മരണത്തെ ഒന്ന് അനുഭവിച്ചറിയുന്നതിലൂടെ ജീവിതത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഇതിന് പിന്നിലുള്ളവർ വാദിക്കുന്നത്.
Photo credit : Facebook
സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി പലതരം മെഡിറ്റേഷനുകൾ (meditation) ഇന്ന് ലോകത്ത് ഉണ്ട്. അവ മാനസിക സമ്മർദ്ദം കുറയ്ക്കാനും അതുവഴി മനസ്സിന് സന്തോഷം പ്രധാനം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ചിലതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാവും, മറ്റുള്ളവ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പിൽക്കാലത്ത് ഉണ്ടായി വന്നിട്ടുള്ളതാണ്. ഇതൊക്കെ പല ചികിത്സാരീതികളുമായി ബന്ധപ്പെട്ട് കിടക്കുന്നുമുണ്ട്.
ജപ്പാനിൽ നിന്നുള്ള വിചിത്രമെന്ന് തോന്നിപ്പിക്കുന്ന പുതിയൊരു വെൽനസ് ട്രെൻഡാണ്(wellness trend in Japan) ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. 'കനോക്കെ-ഇൻ' (Kanoke-in) എന്ന് വിളിക്കപ്പെടുന്ന ഈ രീതിയിൽ ഒരു ശവപ്പെട്ടിയിൽ കിടന്നുകൊണ്ടാണ് ആളുകൾ ധ്യാനിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ 'കോഫിൻ ലയിങ്ങ്' (Coffin-lying) അല്ലെങ്കിൽ 'കോഫിൻ കഫേ' (Coffin Cafe) എന്നും ഈ വേറിട്ട പരീക്ഷണം അറിയപ്പെടുന്നു. കേൾക്കുമ്പോൾ അല്പം ഭയമുണ്ടാക്കുന്ന ഒന്നാണെങ്കിലും, മരണത്തെ ഒന്ന് അനുഭവിച്ചറിയുന്നതിലൂടെ ജീവിതത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഇതിന് പിന്നിലുള്ളവർ അവകാശപ്പെടുന്നത്. ടോക്കിയോ പോലുള്ള തിരക്കേറിയ നഗരങ്ങളിൽ മരണഭയത്തെ പോസിറ്റീവായ ഊർജ്ജമാക്കി മാറ്റാനാണ് ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നത്.
സാധാരണയായി ഭയമുണർത്തുന്ന ശവപ്പെട്ടികളിൽ നിന്നും വ്യത്യസ്തമായി, ആകർഷകമായ നിറങ്ങളിലും ഡിസൈനുകളിലുമാണ് ഇവ ഒരുക്കിയിരിക്കുന്നത്. ജപ്പാനിലെ പ്രശസ്ത ശവപ്പെട്ടി ഡിസൈനറായ മിക്കാക്കോ ഫ്യൂസ് (Mikako Fuse coffin designer) ആണ് ഈ നൂതന ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. മാനസിക സമ്മർദം അനുഭവിക്കുന്നവർക്കും ജീവിതത്തിൽ പുതിയൊരു ലക്ഷ്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ 'ശവപ്പെട്ടി ധ്യാനം' (Japanese coffin meditation experience )വലിയ ആശ്വാസം നൽകുന്നു. ജപ്പാനിലെ 'ഷുകാത്സു' (Shukatsu) എന്ന വലിയൊരു സംസ്കാരത്തിന്റെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്. സ്വന്തം മരണത്തിനായി മുൻകൂട്ടി തയ്യാറെടുക്കുന്നതിലൂടെ ജീവിതത്തിലെ അനാവശ്യ ഉത്കണ്ഠകൾ ഒഴിവാക്കാമെന്ന് ഇവർ വിശ്വസിക്കുന്നു.
ഈ സെഷനിൽ പങ്കെടുക്കുന്ന ഒരാൾക്ക് ഏകദേശം 30 മിനിറ്റ് നേരമാണ് ശവപ്പെട്ടിക്കുള്ളിൽ ചെലവഴിക്കാൻ കഴിയുന്നത്. ഒരാളുടെ താല്പര്യപ്രകാരം പെട്ടിയുടെ മൂടി പൂർണ്ണമായും അടയ്ക്കുകയോ അല്ലെങ്കിൽ അല്പം തുറന്നിടുകയോ ചെയ്യാം. ഉള്ളിൽ കിടക്കുന്നവർക്ക് മനസ്സിന് ശാന്തി നൽകുന്ന മെല്ലെ ഒഴുകുന്ന സംഗീതമോ (Soft music) അല്ലെങ്കിൽ സീലിംഗിൽ തെളിയുന്ന മനോഹരമായ ദൃശ്യങ്ങളോ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. ഏകദേശം 2,000 യെൻ (ഇന്ത്യൻ രൂപയിൽ ഏകദേശം 1,100 രൂപ) ആണ് ഒരു സെഷനായി ഈടാക്കുന്നത്. അടഞ്ഞ സ്ഥലങ്ങളോടുള്ള ഭയം (Claustrophobia) ഉള്ളവർക്ക് പോലും നിയന്ത്രിതമായ സാഹചര്യത്തിൽ ആ ഭയത്തെ നേരിടാനുള്ള ഒരു മാർഗ്ഗമായി ചിലർ ഇതിനെ കാണുന്നു.
ഈ ധ്യാനത്തിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പറയുന്നത്, ശവപ്പെട്ടിയിൽ നിന്ന് പുറത്തുവരുമ്പോൾ തങ്ങൾ വീണ്ടും ജനിച്ചതായാണ് അനുഭവപ്പെടുന്നത് എന്നാണ്. "താൻ മരിച്ചു പോയി, ഇനി കിട്ടുന്നത് രണ്ടാം ജന്മമാണ്" എന്ന തോന്നൽ പലരിലും പുതിയൊരു തുടക്കത്തിന് പ്രചോദനമാകുന്നു. മരണത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്ന സാധാരണക്കാർക്ക് ഇടയിൽ, ആ ഭയത്തെ നേരിട്ടുകൊണ്ട് ജീവിതം കൂടുതൽ ആവേശത്തോടെ ആഘോഷമാക്കാൻ പഠിപ്പിക്കുകയാണ് ജപ്പാനിലെ ഈ പുതിയ വെൽനസ് പരീക്ഷണം.
