പഞ്ചസാര തന്മാത്രകൾക്ക് ഡിഎൻഎ, ആർഎൻഎ എന്നിവയുടെ ഘടന രൂപപ്പെടുത്തുന്നതിൽ മാത്രമല്ല, കോശങ്ങളിലെ ഊർജ്ജ സംഭരണത്തിലും പ്രധാന പങ്കുണ്ട്.
യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചരിത്ര ദൗത്യമായ OSIRIS-REx (Origins, Spectral Interpretation, Resource Identification, Security–Regolith Explorer) ദൗത്യം ഛിന്നഗ്രഹ പഠനങ്ങളിൽ ഒരു അദ്ധ്യായം കുറിച്ചിരുന്നു.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാസയുടെ ഒസിരിസ് റെക്സ് (OSIRIS-REx) ബഹിരാകാശ പേടകം ബെന്നു എന്ന ഛിന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി പൊടികളും കല്ലുകളും ശേഖരിച്ചത്.
2023 സെപ്റ്റംബറില്‍ പേടകം ഏകദേശം 121.6 ഗ്രാം സാമ്പിളുകളുമായി സുരക്ഷിതമായി ഭൂമിയിലെത്തി. അന്ന് മുതല്‍ ഈ സാമ്പിളുകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്.ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയിൻ ആസ്റ്ററോയ്ഡ് ബെൽറ്റിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന ബെന്നുവിലെ (bennu). ഈ സാമ്പിളുകൾ, സൗരയൂഥത്തിന്റെ ആദ്യകാല ചരിത്രത്തിലേക്കും ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചു എന്നതിലേക്കും വെളിച്ചം വീശുന്ന നിർണായക വിവരങ്ങളാണ് ഇപ്പോൾ ഗവേഷകർക്ക് കിട്ടിയത്.
ബെന്നു സാമ്പിളുകളിലെ ഏറ്റവും അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ, ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ജൈവ തന്മാത്രകളുടെ (organic molecules) സാന്നിധ്യമാണ്. നേരത്തെ തന്നെ അമിനോ ആസിഡുകൾ (amino acids) വേർതിരിച്ചെടുത്ത ഗവേഷകർ അടുത്തിടെ നേച്ചർ ജിയോസയൻസസ്, നേച്ചർ ആസ്ട്രോണമി തുടങ്ങിയ ജേണലുകളിൽ പ്രസിദ്ധീകരിച്ച പുതിയ പഠനങ്ങളിലൂടെ കൂടുതൽ സുപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചു.
കൂടാതെ മുമ്പ് ബഹിരാകാശ വസ്തുക്കളില്‍ (space object) കണ്ടിട്ടില്ലാത്ത തരം പശിമയുള്ള വസ്തു, സൂപ്പര്‍നോവ (supernova) സ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വലിയ അളവിലുള്ള പൊടി എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ജപ്പാനിലെ തോഹോകു സർവകലാശാലയിലെ യോഷിഹിരോ ഫുരുകാവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു കണ്ടെത്തൽ നടത്തിയത്. ബെന്നുവിൽ നിന്ന് കൊണ്ടുവന്ന സാമ്പിളുകളിൽ, അഞ്ച്-കാർബൺ പഞ്ചസാരയായ റൈബോസ് (ribose) അടങ്ങിയിരിക്കുന്നു. റൈബോസ് എന്നത് റൈബോന്യൂക്ലിക് ആസിഡ് (rna) തന്മാത്രയുടെ ഒരു സുപ്രധാന ഘടകമാണ്. കൂടാതെ, ബഹിരാകാശ വസ്തുക്കളിൽ നിന്ന് ആദ്യമായി ആറ്-കാർബൺ പഞ്ചസാരയായ ഗ്ലൂക്കോസും (glucose) ഗവേഷകർ വേർതിരിച്ചെടുത്തു.
റൈബോസ് എന്നത് ജീവന്റെ അടിസ്ഥാന തന്മാത്രകൾക്ക് അത്യന്താപേക്ഷിതമായ ഒരു മോണോസാക്കറൈഡ് (Monosaccharide) അഥവാ ലഘുവായ പഞ്ചസാരയാണ്. ഇതിനെ ഒരു ആൽഡോപെന്റോസ് എന്നും വിളിക്കാറുണ്ട്, കാരണം ഇതിന് അഞ്ച് കാർബൺ ആറ്റങ്ങളും (C2)ഒരു ആൽഡിഹൈഡ് ഗ്രൂപ്പും ഉണ്ട്.
OSIRIS-REx ദൗത്യം ഭൂമിയിലേക്ക് എത്തിച്ച സാമ്പിളുകളിൽ ഡിഎൻഎയുടെയും ആർഎൻഎയുടെയും (dna & rna) നിർമ്മാണ ബ്ലോക്കുകളായ അഞ്ച് ന്യൂക്ലിയോബേസുകളും ഫോസ്ഫേറ്റുകളും ഇതിനകം കണ്ടെത്തിയിരുന്നു. ഈ പുതിയ റൈബോസിന്റെ കണ്ടെത്തൽ, ആർ എൻ എ തന്മാത്ര രൂപപ്പെടുത്തുന്നതിനുള്ള എല്ലാ ഘടകങ്ങളും ബെന്നുവിലുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നതായി ഫുരുകാവ അഭിപ്രായപ്പെട്ടു.
