നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.
Photo: Government of India via Wikimedia Commons (GODL-India license)
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ (Kerala CM Pinarayi Vijayan) ആരോഗ്യസ്ഥിതിയെക്കുറിച്ച് ദീർഘകാലമായി നിലനിന്നിരുന്ന
അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും അന്ത്യം കുറിച്ചുകൊണ്ട് നിർണ്ണായകമായ വെളിപ്പെടുത്തലുകൾ പുറത്ത്. മുഖ്യമന്ത്രി ഒരു 'കാൻസർ അതിജീവിതൻ' (Cancer Survivor) ആണെന്ന് പ്രമുഖ ദേശീയ മാസികയായ 'ഓപ്പൺ' (Open) ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് രാഷ്ട്രീയ കേരളത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്, ആ വിവരങ്ങളാണ് ഇപ്പോൾ ചർച്ചയായത്.
ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 'ഓപ്പൺ' മാസികയുടെ മാർച്ച് 20 ലക്കത്തിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ എൻ.പി. ഉല്ലേഖ് തയ്യാറാക്കിയ "Kerala Assembly Elections 2026: The Pinarayi Plebiscite" എന്ന കവർ സ്റ്റോറിയിലാണ് ഈ പരാമർശമുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കിൽ (Mayo Clinic) നടത്തുന്ന ചികിത്സകളെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും, അദ്ദേഹത്തെ ബാധിച്ച രോഗം എന്താണെന്നത് സംബന്ധിച്ച് സർക്കാരോ സി.പി.എമ്മോ ഇതുവരെ വ്യക്തത വരുത്തിയിരുന്നില്ല.
2018 സെപ്റ്റംബറിലായിരുന്നു മുഖ്യമന്ത്രി ആദ്യമായി മയോ ക്ലിനിക്കിൽ ചികിത്സ തേടിയത്. തുടർന്ന് 2022-ൽ രണ്ടുതവണയും, ഏറ്റവും ഒടുവിലായി 2025 ഏപ്രിലിലും അദ്ദേഹം അമേരിക്കയിൽ പോയിരുന്നു. ആകെ നാലുതവണയാണ് അദ്ദേഹം മയോ ക്ലിനിക്കിൽ അഡ്മിറ്റായത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിയമസഭയിലും വിവരാവകാശ നിയമപ്രകാരവും നിരവധി ചോദ്യങ്ങൾ ഉയർന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു ചെയ്തിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ (CM Pinarayi Vijayan) ഭരണനേട്ടങ്ങളെയും വികസന കാഴ്ചപ്പാടുകളെയും പ്രകീർത്തിക്കുന്ന ഉല്ലേഖിന്റെ ലേഖനം, പിണറായി വിജയൻ മൂന്നാം വട്ടവും അധികാരത്തിലെത്താനുള്ള സാധ്യതകളെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതിനിടയിലാണ്, "പാർട്ടി തുടർഭരണം നേടിയാൽ പ്രായാധിക്യം മാത്രമാണ് പിണറായിക്ക് തടസ്സമായിട്ടുള്ളത്, അതിലുപരി അദ്ദേഹം കാൻസർ അതിജീവിതനുമാണ്" എന്ന വരികൾ കടന്നുവരുന്നത്. ശാരീരികമായ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പോരാട്ടം നയിക്കുന്നതെന്ന സൂചനയും ലേഖനം നൽകുന്നുണ്ട്.
കണ്ണൂരിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകൻ കൂടിയായ എൻ.പി. ഉല്ലേഖ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് പൊതുസമൂഹത്തിന് ഒരുപക്ഷേ ഇത്രയും നാളും എന്തിന് അമേരിക്കയിൽ പോയി എന്ന സംശയത്തിന് ദൂരീകരണം ആവും.സംസ്ഥാന ഭരണത്തലവൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്ന വാദം നേരത്തെ തന്നെ ശക്തമായിരുന്നു. നിലവിൽ ഈ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ടെങ്കിലും, സി.പി.എം (CPM) നേതൃത്വമോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
