എൻഡോമെട്രിയോസിസ് എന്നാൽ ഗർഭാശയത്തിനുള്ളിലെ പാളിയായ എൻഡോമെട്രിയത്തിന് സമാനമായ കോശങ്ങൾ ഗർഭാശയത്തിന് പുറത്ത് വളരുന്ന ഒരു അവസ്ഥയാണ്.
![]() |
| ലിലി റീൻഹാർട്ട് |
ഹോളിവുഡ് നടി ലിലി റീൻഹാർട്ട് (Lili Reinhart ) താൻ ദീർഘനാളായി നേരിടുന്ന എൻഡോമെട്രിയോസിസ് (Endometriosis Symptoms) എന്ന രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് ഈ ആരോഗ്യപ്രശ്നം വീണ്ടും ചർച്ചയാകുന്നത്. വർഷങ്ങളോളം താൻ അനുഭവിച്ച കടുത്ത വേദനയും മറ്റ് അസ്വസ്ഥതകളും ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു എന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞയാഴ്ച നടന്ന ലാപ്രോസ്കോപ്പിക് സർജറിക്ക് പിന്നാലെ രോഗം സ്ഥിരീകരിച്ച വിവരം ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം സഹിതമാണ് ലിലി രോഗത്തിന്റെ വിവരം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ ഇന്റർസിറ്റീഷ്യൽ സിസ്റ്റൈറ്റിസ് ആണെന്നും ഇതിന് കൃത്യമായ ചികിത്സയില്ലെന്നുമാണ് പറഞ്ഞിരുന്നത്. ഇതിനെത്തുടർന്ന് പലതവണ ആശുപത്രികൾ സന്ദർശിക്കുകയും യൂറോളജിസ്റ്റുകളെയും ഗൈനക്കോളജിസ്റ്റുകളെയുമൊക്കെ കാണുകയും ചെയ്തെങ്കിലും, തന്റെ യഥാർത്ഥ ശാരീരികാവസ്ഥ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് അവർ തൻറെ സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു.(Lili Reinhart health struggles Instagram post)
പിന്നീട് സ്വന്തം നിർബന്ധപ്രകാരം എംആർഐ എടുത്തപ്പോഴാണ് അഡിനോമയോസിസ് (Adenomyosis) ആണെന്ന് സ്ഥിരീകരിച്ചത്. അവിടെനിന്ന് ഒരു എൻഡോമെട്രിയോസിസ് സ്പെഷ്യലിസ്റ്റിനെ കണ്ടതോടെയാണ് രോഗത്തിൻറെ വിവരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്. അതേസമയം സ്വന്തം ശരീരം പ്രകടിപ്പിച്ച അസ്വാഭാവിക ലക്ഷണങ്ങളിൽ സംശയം തോന്നി ഉറച്ചുനിന്നതുകൊണ്ട് മാത്രമാണ് രോഗം സ്ഥിരീകരിക്കാനായതെന്നും എല്ലാവരും സ്വന്തം ആരോഗ്യകാര്യത്തിൽ ഇത്തരത്തിൽ ശ്രദ്ധാലുക്കളാകണമെന്നും ലിലി ഓർമ്മിപ്പിക്കുന്നു.
കൂടാതെ സമാനമായ അനുഭവം നടി ബാർബറ പൽവിനും പങ്കുവെച്ചിട്ടുണ്ട്. ക്രമരഹിതമായ ആർത്തവം, ക്ഷീണം, കടുത്ത വേദന തുടങ്ങിയവ വെറും ആർത്തവസംബന്ധമായ പ്രശ്നങ്ങളാണെന്ന് കരുതിയെങ്കിലും വിദഗ്ധ പരിശോധനയിലാണ് തനിക്കും എൻഡോമെട്രിയോസിസ് (Endometriosis) ആണെന്ന് സ്ഥിരീകരിച്ചതെന്ന് ബാർബറ നേരത്തെ തുറന്നുപറഞ്ഞിരുന്നു.
സ്ത്രീകളുടെ ആരോഗ്യരംഗത്ത് ഇന്നും വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടാത്ത, എന്നാൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതനിലവാരത്തെ ദോഷകരമായി ബാധിക്കുന്ന ഒരു സങ്കീർണ്ണാവസ്ഥയാണ് Endometriosis (എൻഡോമെട്രിയോസിസ്). ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പറയുന്നത് അനുസരിച്ച്, പ്രത്യുത്പാദന പ്രായത്തിലുള്ള ലോകത്തിലെ 10% സ്ത്രീകളെയും (ഏകദേശം 19 കോടി പേർ) ഈ രോഗം ബാധിക്കുന്നുണ്ട്.