മാത്രമല്ല പഞ്ചസാര തന്മാത്രകൾക്ക് ഡിഎൻഎ, ആർഎൻഎ എന്നിവയുടെ ഘടന രൂപപ്പെടുത്തുന്നതിൽ മാത്രമല്ല, കോശങ്ങളിലെ ഊർജ്ജ സംഭരണത്തിലും പ്രധാന പങ്കുണ്ട്. ബഹിരാകാശത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ ആദ്യമായി ആറ് കാര്‍ബണ്‍ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് കണ്ടെത്തിയത്, കണ്ടെത്തലുകള്‍ ജീവന്റെ നിലനില്‍പ്പിനെ സ്ഥിരീകരിക്കുന്നില്ലെങ്കിലും സൗരയൂഥത്തിലുടനീളം ജൈവ തന്മാത്രകളുടെ നിര്‍മാണ ബ്ലോക്കുകള്‍ എങ്ങനെ വ്യാപിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
നാസയുടെ അമെസ് ഗവേഷണ കേന്ദ്രവും ബെര്ക്ളിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച രണ്ടാമത്തെ പ്രബന്ധത്തിലാണ്, സൗരയൂഥത്തിന്റെ ആദ്യ നാളുകളില്‍ രൂപപ്പെട്ടതായി കരുതപ്പെടുന്ന, ഇതുവരെ കണ്ടിട്ടില്ലാത്ത പശ പോലുള്ള പോലുള്ള ഒരു വസ്തു ഈ ഛിന്ന ഗ്രഹത്തിലുണ്ടെന്ന് വെളിപ്പെടുത്തിയത്.
ഈ വസ്തു ഒരുകാലത്ത് മൃദുവും വഴക്കമുള്ളതുമായിരുന്നുവെന്നാണ് അനുമാനം. ഇവയിൽ നൈട്രജനും ഓക്സിജനും അടങ്ങിയിരുന്നു, ഭൂമിയില്‍ ജീവന് രൂപപ്പെടാന്‍ സഹായിച്ച ചില മുന്‍കാല രാസവസ്തുക്കള്‍ക്ക് ഇവ സഹായകമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ പദാര്‍ത്ഥത്തെക്കുറിച്ച് പഠിക്കുന്നത് ജീവന് എങ്ങനെ ആരംഭിച്ചുവെന്നും അത് നമ്മുടെ ഗ്രഹത്തിന് പുറത്ത് നിലവിലുണ്ടോ എന്നും മനസ്സിലാക്കാന്‍ സഹായിക്കും.
സോളാര്‍ നെബുലയിലെ വസ്തുക്കളാല്‍ (solar nebula) രൂപംകൊണ്ട ഒരു പുരാതന ഛിന്ന ഗ്രഹമാണ് ബെന്നു എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞനായ സ്കോട്ട് സാന്‍ഡ് ഫോര്‍ഡ് പറയുന്നത്. സൗരയൂഥത്തെ രൂപപ്പെടുത്തിയ വാതകത്തിന്റെയും പൊടിയുടെയും ഒരു വലിയ മേഘമാണ് സോളാര്‍ നെബുല. ബഹിരാകാശത്തെ വികിരണം മൂലം ഛിന്ന ഗ്രഹം ചൂടാകാന്‍ തുടങ്ങിയപ്പോള്‍, കാര്‍ബമേറ്റ് എന്നറിയപ്പെടുന്ന സംയുക്തം രൂപപ്പെടുകയും അതിനെ തുടർന്ന് എങ്ങനെയോ, വെള്ളത്തില്‍ ലയിക്കുന്ന ഈ പദാര്‍ത്ഥം മറ്റ് തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് വലുതും സങ്കീര്‍ണവുമായ ശൃംഖലകള്‍ രൂപപ്പെടുത്തി പോളിമറൈസ് ചെയ്യപ്പെട്ടു. അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തായാലും ഈ വിചിത്രമായ വസ്തു ഉപയോഗിച്ച് ഛിന്ന ഗ്രഹത്തിലെ പാറയിലുണ്ടായ ആദ്യകാല മാറ്റങ്ങളെ കുറിച്ച് പഠിക്കുകയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈട്രജനും ഓക്സിജനും ഇതില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. സൂക്ഷ്മ ദർശനികൾ (microscope) ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ സഹായത്താൽ ആണ് ശാസ്ത്രജ്ഞര്‍ ഇതിന്റെ ഘടന പഠിച്ചത്.
ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ സൂപ്പര്‍നോവ സ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വലിയ അളവിലുള്ള പൊടി അടങ്ങിയിട്ടുണ്ട്. സൗരയൂഥത്തിന് മുമ്പുള്ള നക്ഷത്രങ്ങളില്‍ നിന്നുള്ളതാണ് ഇതെന്നാണ് അനുമാനം. ബഹിരാകാശ ശിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സാമ്പിളുകളില്‍ ആറിരട്ടി കൂടുതല്‍ സൂപ്പര്‍നോവ പൊടി ഉണ്ടായിരുന്നു, ഇത് ഛിന്ന ഗ്രഹത്തിന്റെ മാതൃശരീരം പ്രോട്ടോപ്ലാനറ്ററി ഡിസ്കില്‍ രൂപപ്പെട്ടതാണെന്ന സൂചന നല്കുന്നു.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെന്നുവിനെപ്പോലെയുള്ള ഛിന്ന ഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചതിനെ തുടര്‍ന്ന് മേൽപ്പറഞ്ഞ വസ്തുക്കൾ ഭൂമിയിലെത്തുകയും പിന്നീട് അനുകൂല സാഹചര്യത്തില്‍ ജീവന് രൂപപ്പെടുകയും ചെയ്തിരിക്കാമെന്നാണ് ഗവേഷകര്‍ മുന്നോട്ടുവെക്കുന്ന സിദ്ധാന്തം.
ബെന്നു (asteroid bennu) എന്നത് B-ടൈപ്പ് (b-type) അഥവാ കാർബണേഷ്യസ് വിഭാഗത്തിൽ പെടുന്ന ഒരു നിയർ-എർത്ത് ആസ്റ്ററോയിഡ് (near-earth asteroid - nea) ആണ്.ഇത്തരം ഛിന്നഗ്രഹങ്ങൾ കാർബൺ സംയുക്തങ്ങൾ അടങ്ങിയ കറുത്ത ധാതുക്കളാൽ സമ്പന്നമാണ്. ഇതിന് ഏകദേശം 500 മീറ്റർ (0.5 കിലോമീറ്റർ) വ്യാസമുണ്ട്. ഒരു ന്യൂയോർക്ക് നഗരത്തിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിനേക്കാൾ അൽപ്പം വലുതാണിത്.
രൂപത്തിന്റെ കാര്യമാണെങ്കിൽ ഇതിന് ഒരു പമ്പരം (spinning top) അല്ലെങ്കിൽ ഒരു വജ്രത്തിന്റെ ആകൃതിയാണ് (diamond shape) ഉള്ളത്. അതായത് ഇതിൻ്റെ മധ്യഭാഗം പുറത്തേക്ക് വീർത്തതും മുകൾഭാഗവും താഴെഭാഗവും ഇടുങ്ങിയതുമാണ്.ഉപരിതലം പരുപരുത്തതും വലിയ പാറകളും ശിലാവസ്തുക്കളും നിറഞ്ഞതുമാണ്. OSIRIS-REx ദൗത്യത്തിന് ചിന്ന ഗ്രഹത്തിന്റെ സാമ്പിൾ ശേഖരിക്കാൻ അനുയോജ്യമായ പ്രദേശം കണ്ടെത്താൻ ഇത് വെല്ലുവിളി ഉയർത്തിയിരുന്നു.പേടകം 2018-ൽ ബെന്നുവിൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു, തുടർന്ന് 2020 ഒക്ടോബറിൽ ഉപരിതലത്തിൽ "ടച്ച്-ആൻ്റ്-ഗോ" (tag) രീതി ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിച്ചു.
അതേസമയം ബെന്നുവിൽ ജലാംശം അടങ്ങിയ ധാതുക്കൾ ഉണ്ട്. ഈ ധാതുക്കളുടെ രാസഘടനയിൽ ജലം അടങ്ങിയിരിക്കുന്നു. ഇത് ഭൂമിയിൽ ജലം എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് സഹായകരമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.ബെന്നുവിന് കുറഞ്ഞ സാന്ദ്രതയാണുള്ളത്. ഇതിന്റെ ആന്തരിക ഘടന വളരെ പോറസ് (Porous) ആണ്. ഇതിനെ ഒരു "റൂബിൾ പൈൽ" (Rubble Pile) ഛിന്നഗ്രഹം എന്ന് വിളിക്കുന്നു. അതായത്, ഗുരുത്വാകർഷണത്താൽ ദുർബലമായി കൂട്ടിപ്പിടിച്ച പാറകളുടെയും പാറക്കഷണങ്ങളുടെയും ഒരു കൂട്ടമാണിത്.
ബെന്നുവിൻ്റെ പരിക്രമണ പഥം ചൊവ്വയുടെയും ഭൂമിയുടെയും ഭ്രമണപഥങ്ങൾക്ക് ഇടയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാണ് ഇതിനെ ഒരു നിയർ-എർത്ത് ആസ്റ്ററോയിഡ് എന്ന് വിളിക്കുന്നതിന് കാരണം.ഇത് ഓരോ 4.3 മണിക്കൂറിലും ഒരു തവണ സ്വയം കറങ്ങുന്നു. ഈ ഭ്രമണം തന്നെയാണ് അതിൻ്റെ പമ്പരം പോലുള്ള ആകൃതിക്ക് കാരണമായത്.
