സാധാരണ മരുന്നുകളോട് പ്രതിരോധശേഷി നേടിയ 'സൂപ്പർബഗ്ഗുകളായ' ഇ.കോളി ബാക്ടീരിയകളെ നശിപ്പിക്കാൻ എ.ഐ നിർമ്മിത ഫേജുകളുടെ മിശ്രിതത്തിന് സാധിച്ചു.
ബാക്ടീരിയോഫേജ് വൈറസിന്റെ മൈക്രോസ്കോപ്പിക് രൂപരേഖ.
ഭൂമി ഉണ്ടായ കാലം മുതൽ ഈ നിമിഷം വരെ നടന്നതൊക്കെയോ പ്രകൃതിയിൽ സ്വാഭാവികമായി നടന്ന കാര്യങ്ങളാണ്, അത് സൂക്ഷ്മമായ ബാക്ടീരിയകൾ മുതൽ മനുഷ്യൻ ഉൾപ്പെടെയുള്ള വലിയ ജീവിവർഗങ്ങൾ വരെ അക്കൂട്ടത്തിൽ സ്വാഭാവികമായും ഉണ്ടായതാണ്. ശാസ്ത്രം വികസിച്ചപ്പോൾ മനുഷ്യൻ പലതരത്തിലും പ്രകൃതിയുടെ നിയമങ്ങളിൽ ഇടപെടുകയും പുതിയ ജീവിവർഗങ്ങളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ 2023 ൻ്റെ പകുതിക്ക് ശേഷം സാങ്കേതികവിദ്യ രംഗത്ത് വരികയും നിത്യജീവിതത്തിന് തന്നെ ഭാഗമായി മാറിയ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യൻ സൂക്ഷ്മാണുക്കളുടെ നിർമ്മാണത്തിലേക്കും കടന്നു. മുൻപ് ഇത്തരത്തിലുള്ള സൂക്ഷ്മാക്കളെ മനുഷ്യൻ നിർമ്മിച്ചിട്ടുണ്ടെങ്കിലും എഐയുടെ സഹായത്തോടെ അത്തരം ഒരു ശ്രമം നടത്തുന്നത് ആദ്യമാണ്, ആശങ്കകളും പിറകെ വന്നു തുടങ്ങി.
എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിയിൽ നിലവിലില്ലാത്ത പുതിയ സജീവ വൈറസുകളെ പൂജ്യത്തിൽ നിന്ന് (De novo) ആദ്യമായി സൃഷ്ടിച്ച് അമേരിക്കൻ ഗവേഷകർ ചരിത്രനേട്ടം കൈവരിച്ചു. സ്റ്റാൻഫോർഡ് സർവകലാശാല, എം.ഐ.ടി, ഹാർവാർഡ് - എം.ഐ.ടി സംയുക്ത സ്ഥാപനമായ ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ട്, ആർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ ഈ പഠനത്തിന്റെ വിവരങ്ങൾ പ്രമുഖ ശാസ്ത്ര മാസികയായ 'സയൻസിൽ' (Science) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി നിലവിലുള്ള ജീനുകളിൽ ചെറിയ മാറ്റങ്ങൾ (Mutations) വരുത്തിയാണ് പരീക്ഷണങ്ങൾ നടത്താറുള്ളതെങ്കിൽ, ഇവിടെ പൂർണ്ണമായും പുതിയൊരു ജീനോം നിർമ്മിച്ചു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഭാഷാ മോഡലുകളായ ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എ.ഐ ടൂളുകൾ അക്ഷരങ്ങളും വാക്കുകളും വിശകലനം ചെയ്യുന്നതുപോലെ, ജീവന്റെ അടിസ്ഥാന ഘടകങ്ങളായ A, T, C, G എന്നീ ജനിതക അക്ഷരമാലകളുടെ (DNA sequences) കോടിക്കണക്കിന് ശ്രേണികൾ പഠിച്ചാണ് 'ഇവോ' (Evo) എന്ന എ.ഐ ടൂൾ പ്രവർത്തിച്ചത്. ജനിതകഘടനയിലെ പരിണാമ നിയമങ്ങൾ (Evolutionary rules) സ്വയം സ്വായത്തമാക്കിയ ഇവോ, ബാക്ടീരിയകളെ മാത്രം ബാധിക്കുന്ന 'ബാക്ടീരിയോഫേജ്' വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് പുതിയ ജീനോം കോംപിനേഷനുകൾ സ്വന്തമായി രൂപകൽപ്പന ചെയ്തു. എ.ഐ തയാറാക്കിയ ഡേറ്റയിൽ നിന്ന് 300 ജനിതക ശ്രേണികൾ തിരഞ്ഞെടുത്ത് ലബോറട്ടറിയിൽ കൃത്രിമമായി നിർമ്മിച്ച് പരീക്ഷിച്ചപ്പോൾ, അതിൽ 16 എണ്ണം യഥാർത്ഥത്തിൽ ജീവനുള്ളതും സജീവവുമായ പുതിയ വൈറസുകളായി മാറിയെന്ന് പഠനം വ്യക്തമാക്കുന്നു.
ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട കൃത്രിമ വൈറസുകൾ ഇ.കോളി (E. coli) ബാക്ടീരിയകളെ മാത്രം ലക്ഷ്യമിടുന്നവയായതിനാൽ മനുഷ്യർക്കോ മറ്റ് ജീവികൾക്കോ ഇവയിൽ നിന്ന് യാതൊരു ഭീഷണിയില്ല. പ്രകൃതിദത്തമായ സ്വാഭാവിക പരിണാമത്തിലൂടെ സംഭവിക്കാൻ ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തേക്കാവുന്ന ജനിതക മാറ്റങ്ങളാണ് എ.ഐ നിമിഷനേരം കൊണ്ട് സാധ്യമാക്കിയത്. നിലവിൽ ലോകമെമ്പാടും സാധാരണ ആൻ്റിബയോട്ടിക്കുകൾക്കെതിരെ ബാക്ടീരിയകൾ പ്രതിരോധശേഷി കൈവരിക്കുന്ന പ്രതിഭാസം (Antimicrobial Resistance - AMR) വലിയൊരു ആഗോള ആരോഗ്യപ്രതിസന്ധിയാണ്. ലാബ് പരീക്ഷണങ്ങളിൽ, ഇത്തരം സാധാരണ മരുന്നുകളോട് പ്രതിരോധശേഷി നേടിയ 'സൂപ്പർബഗ്ഗുകളായ' ഇ.കോളി ബാക്ടീരിയകളെ നശിപ്പിക്കാൻ എ.ഐ നിർമ്മിത ഫേജുകളുടെ മിശ്രിതത്തിന് സാധിച്ചു. അതിവേഗം രൂപംമാറുന്ന അണുക്കൾക്കെതിരെ ജീവൻരക്ഷാ ഉപാധിയായി കൃത്യതയുള്ള 'ഫേജ് ചികിത്സകൾ' (Phage Therapy) വികസിപ്പിക്കാനും ഭാവിയിൽ കൂടുതൽ സങ്കീർണ്ണമായ ജീനോമുകൾ രൂപകൽപ്പന ചെയ്യാനും ഈ സാങ്കേതികവിദ്യ വഴിതുറക്കും.
എന്നാൽ ശാസ്ത്രലോകം ഈ നേട്ടത്തെ വലിയൊരു നാഴികക്കല്ലായി വിലയിരുത്തുമ്പോൾ തന്നെ, ഇതിനോടനുബന്ധിച്ചുള്ള കടുത്ത ജൈവസുരക്ഷാ (Biosecurity) ഭീഷണികളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രവർത്തനക്ഷമമായ വൈറസുകൾ ഡിസൈൻ ചെയ്യാനുള്ള സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായ കൈകളിൽ എത്തുകയോ ചെയ്താൽ അപകടകാരികളായ പുതിയ രോഗാണുക്കളെ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കപ്പെടാം. നിലവിൽ ജനറേറ്റീവ് എ.ഐ ഉപയോഗിച്ചുള്ള ഇത്തരം കൃത്രിമ ജീനോം നിർമ്മാണത്തെയും ലാബ് പരീക്ഷണങ്ങളെയും സുരക്ഷിതമായി നിയന്ത്രിക്കാനാവശ്യമായ കൃത്യമായ അന്താരാഷ്ട്ര നിയമങ്ങളോ ഭരണസംവിധാനങ്ങളോ നിലവിലില്ലെന്ന് ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരിലും സസ്യങ്ങളിലും രോഗങ്ങളുണ്ടാക്കുന്ന സങ്കീർണ്ണമായ ജീവികളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിലവിലുള്ള ഒരു മെഡിക്കൽ സംവിധാനങ്ങൾക്കും തടയാൻ കഴിയാത്ത മാരകമായ പുതിയ രോഗകാരികൾ സൃഷ്ടിക്കപ്പെടാൻ കാരണമായേക്കാം.
More readAI നോർവെയിലെ സ്കൂളുകളിൽ നിന്ന് പുറത്തേക്ക്
ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത് ഉടനടി വലിയ ജൈവിക ഭീഷണിയായി മാറില്ല എന്നാണ്.എ.ഐ നിർമ്മിക്കുന്ന ആയിരക്കണക്കിന് ഡേറ്റകളിൽ വളരെ കുറച്ചു മാത്രമാണ് ലാബിൽ സജീവ വൈറസുകളായി മാറിയത് എന്നതും, കോവിഡ്-19 പോലുള്ള രോഗാണുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ബാക്ടീരിയോഫേജുകളുടെ ജീനോം വലിപ്പം വളരെ ചെറുതാണെന്നതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് വൈറസുകൾക്ക് ഇതിനേക്കാൾ ആറിരട്ടി വലിപ്പമുള്ളതിനാൽ അത്തരം സങ്കീർണ്ണമായ രോഗാണുക്കളെ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്നത് നിലവിൽ നൂറുമടങ്ങ് പ്രയാസകരമാണ്. ചുരുക്കത്തിൽ, മരുന്നുകൾ ഫലിക്കാത്ത ബാക്ടീരിയൽ അണുബാധകൾക്കെതിരെ പോരാടാൻ ഈ സാങ്കേതികവിദ്യ വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, കൃത്യമായ രാജ്യാന്തര മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പരിശോധനകളും ഉറപ്പാക്കിയ ശേഷമായിരിക്കണം ഇത്തരം ഗവേഷണങ്ങളുമായി മുന്നോട്ട് പോകേണ്ടത് എന്നാണ് പൊതുവേയുള്ള അഭിപ്രായം, അതാണ് ശരിയും.
More read എ ഐ ഉപയോഗം 10 മിനിറ്റ് മതി ചിന്താശേഷി കുറയാൻ ; പഠനം
