സുരക്ഷാ ഫീച്ചർ നീക്കം ചെയ്യപ്പെട്ടതോടെ, ചാറ്റുകൾക്ക് നേരത്തെയുണ്ടായിരുന്ന പൂർണ്ണമായ സ്വകാര്യത ഇനി ലഭ്യമല്ല.
(എ ഐ നിർമ്മിത ചിത്രം)
ഇൻസ്റ്റാഗ്രാം ഡയറക്ട് മെസ്സേജുകളുടെ (Instagram direct message) സുരക്ഷാ സംവിധാനത്തിൽ മെറ്റാ മാറ്റം വരുത്തി. 2026 മേയ് 8 മുതൽ ഡിഎം (DM) സന്ദേശങ്ങൾക്കുണ്ടായിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (End-to-End Encryption) സൗകര്യം കമ്പനി ഔദ്യോഗികമായി പിൻവലിച്ചു. 2023 മുതൽ ഉപയോക്താക്കൾക്ക് ലഭ്യമായിരുന്ന ഈ സുരക്ഷാ ഫീച്ചർ നീക്കം ചെയ്യപ്പെട്ടതോടെ, ചാറ്റുകൾക്ക് നേരത്തെയുണ്ടായിരുന്ന പൂർണ്ണമായ സ്വകാര്യത ഇനി ലഭ്യമല്ല. ഈ മാറ്റത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ മെറ്റാ ഉപയോക്താക്കൾക്ക് ബ്ലോഗ് പോസ്റ്റിലൂടെ മുൻകൂർ അറിയിപ്പ് നൽകിയിരുന്നു.
സുരക്ഷാ കാരണങ്ങളാലാണ് ഈ പരിഷ്കാരം നടപ്പിലാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇൻസ്റ്റാഗ്രാം തങ്ങളുടെ എൻക്രിപ്ഷൻ (Instagram Encryption) ഫീച്ചർ ഒഴിവാക്കുന്നതോടെ വ്യക്തികളുടെ സന്ദേശങ്ങൾ നിരീക്ഷിക്കാനും (Track) നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനും കമ്പനിക്ക് സാധിക്കും. അതേസമയം സ്വകാര്യമായി സൂക്ഷിക്കേണ്ട മെസ്സേജുകളോ മീഡിയ ഫയലുകളോ (Instagram message and media file) ഉണ്ടെങ്കിൽ അവ ഡൗൺലോഡ് ചെയ്ത് ബാക്കപ്പ് ചെയ്യണമെന്ന് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻക്രിപ്ഷൻ ഇല്ലാത്ത സാഹചര്യത്തിൽ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ നേരിയ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റാ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പൊതുവായ വിലയിരുത്തൽ. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ ഇൻസ്റ്റാഗ്രാം നിരവധി നിയമനടപടികളും കോടിക്കണക്കിന് രൂപയുടെ പിഴയും നേരിട്ടിരുന്നു. എൻക്രിപ്ഷൻ നീക്കുന്നതിലൂടെ കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, ഗ്രൂമിംഗ്, മറ്റ് ചൂഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സ്കാൻ ചെയ്യാനും കുറ്റവാളികളെ കണ്ടെത്താനും കമ്പനിക്ക് ഇനി എളുപ്പത്തിൽ സാധിക്കും.
ഈ പുതിയ സാഹചര്യത്തിൽ ചാറ്റുകൾക്ക് അതീവ രഹസ്യസ്വഭാവം ആഗ്രഹിക്കുന്നവർ മറ്റ് എൻക്രിപ്റ്റഡ് ആപ്പുകളെ ആശ്രയിക്കേണ്ടി വരും. സാധാരണ നിലയിലുള്ള ആശയവിനിമയത്തിന് ഇൻസ്റ്റാഗ്രാം തുടർന്നും ഉപയോഗിക്കാമെങ്കിലും, വ്യക്തിഗത വിവരങ്ങളുടെ കൈമാറ്റത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. സന്ദേശങ്ങൾ സ്കാൻ ചെയ്യപ്പെടുന്നത് സ്വകാര്യതയെ ബാധിക്കുമെങ്കിലും സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് കമ്പനി ഈ മാറ്റത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്.
ഫയലുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം, വായിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യാം.
More read DM ; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം
