ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർഥികൾ തന്നെയാണ് ഇതിന് പിന്നിൽ. സി എസ് ഐ ബിഷപ്പ് ഉദ്ഘാടനം നടത്തി.
പഴയ മഞ്ഞയും ചുവപ്പുമടിച്ച, വിരസമായ പോസ്റ്റ് ഓഫീസ് സങ്കൽപ്പങ്ങൾ യുവതലമുറ ഇനി മാറ്റിവെച്ചോളൂ! കാരണം, കേരളത്തിലെ ആദ്യത്തെ 'ജെൻ സി' പോസ്റ്റ് (Gen Z Post Office )ഓഫീസ് കോട്ടയം സി.എം.എസ്. കോളേജിൽ (Kottayam CMS College) പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇത് കത്തയക്കാൻ മാത്രമല്ല, പുതിയ തലമുറയ്ക്ക് 'ചിൽ ഔട്ട്' ചെയ്യാനും, കൂട്ടുകാരുമായി സമയം ചെലവഴിക്കാനുമുള്ള ട്രെൻഡി ഹാങ്ഔട്ട് സ്പോട്ടാണ്!
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ കീഴിലുള്ള ഒരു എക്സ്റ്റൻഷൻ കൗണ്ടറാണെങ്കിലും, കാഴ്ചയിൽ ഇതൊരു സാധാരണ സർക്കാർ സ്ഥാപനമല്ല. ഒരു ഫ്രഷ് കോഫി ഷോപ്പിൻ്റെ പ്രതീതി നൽകുന്ന ഡിസൈനാണ് ഇവിടെ.
ഇന്ത്യ പോസ്റ്റിന്റെ സംസ്ഥാനത്തെ ആദ്യത്തെ 'ജെൻ സി' പോസ്റ്റ് ഓഫീസ് എക്സ്റ്റെന്ഷന് കൗണ്ടർ എന്ന പ്രത്യേകതയും ഇതിനുണ്ട്. 'വിദ്യാര്‍ഥികള്‍, വിദ്യാര്ഥികളാല്, വിദ്യാര്‍ഥികള്‍ക്കുവേണ്ടി' എന്ന ആശയത്തിൽ, ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർഥികൾ തന്നെയാണ് ഇതിന്റെ മുഴുവന്‍ രൂപകല്‍പ്പനയും നിർമാണ പങ്കാളിത്തവും വഹിച്ചത്. ഊർജ്ജസ്വലതയും യുവത്വവും സമന്വയിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ ഇടമാണിത്.
സിഎസ്ഐ മധ്യകേരള മഹാ ഇടവക (CSI Madhya Kerala Diocese) ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ്റെ ഉദ്ഘാടനത്തോടെ, കേരളത്തിലെ പോസ്റ്റ് ഓഫീസ് ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് കുറിക്കപ്പെട്ടിരിക്കുന്നത്
ജെൻ സി കൗണ്ടറിൻ്റെ ഹൈലൈറ്റുകൾ:
പുതിയ തലമുറയുടെ ആവശ്യങ്ങൾ അറിഞ്ഞാണ് ഈ പോസ്റ്റ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.
അൾട്രാ-മോഡേൺ ടെക്:
നീണ്ട ക്യൂവുകളില്ല! ഡിജിറ്റൽ സർവീസുകൾ, ക്യു.ആർ. കോഡ് സംവിധാനം, പുതിയ സ്റ്റാമ്പുകൾ തത്സമയം പ്രിന്റ് ചെയ്യാൻ സാധിക്കുന്ന 'മൈ സ്റ്റാമ്പ്' പ്രിന്റർ എന്നിവ ഇവിടെ സജ്ജമാണ്.
വർക്ക് & വൈബ്:
വിദ്യാർത്ഥികൾക്ക് പഠനത്തിരക്കിനിടയിൽ പ്രൊജക്റ്റുകൾ ചെയ്യാനും മറ്റുമായി ലാപ്ടോപ്പുകളും ഫോണുകളും ചാർജ് ചെയ്യാനുള്ള പോയിന്റുകളോടുകൂടിയ കൗണ്ടർ ടേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു കോഫി ഷോപ്പിലെ പോലെ ഇരുന്ന് 'വർക്ക് ഫ്രം പോസ്റ്റ് ഓഫീസ്' ചെയ്യാം!
ഇക്കോ-കൂൾ ഡിസൈൻ:
കോളേജ് വിദ്യാർത്ഥികൾ നേരിട്ട് പങ്കെടുത്താണ് ഡിസൈൻ ഒരുക്കിയത്.
