ക്ഷേമ പെൻഷൻ കൂട്ടിയതും, സ്ത്രീകൾക്കുള്ള പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങളും, മാങ്കൂട്ടത്തിൽ വിഷയം ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങളും എൽഡിഎഫിന് വോട്ടായില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ 30 വർഷത്തെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇത്തവണ യുഡിഎഫ് നടത്തിയിരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണത്തിലും ഭരണം പിടിക്കാൻ യുഡിഎഫിന് കഴിഞ്ഞു. 2020-ൽ എൽഡിഎഫ് 580 പഞ്ചായത്തുകളിലാണ് ഭരണം നേടിയിരുന്നത്. 2020-ൽ ലഭിച്ച 341 പഞ്ചായത്തുകളിൽ നിന്നാണ് യുഡിഎഫ് ഈ നിലയിലേക്കുള്ള മുന്നേറ്റം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
തെക്കൻ ജില്ലകളിലാണ് യുഡിഎഫ് കൂടുതൽ നേട്ടമുണ്ടാക്കിയത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം തുടങ്ങിയ തെക്കൻ ജില്ലകളിൽ നിരവധി പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ടയിൽ 53-ൽ 34 പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്. ഇവിടെ എൽഡിഎഫിന് 26 പഞ്ചായത്തുകൾ നഷ്ടമായി, ബിജെപി നാല് പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കി. ഇടുക്കിയിൽ എൽഡിഎഫിന്റെ 16 പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ യുഡിഎഫ് കൂടുതൽ പഞ്ചായത്തുകളിൽ വിജയിച്ചപ്പോൾ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫ് കൂടുതൽ പഞ്ചായത്തുകളിൽ വിജയിച്ചു. ഇതിൽ തന്നെ മലപ്പുറത്ത് 94 പഞ്ചായത്തുകളിൽ 87 ഇടത്തും യുഡിഎഫ് വിജയിച്ചു. കണ്ണൂരിൽ 71 പഞ്ചായത്തുകളിൽ 48 എണ്ണം നേടിയതാണ് എൽഡിഎഫിന്റെ മികച്ച പ്രകടനം.
വിവിധ ഗ്രാമപഞ്ചായത്തുകളിലായി ആകെ 17,337 വാർഡുകളുള്ളതിൽ 8,020 ഇടത്താണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. എൽഡിഎഫ് 6,570 വാർഡുകളിലും എൻഡിഎ 1,447 വാർഡുകളിലും വിജയിച്ചു. മറ്റുള്ളവർ 1,299 വാർഡുകളിലാണ് വിജയം നേടിയത്. 382 ഇടങ്ങളിൽ യുഡിഎഫിന് ഒറ്റയ്ക്ക് ഭരണം ലഭിക്കും. എൽഡിഎഫിന് 239 ഇടങ്ങളിലും എൻഡിഎയ്ക്ക് ആറിടത്തും ഭൂരിപക്ഷമുണ്ട്.
2010-ൽ യുഡിഎഫ് 565 പഞ്ചായത്തുകൾ പിടിച്ചതാണ് ഇതിനു മുൻപുള്ള ഏറ്റവും മികച്ച വിജയം. അന്ന് എൽഡിഎഫിന് 348 പഞ്ചായത്തുകളാണ് ലഭിച്ചത്. 2010-ലേതിന് ഒപ്പമെത്തിയില്ലെങ്കിലും പഞ്ചായത്തുകളിൽ അതിനോടടുത്ത പ്രകടനം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. 2020-ൽ 12 പഞ്ചായത്തുകളിൽ ഭരണം പിടിച്ച എൻഡിഎയ്ക്ക് ഇത്തവണ അത് ഇരട്ടിയിലേറെയാക്കി ഉയർത്താനായി. 26 പഞ്ചായത്തുകളിലാണ് എൻഡിഎ മുന്നിലെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആറും ആലപ്പുഴയിൽ അഞ്ചും പത്തനംതിട്ടയിൽ നാലും പഞ്ചായത്തുകൾ എൻഡിഎ നേടി.
കഴിഞ്ഞതവണ കണ്ണൂർ കോർപറേഷന്റെ മാത്രം ഭരണം ലഭിച്ച യുഡിഎഫിന് ഇത്തവണ എൽഡിഎഫിന്റെ കോട്ടകളായിരുന്ന കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ കഴിഞ്ഞു. കോഴിക്കോട് കോർപറേഷൻ മാത്രമാണ് ഇത്തവണ എൽഡിഎഫിനൊപ്പം നിന്നത്. കൊല്ലത്ത് 13 സീറ്റുകൾ കൂടുതൽ പിടിച്ചാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. കൊച്ചിയിൽ 15, തൃശ്ശൂരിൽ ഒൻപത് എന്നിങ്ങനെ അധിക സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂരിലും സീറ്റ് നില മെച്ചപ്പെടുത്തിയാണ് യുഡിഎഫ് വിജയം നേടിയത്.
തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റമുണ്ടാക്കാൻ ഇത്തവണ എൻഡിഎയ്ക്കായി. കഴിഞ്ഞതവണ 34 ഡിവിഷനുകൾ നേടി രണ്ടാം സ്ഥാനമുണ്ടായിരുന്ന എൻഡിഎ ഇത്തവണ 50 ഡിവിഷനുകൾ പിടിച്ചെടുത്തു. 29 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞതവണ 54 സീറ്റുകളുമായാണ് എൽഡിഎഫ് തിരുവനന്തപുരം കോർപറേഷൻ ഭരിച്ചത്. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും എൻഡിഎ മുന്നേറ്റമുണ്ടാക്കിയതായാണ് ഫലം വ്യക്തമാക്കുന്നത്. രണ്ടുമുതൽ 16 വരെ സീറ്റുകളാണ് വിവിധ കോർപറേഷൻ ഡിവിഷനുകളിൽ എൻഡിഎ കഴിഞ്ഞ തവണത്തേക്കാൾ അധികമായി നേടിയത്.
2020-ൽ എറണാകുളം, വയനാട്, മലപ്പുറം ജില്ലാപഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതിൽ വയനാട് ടോസിലെ ഭാഗ്യത്തിലാണ് അന്ന് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലാപഞ്ചായത്തുകൾക്കൂടി യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ എൽഡിഎഫ് 11-ൽനിന്ന് ഏഴിലേക്ക് താഴുകയും ചെയ്തു. 2020-ൽ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിച്ചിരുന്നത്. ഇത്തവണ എൽഡിഎഫിന് 48 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഭരണം നഷ്ടമായത്. യുഡിഎഫിന് 39 സീറ്റുകൾ അധികമായി ലഭിച്ച് ആകെ 79 ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം ലഭിച്ചു. 10 ബ്ലോക്ക് പഞ്ചായത്തുകളിൽ ആർക്കുംഭൂരിപക്ഷമില്ല.
