക്ഷിതവും, രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്നതുമാണെന്നും (tolerable) കണ്ടെത്തി.
ഈ മരുന്നിന് അടുത്ത വർഷം FDA അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞ 30 വർഷത്തിനിടയിൽ പുരുഷന്മാരിലെ കഷണ്ടിക്ക് ചികിത്സ നൽകാൻ പോകുന്ന ആദ്യത്തെ മരുന്നായിരിക്കും ക്ലാസ്കോട്ടെറോൺ.
പുരുഷന്മാരിലെ കഷണ്ടി സാധാരണയായി ഏഴ് ഘട്ടങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്:
ഘട്ടം 1: ചെറിയ തോതിലുള്ള മുടി കൊഴിച്ചിൽ മാത്രം.
ഘട്ടം 2: നെറ്റിയുടെ ഇരുവശങ്ങളിലും (Temples) മുടി കൊഴിയാൻ തുടങ്ങുന്നു.
ഘട്ടം 3: നെറ്റിയുടെ വശങ്ങളിൽ മുടി ആഴത്തിൽ പിന്നോട്ട് പോയി 'M' അല്ലെങ്കിൽ 'U' രൂപത്തിലാകുന്നു.
ഘട്ടം 4: നെറ്റിയുടെ പിന്നോട്ട് പോകുന്ന ഭാഗവും തലയുടെ മുകൾഭാഗത്ത് (Crown) മുടി കൊഴിയാൻ തുടങ്ങുന്നതും ദൃശ്യമാകുന്നു.
ഘട്ടം 5: നെറ്റിയുടെ ഭാഗത്തെ മുടിയിഴവ് മുകൾഭാഗത്തെ കഷണ്ടിയുമായി ബന്ധിപ്പിക്കാൻ തുടങ്ങുന്നു.
ഘട്ടം 6, 7: തലയുടെ മുകൾഭാഗത്ത് പൂർണ്ണമായും മുടി നഷ്ടപ്പെടുകയും വശങ്ങളിൽ മാത്രം ഒരു നേർത്ത ഭാഗം അവശേഷിക്കുകയും ചെയ്യുന്ന ഏറ്റവും തീവ്രമായ അവസ്ഥ.
ഈ കണ്ടെത്തൽ ലക്ഷക്കണക്കിന് പുരുഷന്മാർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. കഷണ്ടിക്കുള്ള ചികിത്സാ രംഗത്ത് ഇത് വലിയൊരു വഴിത്തിരിവായേക്കാം.
(ചിത്രം പ്രതീകാത്മകം)
