പലസ്തീന് ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയിലെത്തിച്ച് വിദ്യാര്‍ഥികള്‍.കാസർഗോഡ് കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളാണ് മൈം വീണ്ടും അവതരിപ്പിച്ചത്.മൈം വിവാദത്തെ തുടർന്ന് നിർത്തിവെച്ച രണ്ടാം ദിവസത്തെ മത്സരങ്ങളും സ്കൂളിൽ നടന്നു. ആദ്യം അവതരിപ്പിച്ച സമയത്ത് മൈം തടഞ്ഞ അധ്യപകർക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.
കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.പലസ്തീൻ വിഷയമാക്കിയ മൈം വീണ്ടും കലോത്സവ വേദിയിൽ അവതരിപ്പിക്കുമെന്നറിയിച്ചതോടെ നിറഞ്ഞ സദസിൽ നിന്ന് കുട്ടികളുടെ ആരവമുയർന്നു. കരഘോഷങ്ങൾക്കിടയിൽ കർട്ടനുയർന്നു.
കലോത്സവ മാന്വൽ പ്രകാരമാണ് ഇന്ന് മത്സരം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രമേയത്തിൽ മാറ്റം വരുത്തിയിട്ടില്ല. കളിക്കാൻ പത്തു പേരുണ്ടായിരുന്നത് ആറു പേരായി ചുരുക്കി. സമയം പത്തു മിനിറ്റിൽ നിന്ന് 5 മിനിറ്റാക്കി. പോസ്റ്റർ, പതാക തുടങ്ങിയവ ഒന്നും ഉപയോഗിച്ചില്ല. മാന്വൽ പാലിച്ചുകൊണ്ടാണ് കളിച്ചതെന്നും വിദ്യാർഥികൾ പ്രതികരിച്ചു.
ഒക്ടോബർ 3 നായിരുന്നു കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലോത്സവം ആരംഭിച്ചത്. വേദി ഒന്നിൽ നടന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രമേയമാക്കിയ മൈം അധ്യാപകർ ഇടപെട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. പലസ്തീൻ കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അടക്കം കുട്ടികൾ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകർ വേദിയിലെത്തി കർട്ടൻ ഇടാൻ ആവശ്യപ്പെട്ടത്.
ശനിയാഴ്ച കലോത്സവത്തിൽ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാർഥികൾ ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ 2 അധ്യാപകർ വേദിയുടെ കർട്ടൻ താഴ്ത്താൻ നിർദേശം നൽകിയതിനെ തുടർന്നു ബഹളവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.
അതേസമയം പലസ്തീന് ഐക്യദാര്‍ഢ്യ മൈം അതേ വേദിയിൽ അവതരിപ്പിച്ച വിദ്യാർഥികളെ അഭിനനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മൈം അവതരിപ്പിക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കുമെന്ന് കുട്ടികൾക്ക് വാക്ക് നൽകിയതാണ്. ആ വാക്ക് സർക്കാർ പാലിച്ചു. കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം :
പ്രിയമുള്ളവരെ,
കാസർഗോഡ് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.
കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലൂടെ നാം ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും നൽകേണ്ടത് നമ്മുടെ കടമയാണ്.
അവതരണത്തിന് അവസരമൊരുക്കാൻ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന പ്രിയ വിദ്യാർത്ഥികളെയും ഹൃദയത്തോട് ചേർത്തഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നു.
