കനത്ത പരാജയം ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുകയും ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോഗം വേണ്ടെന്നു വെക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
തുടർച്ചയായി ഒരു മുന്നണിയും മുഖ്യമന്ത്രിയും 10 ആണ്ട് അധികാരത്തിൽ ഇരുന്നതിനു ശേഷം വന്ന തിരഞ്ഞെടുപ്പിൽ, തുടർഭരണം ഉണ്ടാകുമെന്ന് പ്രതീക്ഷകൾ എല്ലാം തെറ്റി വൻ പരാജയം ഇടതുമുന്നണിക്ക്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ (Assembly Elections 2026) കേരളം കണ്ടത് മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള യുഡിഎഫ് തരംഗമാണ്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകൾ നേടി അവിശ്വസനീയമായ കുതിപ്പാണ് യുഡിഎഫ് നടത്തിയത്. മുക്കാൽ ഭാഗം ഭൂരിപക്ഷത്തിന് (3/4) മൂന്ന് സീറ്റുകൾ മാത്രം അകലെയാണ് മുന്നണി എത്തിനിൽക്കുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് 63 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചപ്പോൾ, മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴ് സീറ്റുകളിലും ആർഎസ്പി മൂന്ന് സീറ്റുകളിലും വിജയിച്ചു. അതേസമയം, ഇടതുമുന്നണിയുടെ തകർച്ച പൂർണ്ണമാക്കുന്നതായിരുന്നു ഫലങ്ങൾ. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐക്ക് 8 സീറ്റുകൾ മാത്രമാണ് നേടാനായത്. എൽഡിഎഫിലെ മറ്റു കക്ഷികളിൽ ആർജെഡിക്ക് മാത്രമാണ് (ഒരു സീറ്റ്) നിയമസഭയിൽ ഇടം ലഭിച്ചത്. ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് (എം) സംപൂജ്യരായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി കേരള ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റുകൾ നേടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ അയ്യായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തി. നേമത്തിന് പുറമെ കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. "യഥാർഥ ഇടതുപക്ഷമായ യുഡിഎഫിനെ ജനം പിന്തുണയ്ക്കും" എന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം ശരിവെക്കുന്ന വിധത്തിൽ ഇടത് വോട്ട് ബാങ്കിൽ വൻ ചോർച്ചയാണുണ്ടായത്. കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ചെങ്കോട്ടകൾ യുഡിഎഫ് തരംഗത്തിൽ നിലംപൊത്തി. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിന്ന് എൽഡിഎഫ് പൂർണ്ണമായും നിഷ്കാസനം ചെയ്യപ്പെട്ടു.
സംസ്ഥാന ഭരണചരിത്രത്തിൽ ആദ്യമായി ഇത്രയധികം മന്ത്രിമാർ ജനവിധിയിൽ പരാജയപ്പെട്ടതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. മത്സരിച്ച 19 മന്ത്രിമാരിൽ 13 പേർ തോൽവി ഏറ്റുവാങ്ങിയപ്പോൾ ആറു പേർക്ക് മാത്രമാണ് വിജയിക്കാനായത്. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, വി.എൻ. വാസവൻ, വീണാ ജോർജ്, എം.ബി. രാജേഷ്, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ, കടന്നപ്പിള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, ആർ. ബിന്ദു എന്നിവർ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. പേരാവൂരിലെ പോരാട്ടത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയും പരാജയപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വിജയിച്ചെങ്കിലും, ആദ്യ ഘട്ടത്തിൽ യുഡിഎഫ് യുവ സ്ഥാനാർഥി അബ്ദുൾ റഷീദിന് പിന്നിലായത് സിപിഐഎം കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ചരിത്ര വിജയങ്ങളാണ് പല ജില്ലകളിലും കോൺഗ്രസ് സ്വന്തമാക്കിയത്. അര നൂറ്റാണ്ടിന് ശേഷം കാസർഗോഡും 20 വർഷത്തിന് ശേഷം കോഴിക്കോടും കോൺഗ്രസ് പിടിച്ചെടുത്തു. 13-ൽ 11 സീറ്റും ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന കോഴിക്കോട് ഇത്തവണ 12 സീറ്റിലും യുഡിഎഫ് വിജയിച്ചു. ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം പൂർണ്ണമായും നിഷ്പ്രഭമായത് എൽഡിഎഫിന് കനത്ത തിരിച്ചടിയായി. എന്നാൽ, ബേപ്പൂരിൽ മുഹമ്മദ് റിയാസ് പി.വി. അൻവറിനെ തോൽപ്പിച്ചതും, കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ വിജയിച്ചതും ഇടതിന് ചെറിയ ആശ്വാസം നൽകി. ജി.ആർ. അനിൽ, കെ. രാജൻ, പി. പ്രസാദ്, സജി ചെറിയാൻ എന്നിവരും വിജയിച്ച മന്ത്രിമാരുടെ പട്ടികയിലുണ്ട്.
കനത്ത തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പദവി രാജിവെച്ചു. നിലവിൽ കണ്ണൂരിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ ദൂതൻ മുഖേനയാണ് രാത്രി 7 മണിയോടെ രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്നതിനാൽ ചൊവ്വാഴ്ച മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിത പരാജയത്തിന്റെ പശ്ചാത്തലത്തിൽ അത് റദ്ദാക്കി(Chief Minister Pinarayi Vijayan resigns).
കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈനായി നടന്ന മന്ത്രിസഭാ യോഗത്തിൽ, നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും ഭരണം നിലനിർത്താൻ കഴിയുമെന്ന വലിയ ശുഭപ്രതീക്ഷയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണൽ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തെത്തുടർന്നാണ് വോട്ടെണ്ണലിന് ശേഷം വരാനിരിക്കുന്ന ചൊവ്വാഴ്ച അടുത്ത മന്ത്രിസഭാ യോഗം ചേരാമെന്ന് അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ കനത്ത പരാജയം ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുകയും ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന യോഗം വേണ്ടെന്നു വെക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ജനരോഷം ഭരണവിരുദ്ധ വികാരമായി മാറിയതാണ് ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
More read പിണറായി ‘കാൻസർ അതിജീവിതൻ’; രോഗവിവരം പുറത്തുവിട്ട് ‘ഓപ്പൺ’ മാസിക
More read ഒടുവിൽ വോട്ട് ചെയ്തവരുടെ കണക്ക് പുറത്തുവിട്ടു, ഏകദേശം 79.63% ; അന്തിമ കണക്കായിട്ടില്ലെന്ന്!
