2013-ന് ശേഷമുള്ള ഏറ്റവും വലിയ മത്തി ലഭ്യതയാണിത്
(എ ഐ നിർമ്മിത മത്തി)
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ മത്തി (Sardine) ലഭ്യതയിൽ വർദ്ധനവ് .സിഎംഎഫ്ആർഐയുടെ (CMFRI - കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം) ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് മത്തി വർദ്ധനവ് പറയുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ മത്തിയുടെ ലഭ്യതയിൽ 13 ശതമാനം വർധനവുണ്ടാകുകയും 1.68 ലക്ഷം ടൺ മത്തി ലഭിക്കുകയും ചെയ്തു. 2013-ന് ശേഷമുള്ള ഏറ്റവും വലിയ മത്തി ലഭ്യതയാണിത്. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണായി രേഖപ്പെടുത്തിയപ്പോൾ, മൊത്തം ഉൽപാദനത്തിൽ രണ്ട് ശതമാനം വർധനവോടെ സംസ്ഥാനം രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തി. മത്തിക്ക് പുറമെ കിളിമീൻ, കണവ, കൂന്തൽ, നീരാളി എന്നിവയുടെ ലഭ്യത വർധിച്ചപ്പോൾ തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നീ ഇനങ്ങളിൽ കുറവുണ്ടായി. കേരളത്തിൽ ഏറ്റവുമധികം മത്സ്യം ലഭിച്ച ജില്ല എറണാകുളമാണ്; കൊല്ലം, കോഴിക്കോട് ജില്ലകൾ യഥാക്രമം തൊട്ടുപിന്നാലെയുണ്ട്. ഹാർബറുകളുടെ കണക്കെടുത്താൽ കൊല്ലത്തെ നീണ്ടകര ഒന്നാമതായും എറണാകുളത്തെ മുനമ്പം രണ്ടാമതായും എത്തി. ശക്തമായ മഴയും ചരക്കുകപ്പൽ അപകടവും കാരണം മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസങ്ങൾ കുറഞ്ഞെങ്കിലും മൊത്തത്തിലുള്ള ഉൽപാദനത്തെ അത് കാര്യമായി ബാധിച്ചില്ല.
ദേശീയതലത്തിൽ പരിശോധിക്കുമ്പോൾ, കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് ആകെ 35.7 ലക്ഷം ടൺ സമുദ്രമത്സ്യമാണ് ലഭിച്ചത്. മുൻ വർഷത്തേക്കാൾ മൂന്ന് ശതമാനത്തിന്റെ വളർച്ച രാജ്യത്തുണ്ടായി. 6.85 ലക്ഷം ടൺ മത്സ്യവുമായി തമിഴ്നാടാണ് ഉൽപാദനത്തിൽ ഒന്നാമത്. കാലാവസ്ഥാ വ്യതിയാനവും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതും കാരണം ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധന രേഖപ്പെടുത്തി. രാജ്യത്താകെ ഏറ്റവും കൂടുതൽ പിടിക്കപ്പെട്ട മത്സ്യം അയലയാണ് (2.70 ലക്ഷം ടൺ). മത്തി പോലുള്ള ചെറുമീനുകളുടെ ലഭ്യത വർധിക്കാൻ അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളും നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.
സാമ്പത്തിക രംഗത്തും സമുദ്ര മത്സ്യമേഖല വലിയ മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയിലാകെ ലാൻഡിംഗ് സെന്ററുകളിൽ 69,254 കോടി രൂപയുടെയും ചില്ലറ വിപണിയിൽ 97,702 കോടി രൂപയുടെയും വിറ്റുവരവുണ്ടായി. കേരളത്തിലെ ലാൻഡിംഗ് സെന്ററുകളിലെ മൂല്യം 17.8 ശതമാനം വർധനവോടെ 12,665 കോടി രൂപയായും ചില്ലറ വിപണിയിലേത് 16,681 കോടി രൂപയായും ഉയർന്നു. വിപണന കാര്യക്ഷമതയുടെ കാര്യത്തിൽ 72.83 ശതമാനം നേട്ടവുമായി കേരളമാണ് രാജ്യത്ത് ഒന്നാമത്. സിഎംഎഫ്ആർഐയിലെ വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ. ജെ. ജയശങ്കർ, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. കെ. എസ്. ശോഭന, ഡോ. ജോസ്ലീൻ ജോസ്, ഡോ. വി.വി.ആർ. സുരേഷ്, ഡോ. കൃപേഷ് ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