* ചുവരുകളിൽ ഗ്രീൻ വൈബ് നൽകുന്ന വെർട്ടിക്കൽ ഗാർഡൻ.
പിക്നിക്ക് ടേബിൾ ശൈലിയിലുള്ള ഇരിപ്പിടങ്ങൾ.
* ഉപയോഗശൂന്യമായ ടയറുകൾ മനോഹരമായി പെയിന്റ് ചെയ്ത് സ്റ്റൈലിഷ് ഇരിപ്പിടങ്ങളാക്കി മാറ്റി.
ചിൽ സ്പോട്ടുകൾ:
ഔദ്യോഗിക കാര്യങ്ങൾ മാത്രമല്ല ഇവിടെയുള്ളത്. കാത്തിരിപ്പ് സമയം ബോറടിക്കാതിരിക്കാൻ വായനാമൂലയും ബോർഡ് ഗെയിമുകളും പുസ്തകങ്ങളും അടങ്ങിയ ഷെൽഫുമുണ്ട്.
പരമ്പരാഗതമായി തപാൽ സേവനങ്ങൾ ഉപയോഗിക്കാതിരുന്ന യുവതലമുറയെ, പാഴ്സൽ അയക്കാനും ഓൺലൈൻ സാധനങ്ങൾ കൈപ്പറ്റാനും സഹായിക്കുന്ന ഒരു ട്രെൻഡ് സെന്ററായി മാറുകയാണിവിടെ ഈ 'ജെൻ സി' പോസ്റ്റ് ഓഫീസ്.
ജെനറേഷൻ സി (Gen Z), അഥവാ സൂമേഴ്സ് എന്നറിയപ്പെടുന്ന ഈ തലമുറ (പൊതുവായി 1997-നും 2012-നും ഇടയിൽ ജനിച്ചവർ), ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ യുഗത്തിൽ ജനിച്ചു വളർന്നവരാണ്. അതിനാൽ ഇവർ 'ഡിജിറ്റൽ നേറ്റീവ്സ്' എന്നറിയപ്പെടുന്നു; സ്മാർട്ട്ഫോണുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, അതിവേഗ ഇന്റർനെറ്റ് എന്നിവയുമായി ഇവർക്ക് ജന്മനാ ബന്ധമുണ്ട്. വിവരങ്ങൾ അതിവേഗം അറിയാനും വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് വേർതിരിച്ചെടുക്കാനും അവർക്ക് പ്രത്യേക കഴിവുണ്ട്. ആശയവിനിമയത്തിനായി ഹ്രസ്വവും ദൃശ്യാത്മകവുമായ ഉള്ളടക്കങ്ങളെയാണ് (Short-form videos, memes, visual communication) ഇവർ കൂടുതലായി ആശ്രയിക്കുന്നത്. തൊട്ടുമുമ്പുള്ള തലമുറയിൽ നിന്ന് വ്യത്യസ്തമായി, Gen Z സാമൂഹികവും രാഷ്ട്രീയപരവുമായ വിഷയങ്ങളിൽ കൂടുതൽ താൽപര്യമുള്ളവരും സജീവമായ ഇടപെടലുകൾ നടത്തുന്നവരുമാണ്. സാമൂഹിക നീതി, ലിംഗസമത്വം, വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വിഷയങ്ങൾക്ക് ഇവർ വലിയ പ്രാധാന്യം നൽകുന്നു, കൂടാതെ തങ്ങളുടെ നിലപാടുകൾ തുറന്നു സംസാരിക്കാനും മാറ്റങ്ങൾ ആവശ്യപ്പെടാനും അവർക്ക് മടിയില്ല. മുൻ തലമുറകളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തികമായ അനിശ്ചിതത്വങ്ങൾക്കിടയിൽ വളർന്നതിനാൽ, തൊഴിൽപരമായ കാര്യങ്ങളിലും സാമ്പത്തിക ഭാവിയെക്കുറിച്ചും ഇവർ കൂടുതൽ പ്രായോഗികമായ ചിന്താഗതികൾ പുലർത്തുന്നവരാണ്. സംരംഭകത്വ മനോഭാവവും, പരമ്പരാഗതമായ 9-5 ജോലിയെക്കാൾ ഫ്ലെക്സിബിലിറ്റിയുള്ള തൊഴിൽ അന്തരീക്ഷവും ഇവർക്ക് പ്രിയങ്കരമാണ്.
