തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 പ്രചാരണത്തിന് ചൂടുപിടിച്ചപ്പോൾ, സ്വന്തം സൈക്കിളിൽ പോസ്റ്റർ ബോർഡുമേന്തി വോട്ട് തേടിയിറങ്ങിയ ഒരു കൊച്ചുമിടുക്കനാണ് മാന്നാർ (mannar) നിവാസികൾക്ക് കൗതുകമാകുന്നത്. ഏഴാം ക്ലാസുകാരനായ അൽ അമീൻ എന്ന ഈ ബാലനാണ്, വോട്ടവകാശം ഇല്ലാത്ത പ്രായത്തിലും തൻ്റേതായ ശൈലിയിൽ പ്രചാരണ രംഗത്ത് സജീവമായത്.
മാന്നാർ ടൗൺ അഞ്ചാം വാർഡിൽ 'കാർ' ചിഹ്നത്തിൽ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി ഷൈന നവാസിനു വേണ്ടിയാണ് അൽ അമീൻ്റെ ഈ തകർപ്പൻ പ്രകടനം. മാന്നാർ ചാപ്രയിൽ ദിൽഷാദിന്റെയും അനീഷയുടെയും മകനാണ് അൽ അമീൻ. ഷൈന സ്ഥാനാർഥിയായതു മുതൽ തന്നെ ഈ മിടുക്കൻ പ്രചാരണത്തിൽ സജീവമാണ്.
തിരുവല്ല എം.ജി.എം. സ്കൂളിൽ പഠിക്കുന്ന അൽ അമീൻ, ഒഴിവുദിവസങ്ങൾ മുഴുവൻ കാർ ചിഹ്നത്തിനായുള്ള വോട്ട് അഭ്യർഥനക്ക് മാറ്റിവെച്ചു. കുടിവെള്ളവും കരുതി, വാർഡിൻ്റെ മുക്കിലും മൂലയിലും സൈക്കിളിൽ ചുറ്റിക്കറങ്ങി ഈ കൊച്ചുമിടുക്കൻ യു.ഡി.എഫ്. സന്ദേശം എത്തിക്കുന്നു. വാർഡ് സ്ഥാനാർഥിക്കു പുറമേ, ബ്ലോക്ക്, ജില്ല ഡിവിഷൻ സ്ഥാനാർഥികളായ ഹസീന സലാമിനും സുജിത് ശ്രീരംഗത്തിനും വേണ്ടിയും അൽ അമീൻ വോട്ട് തേടുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത ഈ കുട്ടിയുടെ ആത്മാർത്ഥമായ ഒറ്റയാൾ പോരാട്ടം കണ്ടറിഞ്ഞ സ്ഥാനാർഥി ഷൈന നവാസ്, സ്നേഹത്തോടെ മുത്തം നൽകിയാണ് മടങ്ങിയത്. കുടുംബം വർഷങ്ങളായി യു.ഡി.എഫ്. അനുഭാവികളായതിനാൽ രാഷ്ട്രീയത്തോടുള്ള ഈ താൽപ്പര്യം അൽ അമീന് പാരമ്പര്യമായി കിട്ടിയതാണ്. മാന്നാറിലെ ഈ സൈക്കിൾ പ്രചാരകൻ തിരഞ്ഞെടുപ്പ് വിശേഷങ്ങളിൽ ശ്രദ്ധേയമായ ഒരധ്യായമായി മാറുകയാണ്.
