ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളുടെ ഉപയോഗം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ, ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ മോഡലായ നാനോ ബനാന പ്രോയ്ക്കും ഓപ്പൺ എഐയുടെ വീഡിയോ ജനറേറ്റർ AI ആയ സോറയ്ക്കും കമ്പനികൾ പ്രതിദിന ഉപയോഗത്തിന് പരിധി നിശ്ചയിച്ചു.
സൗജന്യ ഉപയോക്താക്കൾക്ക് ഒരു ദിവസം നിർമിക്കാൻ കഴിയുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും എണ്ണം നിയന്ത്രിച്ചുകൊണ്ടാണ് കമ്പനികൾ ഈ പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. AI സാങ്കേതികവിദ്യക്ക് ആവശ്യമായ ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകൾക്ക് (GPU-കൾ) ഉണ്ടാകുന്ന അമിതഭാരം ലഘൂകരിക്കാനാണ് പ്രധാനമായും ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്.
ഓപ്പൺ എഐയുടെ സോറ ആപ്പിൽ സൗജന്യ ഉപഭോക്താക്കൾക്ക് ഇനി പ്രതിദിനം ആറ് വീഡിയോകൾ മാത്രമാണ് നിർമിക്കാൻ സാധിക്കുക. എന്നാൽ, ചാറ്റ് ജിപിടി പ്ലസ്, പ്രോ സബ്സ്ക്രിപ്ഷനുകൾ എടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് ഈ നിയന്ത്രണം ബാധകമല്ല. കൂടുതൽ വീഡിയോകൾ നിർമിക്കാൻ ആഗ്രഹിക്കുന്നവർ സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന് ഓപ്പൺ എഐയുടെ സോറ മേധാവി ബിൽ ബീബിൾസ് X-ൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു. "ഞങ്ങളുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ഉരുകിയൊലിക്കുകയാണ്" എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, സോറ പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് ഈ നിയന്ത്രണമെന്നും വ്യക്തമാക്കി.
അതുപോലെ, ഗൂഗിളിന്റെ ജെമിനി 3 പ്രോയുടെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാനോ ബനാന പ്രോയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഇനി ദിവസം രണ്ട് ചിത്രങ്ങൾ മാത്രമേ നിർമിക്കാനും എഡിറ്റ് ചെയ്യാനുമാവൂ. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കണമെങ്കിൽ ഉപയോക്താക്കൾ ഗൂഗിൾ എഐയുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എടുക്കേണ്ടിവരും. എന്നിരുന്നാലും, ജെമിനി 2.5 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാനോ ബനാനയുടെ മുൻ പതിപ്പിൽ പ്രതിദിനം 100 ചിത്രങ്ങൾ വരെ നിർമിക്കാനുള്ള സൗകര്യം കമ്പനി നിലനിർത്തുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനത്തിനുമായി ഇന്ന് കമ്പനികൾ ഉപയോഗിക്കുന്നത് ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകളാണ് (GPUs). എൻവിഡിയ പോലുള്ള കമ്പനികളുടെ അതിശക്തമായ ജിപിയു ചിപ്പുകളാണ് ഓപ്പൺ എഐ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ ആശ്രയിക്കുന്നത്. 'എഐ ജിബിലി' ട്രെൻഡ് വൈറലായ സമയത്ത് ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ തമാശയായി "ജിപിയു ഉരുകുന്നു" എന്ന് പറഞ്ഞിരുന്നെങ്കിലും, കാലക്രമേണ ചിപ്പുകൾക്ക് തേയ്മാനം സംഭവിക്കാമെങ്കിലും അവ ഉരുകിപ്പോകുന്ന സ്ഥിതി ഉണ്ടാവാറില്ല. എന്നാൽ, ഉപയോഗം വർധിക്കുമ്പോൾ ഡാറ്റാ സെന്ററുകളിലെ ഈ ചിപ്പുകൾ ചൂടാകാറുണ്ട്. ഈ താപനില നിയന്ത്രിക്കാനായി ഈ ഡാറ്റാ സെന്ററുകളിൽ കാര്യക്ഷമമായ കൂളിങ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
