മുഴുവൻ സന്ദേശങ്ങളും ഡിലീറ്റ് ആയാലും പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം സുരക്ഷിതമായി ഇൻബോക്സിൽ ഉണ്ടാകും.
വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള ഫീച്ചറുകളിലൊന്നാണ് 'ഡിസപ്പിയറിങ് മെസ്സേജുകൾ'(WhatsApp disappearing messages). ചാറ്റുകൾ ഇൻബോക്സിൽ സ്ഥിരമായി സൂക്ഷിച്ചു വയ്ക്കാതെ നിശ്ചിത സമയത്തിന് ശേഷം സ്വയം നീക്കം ചെയ്യപ്പെടുന്ന രീതിയാണിത്. സ്വകാര്യമായ സംഭാഷണങ്ങൾക്കും താൽക്കാലികമായ ചാറ്റുകൾക്കും ഇൻബോക്സ് അനാവശ്യമായി നിറയാതിരിക്കാനും ഈ സംവിധാനം ഏറെ സഹായകരമാണ്. എന്നാൽ, പ്രധാനപ്പെട്ട വിലാസങ്ങളോ ഒടിപി (OTP) നമ്പറുകളോ മീറ്റിംഗ് വിവരങ്ങളോ ഇത്തരത്തിൽ അപ്രത്യക്ഷമാകുന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.
നേരത്തെ, ഇത്തരം വിവരങ്ങൾ വാട്സാപ്പിൽ (WhatsApp) സൂക്ഷിച്ചുവെക്കാൻ ഡിസപ്പിയറിങ് മെസ്സേജ് ഓപ്ഷൻ പൂർണ്ണമായും ഓഫ് ചെയ്യുക മാത്രമായിരുന്നു പോംവഴി. എന്നാൽ ഇതിനൊരു പരിഹാരമായാണ് വാട്സ്ആപ്പ് 'കെപ്റ്റ് മെസേജസ്' (Kept Messages) എന്ന പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഡിസപ്പിയറിങ് മെസ്സേജ് ഓൺ ആയിരിക്കുമ്പോൾ (disappearing messages) തന്നെ, നമുക്ക് ആവശ്യമുള്ള സന്ദേശങ്ങൾ മാത്രം ചാറ്റിൽ നിലനിർത്താൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതിലൂടെ മുഴുവൻ സന്ദേശങ്ങളും ഡിലീറ്റ് ആയാലും പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം സുരക്ഷിതമായി ഇൻബോക്സിൽ തന്നെ ഉണ്ടാകും.
സന്ദേശങ്ങൾ എങ്ങനെ സേവ് ചെയ്യാം?
വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഈ ഫീച്ചർ ഉപയോഗിക്കാം:
* ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചർ നിലവിലുള്ള ചാറ്റ് വിൻഡോ തുറക്കുക.
* നിങ്ങൾക്ക് സൂക്ഷിച്ചു വെക്കേണ്ട സന്ദേശത്തിന് മുകളിൽ അല്പനേരം അമർത്തിപ്പിടിക്കുക (Long Press).
* മുകളിലെ മെനു ബാറിൽ കാണുന്ന 'Keep' ഐക്കണിൽ (ബുക്ക്മാർക്ക് ചിഹ്നം) ക്ലിക്ക് ചെയ്യുക.
ഇത്തരത്തിൽ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകില്ല. ആ സന്ദേശത്തിന് താഴെ ഒരു ചെറിയ ബുക്ക്മാർക്ക് ചിഹ്നം കാണാൻ സാധിക്കും. ആവശ്യമില്ലാത്ത സന്ദേശങ്ങൾ ഒഴിവാക്കുന്നതോടൊപ്പം തന്നെ, പ്രധാനപ്പെട്ട വിവരങ്ങൾ കൈവിട്ടുപോകാതെ സൂക്ഷിക്കാനും കൂടുതൽ നിയന്ത്രണം നൽകാനും ഈ പുതിയ അപ്ഡേറ്റ് ഉപയോക്താക്കളെ സഹായിക്കുന്നു.
More read ഇലോൺ മസ്കിന്റെ 'എക്സ് ചാറ്റെ'ത്തി വാട്സാപ്പിനെ വെല്ലാൻ
More read വാട്സാപ്പിൽ മൊബൈൽ റീചാർജ് ഫീച്ചർ