എൻഡോമെട്രിയോസിസ്? ശാസ്ത്രീയ വശം
ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലെ പാളിയെയാണ് എൻഡോമെട്രിയം എന്ന് വിളിക്കുന്നത്. ഓരോ മാസവും ആർത്തവചക്രത്തിന്റെ ഭാഗമായി ഗർഭധാരണത്തിന് ഒരുങ്ങുന്നതിനായി ഈ പാളി കട്ടി കൂടുകയും, ഗർഭധാരണം നടക്കാത്ത പക്ഷം ഇത് ആർത്തവരക്തത്തോടൊപ്പം പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
മേൽ സൂചിപ്പിച്ച അഡിനോമയോസിസ് എന്നത് 'എൻഡോമെട്രിയം' കോശങ്ങൾ ഗർഭപാത്രത്തിന്റെ പേശികൾക്കുള്ളിലേക്ക് (Muscular wall) വളരുന്ന അവസ്ഥയാണ്.
പക്ഷേ എൻഡോമെട്രിയോസിസ് ഉള്ളവരിൽ, ഈ എൻഡോമെട്രിയം കോശങ്ങൾക്ക് സമാനമായ കോശങ്ങൾ ഗർഭാശയത്തിന് പുറത്ത് വളരാൻ തുടങ്ങുന്നു, അതാണ് പ്രശ്നം. ഇവ പ്രധാനമായും താഴെ പറയുന്ന ഭാഗങ്ങളിലാണ് കാണപ്പെടാറുള്ളത്:
അണ്ഡാശയങ്ങൾ (Ovaries):
ഇവിടെ കോശങ്ങൾ വളരുമ്പോൾ 'ചോക്ലേറ്റ് സിസ്റ്റുകൾ' (Endometriomas) രൂപപ്പെടാൻ സാധ്യതയുണ്ട്.
ഫാലോപ്യൻ ട്യൂബുകൾ:
അണ്ഡവാഹിനി കുഴലുകളിൽ തഴമ്പുകൾ ഉണ്ടാകാൻ ഇത് കാരണമാകും.
പെൽവിക് പ്രദേശം:
ഗർഭാശയത്തിന് ചുറ്റുമുള്ള ടിഷ്യൂകൾ.
കുടലും മൂത്രസഞ്ചിയും:
അപൂർവ്വമായി ഈ ഭാഗങ്ങളിലും കോശങ്ങൾ പടരാം.
ഗർഭാശയത്തിന് പുറത്തുള്ള ഈ കോശങ്ങൾക്കും ഹോർമോൺ വ്യതിയാനങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നു, അത്തരം സാഹചര്യത്തിൽ ആർത്തവസമയത്ത് ഈ കോശങ്ങളും രക്തം പുറപ്പെടുവിക്കുന്നു. എന്നാൽ ഗർഭാശയത്തിന് പുറത്തായതിനാൽ ഈ രക്തത്തിന് ശരീരത്തിന് വെളിയിലേക്ക് പോകാൻ കഴിയില്ല. ഇത് അവിടെ തങ്ങിനിൽക്കുകയും നീർവീക്കം കടുത്ത വേദന, മുറിപ്പാടുകൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ: സാധാരണ വേദനയാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
പലപ്പോഴും സാധാരണ ആർത്തവ വേദനയായി തെറ്റിദ്ധരിക്കപ്പെടുന്നതാണ് ഈ രോഗം വൈകാൻ കാരണം. പ്രധാന ലക്ഷണങ്ങൾ ഇവയാണ് (Difference between period pain and endometriosis):
1. അസഹനീയമായ ആർത്തവ വേദന :
ആർത്തവത്തിന് ദിവസങ്ങൾക്ക് മുൻപേ തുടങ്ങുന്നതും ആർത്തവസമയത്ത് മൂർച്ഛിക്കുന്നതുമായ കഠിനമായ വയറുവേദനയും നടുവേദനയും.
2. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന :
ബന്ധപ്പെടുന്ന സമയത്തോ അതിനുശേഷമോ അനുഭവപ്പെടുന്ന തീവ്രമായ വേദന ഇതിന്റെ പ്രധാന ലക്ഷണമാണ്.
3. മലമൂത്രവിസർജ്ജന സമയത്തെ അസ്വസ്ഥത:
ആർത്തവസമയത്ത് മലമൂത്രവിസർജ്ജനം നടത്തുമ്പോൾ വേദന അനുഭവപ്പെടുക.
