ഉപയോക്താവിന്റെ ചാറ്റ് നിലവിൽ ഈ സവിശേഷതയ്ക്ക് കീഴിലാണെങ്കിൽ, അവർക്ക് ഇത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് കിട്ടും.
നിരവധി ആളുകൾ ദിവസവും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നായ ഇൻസ്റ്റാഗ്രാം (Instagram) ഉപയോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു പ്രഖ്യാപനവുമായാണ് മെറ്റ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (End-to-End Encrypted Messaging) ചാറ്റ് ഫീച്ചർ 2026 മെയ് 8-ന് ശേഷം നിർത്തലാക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജുകളിൽ (DM) ഈ സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ലെന്ന് പ്ലാറ്റ്ഫോമിന്റെ സപ്പോർട്ട് പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഒരു ഉപയോക്താവിന്റെ ചാറ്റ് നിലവിൽ ഈ സവിശേഷതയ്ക്ക് കീഴിലാണെങ്കിൽ, അവർക്ക് ഇത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിക്കുമെന്നും അവരുടെ ചാറ്റ് ഡാറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും ഒഴികെ മൂന്നാമതൊരാൾക്ക് സന്ദേശം വായിക്കാൻ കഴിയാത്ത സുരക്ഷാ സംവിധാനമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. പ്ലാറ്റ്ഫോം നടത്തുന്ന കമ്പനിക്ക് പോലും ഈ സന്ദേശങ്ങൾ കാണാൻ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. സന്ദേശങ്ങൾ അയക്കുമ്പോൾ അവയെ ഒരു കോഡാക്കി മാറ്റുകയും സ്വീകർത്താവിന്റെ ഉപകരണത്തിൽ മാത്രം ഡീക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ ഹാക്കർമാരിൽ നിന്നും മറ്റും സന്ദേശങ്ങൾക്ക് പൂർണ്ണ സുരക്ഷ നൽകുന്നു. നിലവിൽ സിഗ്നൽ, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ സ്വകാര്യമായി നിലനിർത്താൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പിൽ ഈ ഫീച്ചർ 'ഡിഫോൾട്ട്' ആയി ലഭ്യമാണെങ്കിലും ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കൾ ഇത് പ്രത്യേകം തിരഞ്ഞെടുക്കണമായിരുന്നു.
More read#ടാഗുകൾക്ക് നിയന്ത്രണവുമായി ഇൻസ്റ്റാഗ്രാം
2023-ഓടെ ഇൻസ്റ്റാഗ്രാമിൽ എത്തിയ ഈ ഫീച്ചർ വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതിനാലാണ് ഇത് നിർത്തലാക്കാൻ തീരുമാനിച്ചതെന്നാണ് മെറ്റയുടെ വിശദീകരണം. ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി കമ്പനി മുൻകൂർ അറിയിപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഉപയോഗം കുറവായതാണ് ഔദ്യോഗിക കാരണമെങ്കിലും, എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സന്ദേശമയയ്ക്കൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് എളുപ്പമാക്കുമെന്ന ചർച്ചകളും സജീവമാണ്. എൻക്രിപ്ഷൻ ഒഴിവാകുന്നതോടെ സന്ദേശങ്ങൾ മെറ്റയുടെ സെർവറുകളിലൂടെ കടന്നുപോകുമ്പോൾ കമ്പനിക്ക് അവ പരിശോധിക്കാനും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാനും സാധിക്കും. ഇൻസ്റ്റാഗ്രാമിനെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായും വാട്സാപ്പിനെ ഒരു പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമായും വേർതിരിക്കാനാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇൻസ്റ്റാഗ്രാമിലെ നിങ്ങളുടെ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും മറ്റ് വിവരങ്ങളും എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് താഴെ പറയുന്ന ലളിതമായ ഘട്ടങ്ങളിലൂടെ മനസ്സിലാക്കാം:
ഇൻസ്റ്റാഗ്രാം ഡാറ്റ ഡൗൺലോഡ് ചെയ്യാനുള്ള വഴി:
1. പ്രൊഫൈൽ തുറക്കുക: ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
2. സെറ്റിംഗ്സ് (Settings): മുകളിൽ വലതുവശത്തുള്ള മൂന്ന് വരകളിൽ (Menu) ക്ലിക്ക് ചെയ്ത് 'Settings and Activity' എന്നതിൽ പോകുക.
3. അക്കൗണ്ട്സ് സെന്റർ (Accounts Center): ഇതിൽ ക്ലിക്ക് ചെയ്ത ശേഷം 'Your information and permissions' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. ഡൗൺലോഡ് ഇൻഫർമേഷൻ (Download your information): ഇവിടെ 'Download or transfer information' എന്നതിൽ ക്ലിക്ക് ചെയ്യുക.
5. വിവരങ്ങൾ തിരഞ്ഞെടുക്കുക: നിങ്ങൾക്ക് ഏതൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം. എല്ലാ ചാറ്റുകളും വേണമെങ്കിൽ 'All available information' നൽകാം, അല്ലെങ്കിൽ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ മാത്രം മതിയെങ്കിൽ അത് മാത്രമായി തിരഞ്ഞെടുക്കാം.
6. ഫോർമാറ്റ് നിശ്ചയിക്കുക: ഡാറ്റ ഏത് ഫോർമാറ്റിൽ വേണം (ഉദാഹരണത്തിന് HTML), എത്ര കാലത്തെ ഡാറ്റ വേണം എന്നിവ നൽകി 'Create Files' ക്ലിക്ക് ചെയ്യുക.
* നിങ്ങൾ റിക്വസ്റ്റ് നൽകിക്കഴിഞ്ഞാൽ മെറ്റ നിങ്ങളുടെ ഡാറ്റ തയ്യാറാക്കാൻ കുറച്ച് സമയമെടുക്കും.
* ഡാറ്റ തയ്യാറായിക്കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് ഒരു ലിങ്ക് വരും.
* സുരക്ഷാ കാരണങ്ങളാൽ നിങ്ങളുടെ പാസ്വേഡ് അടിച്ചാൽ മാത്രമേ ഈ ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.
2026 മെയ് മാസത്തിന് മുൻപ് തന്നെ പ്രധാനപ്പെട്ട ചാറ്റുകൾ ഉണ്ടെങ്കിൽ ഇതുവഴി സേവ് ചെയ്യുന്നത് നന്നായിരിക്കും.
(പ്രതീകാത്മക ചിത്രം)
