ഇവ ഒട്ടനവധി ആൺകൂന്തലുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്നാണ് ഈ കണ്ടെത്തൽ.
(പ്രതീകാത്മക എ ഐ നിർമ്മിത ചിത്രം)
കേരള തീരങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ഇന്ത്യൻ സ്ക്വിഡ് (കൂന്തൽ - Uroteuthis duvaucelii ) എന്ന ജീവിവർഗത്തിന്റെ വിചിത്രവും സങ്കീർണ്ണവുമായ പ്രത്യുൽപാദന രീതികൾ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നു. വളരെ കുറഞ്ഞ പ്രായത്തിലുള്ള പ്രജനനം, ഒന്നിലധികം തവണകളായുള്ള ഇണചേരൽ, ബീജസംഭരണം തുടങ്ങിയ സവിശേഷ സ്വഭാവങ്ങൾ ഈ കൂന്തലുകൾ അല്ലെങ്കിൽ കണവ (Squid) എന്ന് വിളിക്കപ്പെടുന്ന ജീവിവർഗ്ഗം പ്രകടിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ 'ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി'യിലാണ് ഈ ശ്രദ്ധേയമായ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കേവലം ആറ് മാസം മാത്രം ആയുസ്സുള്ള ഈ കൂന്തലുകൾ, മൂന്ന് മാസം പ്രായമെത്തുമ്പോൾ മുതൽ തന്നെ ഇണചേരാൻ തുടങ്ങും. വർഷത്തിൽ എല്ലാ മാസങ്ങളിലും പ്രജനനം നടത്തുമെങ്കിലും ഒക്ടോബർ മാസത്തിലാണ് ഇത് ഏറ്റവും സജീവമായി നടക്കുന്നത്. ഇണചേരുന്ന വേളയിൽ ആൺകൂന്തലുകൾ തങ്ങളുടെ ബീജപ്പൊതികൾ ('സ്പെർമെറ്റാൻജിയ') പെൺകൂന്തലുകളുടെ വായക്ക് ചുറ്റുമുള്ള ഭാഗത്ത് ഒട്ടിച്ചു വെക്കുകയാണ് ചെയ്യുന്നത്. പഠനത്തിന്റെ ഭാഗമായി പരിശോധിച്ച 232 പെൺകൂന്തലുകളിൽ 40 ശതമാനത്തിന്റെ വായയോട് ചേർന്ന ഭാഗത്തും ഇത്തരം ബീജപ്പൊതികൾ കണ്ടെത്തുകയുണ്ടായി. ഇതിൽ ഒരു പെൺകൂന്തലിന്റെ ശരീരത്തിൽ നിന്ന് മാത്രം മുന്നൂറിലധികം ബീജപ്പൊതികളാണ് ഗവേഷകർ കണ്ടെത്തിയത്. മുട്ടയിടുന്നതിന് മുൻപായി ഇവ ഒട്ടനവധി ആൺകൂന്തലുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്നാണ് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നത്.
ഈ പഠനത്തിലെ ഏറ്റവും സവിശേഷമായ കണ്ടെത്തൽ കൂന്തലുകളിലെ സ്വവർഗ ഇണചേരലാണ്. ആൺകൂന്തലുകളുടെ ശരീരത്തിലും ബീജപ്പൊതികൾ കണ്ടെത്തിയതോടെയാണ് ഇവ സ്വവർഗ ലൈംഗിക പെരുമാറ്റം പ്രകടിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചത്. മുൻപ് ഡോൾഫിനുകളിലും ഇന്ത്യക്ക് പുറത്തുള്ള ചില ആഴക്കടൽ കൂന്തലുകളിലും ഇത്തരമൊരു സ്വഭാവം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഴക്കടലിലെ കടുത്ത ഇരുട്ടുകാരണം ലിംഗഭേദം തിരിച്ചറിയാൻ കഴിയാത്തതാകാം അതിന് കാരണം എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ, വെളിച്ചമുള്ള തീരക്കടലിൽ ജീവിക്കുന്ന ഒരു കൂന്തൽ വർഗ്ഗത്തിൽ ഈയൊരു പെരുമാറ്റം കണ്ടെത്തുന്നത് ലോകത്തിൽ തന്നെ ഇതാദ്യമായാണ്.
കൊച്ചി തീരത്തോട് ചേർന്നുള്ള മേഖലയിൽ നിന്ന് ശേഖരിച്ച കൂന്തലുകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. സിഎംഎഫ്ആർഐയിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ ശാസ്ത്രജ്ഞരായ ഡോ. ഗീത ശശികുമാർ, ഡോ. കെ. കെ. സജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നിർണായക ഗവേഷണം പൂർത്തിയാക്കിയത്.
More read കേരളത്തിൽ മത്തി ലഭ്യത കൂടി ; സിഎംഎഫ്ആർഐ റിപ്പോർട്ട്