4. അമിത രക്തസ്രാവം:
ആർത്തവസമയത്ത് അമിതമായ രക്തസ്രാവമോ ആർത്തവങ്ങൾക്കിടയിലുള്ള രക്തസ്രാവമോ ഉണ്ടാകാം.
5. വന്ധ്യത:
കുട്ടികളുണ്ടാകാത്തതിനെത്തുടർന്ന് നടത്തുന്ന പരിശോധനകളിലാണ് പലരിലും ഈ രോഗം കണ്ടെത്തുന്നത്.
6. മറ്റ് ലക്ഷണങ്ങൾ:
കടുത്ത തളർച്ച, വയറിളക്കം, മലബന്ധം, ഓക്കാനം തുടങ്ങിയവ.
വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും എൻഡോമെട്രിയോസിസിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും ചില പ്രമുഖ സിദ്ധാന്തങ്ങൾ താഴെ പറയുന്നവയാണ്:
റിട്രോഗ്രേഡ് മെൻസ്ട്രുവേഷൻ (Retrograde Menstruation):
ഏറ്റവും പ്രബലമായ വാദം ആർത്തവരക്തം പുറത്തേക്ക് പോകുന്നതിന് പകരം ഫാലോപ്യൻ ട്യൂബുകൾ വഴി തിരികെ പെൽവിക് ക്യാവിറ്റിയിലേക്ക് ഒഴുകുകയും അവിടെ കോശങ്ങൾ പറ്റിപ്പിടിച്ച് വളരുകയും ചെയ്യുന്നു എന്നതാണ് .
ഹോർമോൺ വ്യതിയാനം:
ഈസ്ട്രജൻ ഹോർമോണിന്റെ അളവ് എൻഡോമെട്രിയം കോശങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്നു.
ജനിതക കാരണങ്ങൾ:
കുടുംബത്തിൽ അമ്മയ്ക്കോ സഹോദരിക്കോ ഈ രോഗമുണ്ടെങ്കിൽ അവരുമായി ബന്ധമുള്ളവർക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
രോഗപ്രതിരോധ ശേഷിയിലെ തകരാറുകൾ:
ശരീരത്തിന് പുറത്ത് വളരുന്ന കോശങ്ങളെ നശിപ്പിക്കാൻ പ്രതിരോധ സംവിധാനത്തിന് കഴിയാതെ വരുമ്പോൾ ഇത് സംഭവിക്കാം.
രോഗനിർണ്ണയം: വൈകുന്നത് എന്തുകൊണ്ട്?
ശരാശരി 7 മുതൽ 10 വർഷം വരെ എടുത്താണ് ഒരാളിൽ ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. ലിലി റീൻഹാർട്ടിന്റെ അനുഭവത്തിൽ കണ്ടതുപോലെ പലപ്പോഴും സ്കാനിംഗുകളിൽ ഇത് വ്യക്തമായി തെളിയില്ല.
പെൽവിക് എക്സാമിനേഷൻ:
ഡോക്ടർ ശാരീരികമായ പരിശോധന നടത്തുന്നു.
അൾട്രാസൗണ്ട് സ്കാൻ:
സിസ്റ്റുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കും.
MRI സ്കാൻ:
കോശങ്ങളുടെ വളർച്ചയും വ്യാപനവും കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു.
ലാപ്രോസ്കോപ്പി:
ഇത് മാത്രമാണ് നൂറു ശതമാനം ഉറപ്പുള്ള പരിശോധന. വയറിൽ ചെറിയ സുഷിരമിട്ട് ക്യാമറ വഴി നേരിട്ട് കണ്ട് ടിഷ്യൂ സാമ്പിൾ (Biopsy) എടുക്കുന്നു.
വന്ധ്യതയും എൻഡോമെട്രിയോസിസും തമ്മിലുള്ള ബന്ധം
എൻഡോമെട്രിയോസിസ് ബാധിച്ചവരിൽ 30% മുതൽ 50% വരെ സ്ത്രീകളിൽ വന്ധ്യത കാണപ്പെടാറുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്:
1.ശാരീരിക തടസ്സങ്ങൾ:
കോശങ്ങളുടെ വളർച്ച കാരണം അണ്ഡവാഹിനി കുഴലുകൾ അടഞ്ഞുപോകുന്നത് അണ്ഡവും ബീജവും തമ്മിലുള്ള സമാഗമത്തെ തടയുന്നു.
