ആനിമേഷനുകളോട് കൂടിയ 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ തുടങ്ങിയ ആകർഷകമായ സൗകര്യങ്ങളും വരിക്കാർക്ക് ലഭിക്കും.
(AI ചിത്രീകരണം)
ഡിജിറ്റൽ മെസ്സേജിങ് ലോകത്തെ വൻ ശക്തികളായ മെറ്റ, തങ്ങളുടെ ഉപഭോക്താക്കൾ ഇത്രയും കാലം സൗജന്യമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് (Facebook, Instagram, and WhatsApp) എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് (Meta Subscription Plans). പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന ബിസിനസ്സ് രീതിയിൽ നിന്ന് മാറി, സ്വന്തം വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റയുടെ ഈ ചുവടുവെപ്പ്. മെറ്റയുടെ ഹെഡ് ഓഫ് പ്രൊഡക്ട് ആയ നവോമി ഗ്ലീറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ്, വാട്സാപ്പ് പ്ലസ് (Facebook Plus, Instagram Plus, WhatsApp Plus) എന്നിങ്ങനെയാണ് ഈ പെയ്ഡ് പ്ലാനുകൾ അറിയപ്പെടുന്നത്.
പുതിയ പ്രീമിയം പ്ലാനുകൾ നിലവിൽ വരുന്നതോടെ സാധാരണ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭിക്കാത്ത ഒട്ടനവധി സവിശേഷതകൾ ഇൻസ്റ്റഗ്രാം പ്ലസ് (Instagram Plus) ഉപയോഗിക്കുന്നവർക്ക് സ്വന്തമാകും. പോസ്റ്റുകളും സ്റ്റോറികളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, നിങ്ങളുടെ സ്റ്റോറി ആരൊക്കെയാണ് വീണ്ടും എടുത്തു കണ്ടതെന്ന് തിരിച്ചറിയാനുമുള്ള പ്രത്യേക ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പ്ലസിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ, പ്രത്യേക ഫോണ്ടുകൾ, ആനിമേഷനുകളോട് കൂടിയ 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ തുടങ്ങിയ ആകർഷകമായ സൗകര്യങ്ങളും വരിക്കാർക്ക് ലഭിക്കും.
സമാനമായ രീതിയിൽ ഫേസ്ബുക്ക് പ്ലസിലും വാട്സാപ്പ് പ്ലസിലും മെറ്റ വിപുലമായ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ഫേസ്ബുക്ക് പ്ലസ് (Facebook Plus) ഉപയോക്താക്കൾക്കായി പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളടക്കം നിരവധി പ്രത്യേകതകളാണ് കമ്പനി കൊണ്ടുവരുന്നത്.
അതേസമയം വാട്സ്ആപ്പ് പ്ലസ് (WhatsApp Plus) പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ മികച്ചതാക്കാനായിരിക്കും മെറ്റ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ ചാറ്റുകൾ പിൻ ചെയ്തു വെക്കാനുള്ള സൗകര്യം, പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ എന്നിവയെല്ലാം വാട്സാപ്പ് പ്ലസ് ഉപയോക്താക്കൾക്ക് മാത്രമായി ലഭിക്കുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് അനുസരിച്ച് ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 340 രൂപയും, വാട്സാപ്പ് പ്ലസിന് പ്രതിമാസം 255 രൂപയുമാണ് നിരക്ക് വരുന്നത്. എങ്കിലും നിലവിലുള്ള സാധാരണ ഉപഭോക്താക്കൾ ഇതിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് മെറ്റ ഉറപ്പുനൽകുന്നുണ്ട്. കാരണം, ഈ ആപ്പുകളുടെ സൗജന്യ പതിപ്പുകൾ മുൻപത്തെപ്പോലെ തന്നെ തുടർന്നും ലഭ്യമായിരിക്കും. കൂടുതൽ വിപുലമായ ഫീച്ചറുകളും നിയന്ത്രണങ്ങളും ആഗ്രഹിക്കുന്ന പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ട് മാത്രമാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വികസനത്തിനായി മെറ്റ നിലവിൽ കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം മാത്രം തങ്ങളുടെ എഐ ഡാറ്റാ സെന്ററുകൾക്കായി 125 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇത്തരം ഭാരിച്ച ചെലവുകൾക്കിടയിൽ പരസ്യത്തിന് പുറമെ മറ്റ് വരുമാന മാർഗ്ഗങ്ങൾ കൂടി കണ്ടെത്താൻ നിക്ഷേപകരിൽ നിന്ന് മെറ്റയ്ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു അതേ തുടർന്നാണ് പുതിയ പ്രീമിയം പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി നിർബന്ധിതരായത് എന്നാണ് വിലയിരുത്തൽ മാത്രമല്ല വരുംകാലങ്ങളിൽ ഈ പെയ്ഡ് സേവനങ്ങളെല്ലാം 'മെറ്റ വൺ' എന്ന ഒരൊറ്റ ബ്രാൻഡിന് കീഴിലേക്ക് കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്. യൂറോപ്യൻ യൂണിയനിലെ കർശനമായ സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നതിനായി 2023-ൽ മെറ്റ പരസ്യരഹിത പെയ്ഡ് പതിപ്പുകൾ പരീക്ഷിച്ചിരുന്നെങ്കിലും, ആഗോളതലത്തിൽ ഉപഭോക്താക്കളെ നേരിട്ട് ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ പെയ്ഡ് റോൾഔട്ട് ഇതാദ്യമായാണ് നടപ്പിലാക്കുന്നത്.
More read മെറ്റയുടെ കോപ്പിയടി തുടരുന്നു : ഇൻസ്റ്റഗ്രാമിന്റെ 'ഇൻസ്റ്റന്റ്സ്' പുറത്തിറക്കി
