പാലക്കാട് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെ ദുഷ് ചെയ്തികളുടെ ഫലമായി പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന വിരോധാഭാസവും.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ (rahul mamkootathil) എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ഹർജി തള്ളിയത്. അട്ടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുലിൻ്റെ അറസ്റ്റ് തടയില്ല. കോൺഗ്രസിന്റെ പാലക്കാട് എംഎൽഎയാണ് രാഹുൽ.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുൽ പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഫ്ലാറ്റിൽ നിന്നും ചാടുമെന്നായിരുന്നു രാഹുൽ ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഗർഭച്ഛിദ്രത്തിന് സമ്മതിച്ചതെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. കൃത്യമായ തെളിവുകൾ രാഹുലിനെതിരെ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തൻ്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു രാഹുൽ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ്.
എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക്. ഒരു വർഷം പൂർത്തിയാകുന്ന 2025 ഡിസംബർ 4 അതായത് ഇന്ന് ഉച്ച്യ്ക്ക് 12ന് തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ രാഹുലിന് എതിരായ കേസിൽ നിർത്തിവച്ച വാദവും പുനരാരംഭിച്ചു. യുവനേതാവിനെ തേടിയെത്തിയത് രണ്ടു തിരിച്ചടികൾ – കോടതി വിധി എതിരായതിനു പിന്നാലെ കോൺഗ്രസ് (congress) പാർട്ടിയിൽ നിന്നു പുറത്ത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പിന്നീട് എംഎൽഎയുമായത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവനേതാവിന്റെ പേരു വെളിപ്പെടുത്താതെ ആരോപണങ്ങൾ ഉയരുന്നത്. പേരു വെളിപ്പെടുത്താതെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. അന്നുതന്നെ രാഹുലിന്റെ പേരു വെളിപ്പെടുത്തി പ്രവാസി എഴുത്തുകാരിയും രംഗത്തെത്തി. പിറ്റേന്ന് ചാറ്റുകളും ഓഡിയോ ക്ലിപ്പും പുറത്തുവന്നു.
അതേസമയം ഐക്യകണ്ഠേനയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതെന്ന് കെപിസിസി പ്രസിഡൻറ് (kpcc president) സണ്ണി ജോസഫ് പറഞ്ഞു. മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ആരോപണം ഉയർന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. രാഹുലിനോട് അടുപ്പമുള്ള യുവനേതാക്കൾ തീരുമാനം അംഗീകരിച്ചു. തെരഞ്ഞെടുപ്പിനെ വിഷയം ബാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