2.അണ്ഡത്തിന്റെ ഗുണനിലവാരം: അണ്ഡാശയത്തിലെ നീർവീക്കം അണ്ഡങ്ങളുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം.
3.ഇംപ്ലാന്റേഷൻ പ്രശ്നങ്ങൾ: ഗർഭപാത്രത്തിന്റെ ആന്തരികാവസ്ഥയിൽ മാറ്റങ്ങൾ വരുന്നത് ഭ്രൂണം പറ്റിപ്പിടിച്ചു വളരുന്നതിന് തടസ്സമാകും.
എങ്കിലും, ശസ്ത്രക്രിയയിലൂടെയോ ഹോർമോൺ ചികിത്സയിലൂടെയോ വന്ധ്യത പരിഹരിക്കാൻ സാധിക്കും. അഡ്വാൻസ്ഡ് സ്റ്റേജ് ഉള്ളവർക്ക് IVF (In Vitro Fertilization) മികച്ച ഫലം നൽകാറുണ്ട്.
ചികിത്സാ രീതികൾ
പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും ലക്ഷണങ്ങളെ നിയന്ത്രിക്കാനും ജീവിതം സാധാരണ നിലയിലാക്കാനും നിലവിൽ ഫലപ്രദമായ ചികിത്സകളുണ്ട്.
1. മരുന്നുകൾ
വേദന സംഹാരികൾ (NSAIDs) ഉപയോഗിച്ച് വേദന കുറയ്ക്കാം. ഹോർമോൺ തെറാപ്പിയാണ് മറ്റൊരു വഴി. ഗർഭനിരോധന ഗുളികകൾ, പ്രോജസ്റ്ററോൺ തെറാപ്പി എന്നിവ വഴി ആർത്തവത്തെയും അതിനോടനുബന്ധിച്ചുള്ള കോശവളർച്ചയെയും നിയന്ത്രിക്കാം.
2. ശസ്ത്രക്രിയ (Conservative Surgery)
ഗർഭധാരണത്തിന് ആഗ്രഹിക്കുന്നവരിൽ, ലാപ്രോസ്കോപ്പി വഴി ഗർഭപാത്രത്തെയും അണ്ഡാശയത്തെയും സംരക്ഷിച്ചുകൊണ്ട് പുറത്തുള്ള കോശങ്ങളെ മാത്രം നീക്കം ചെയ്യുന്നു.
3. ഹിസ്റ്ററക്ടമി (Hysterectomy)
രോഗം അതീവ ഗുരുതരമാവുകയും മറ്റ് ചികിത്സകൾ ഫലിക്കാതെ വരികയും ചെയ്യുമ്പോൾ അവസാന മാർഗ്ഗമായി ഗർഭപാത്രം നീക്കം ചെയ്യുന്ന രീതിയാണിത്. എന്നാൽ ഇത് കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് മാത്രമാണ് നിർദ്ദേശിക്കാറുള്ളത്.
രോഗലക്ഷണങ്ങൾ കുറയ്ക്കാൻ ആരോഗ്യകരമായ ചില ശീലങ്ങൾ സഹായിക്കും:
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ (മത്സ്യം, വാൾനട്ട്), നാരുകൾ അടങ്ങിയ പച്ചക്കറികൾ എന്നിവ ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി മധുരവും ഒഴിവാക്കുന്നത് നീർവീക്കം കുറയ്ക്കും.
മിതമായ വ്യായാമം ശരീരത്തിലെ ഈസ്ട്രജൻ അളവ് ബാലൻസ് ചെയ്യാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും.
കടുത്ത വേദന മാനസിക സമ്മർദ്ദത്തിന് കാരണമാകും. അതിനാൽ കൗൺസിലിംഗോ റിലാക്സേഷൻ വ്യായാമങ്ങളോ തേടാവുന്നതാണ്.
എൻഡോമെട്രിയോസിസ് എന്നത് കേവലം ഒരു "ആർത്തവ വേദന" അല്ല. അത് ഒരു സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. ലിലി റീൻഹാർട്ടിനെപ്പോലെയുള്ള പ്രമുഖർ ഈ വിഷയത്തിൽ സംസാരിക്കുന്നത് സമൂഹത്തിലെ തെറ്റായ ധാരണകൾ മാറാൻ ഒരു പരിധി വരെയെങ്കിലും സഹായിക്കും എന്ന് പ്രതീക്ഷിക്കാം . കടുത്ത വേദന അനുഭവിക്കുന്നവർ അത് സഹിച്ചുനിൽക്കാതെ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടത്.
