ഫിൽട്ടറുകൾ ചേർക്കാനോ ഉള്ള സൗകര്യം ഇതിലില്ലാത്തതിനാൽ ഫോട്ടോകളുടെ സ്വാഭാവികത അതുപടി നിലനിർത്താൻ സാധിക്കുന്നു.
(AI നിർമ്മിത ചിത്രം)
മറ്റു ജനപ്രിയ മെസഞ്ചർ പ്ലാറ്റ്ഫോമുകളുടെ പ്രധാന ഫീച്ചറുകൾ സ്വന്തം ആപ്പുകളിലേക്ക് പകർത്തി അവതരിപ്പിക്കുക അതായത് കോപ്പിയടിക്കുക എന്നത് മെറ്റ (Meta) കാലങ്ങളായി തുടരുന്ന ഒരു രീതിയാണ്. എതിരാളികളായ പ്ലാറ്റ്ഫോമുകളെ ഒന്നുകിൽ വിലയ്ക്ക് വാങ്ങുക, അല്ലെങ്കിൽ അവരുടെ മികച്ച ഫീച്ചറുകൾ കടമെടുക്കുക എന്നതാണ് ഇവരുടെ തന്ത്രം. ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ഇത്തരത്തിൽ വന്ന ഫീച്ചറുകൾ നിരവധിയാണ്. ഇപ്പോഴിതാ, സ്നാപ്ചാറ്റ് (Snapchat), ബിറീൽ (BeReal) തുടങ്ങിയ ആപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'ഇൻസ്റ്റന്റ്സ്' (Instants) എന്ന പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചർ മെറ്റ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച മുതൽ ആഗോളതലത്തിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
യാതൊരുവിധ എഡിറ്റിംഗും നടത്താത്ത, യഥാർത്ഥ ചിത്രങ്ങൾ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവർമാരുമായോ താത്കാലികമായി പങ്കുവെക്കാൻ മാത്രമാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനോ ഫിൽട്ടറുകൾ ചേർക്കാനോ ഉള്ള സൗകര്യം ഇതിലില്ലാത്തതിനാൽ ഫോട്ടോകളുടെ സ്വാഭാവികത അതുപടി നിലനിർത്താൻ സാധിക്കുന്നു. നിലവിൽ ഇൻസ്റ്റഗ്രാം ആപ്പിലെ ഇൻബോക്സിനുള്ളിലെ ഒരു ഫീച്ചറായും, അതോടൊപ്പം തിരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു പ്രത്യേക (standalone) ആപ്പായും ഇൻസ്റ്റന്റ്സ് ലഭ്യമാക്കിയിട്ടുണ്ട്.
ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ ഉപയോക്താക്കൾക്ക് ഈ പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇനി ഇൻസ്റ്റഗ്രാം ആപ്പിലൂടെയാണ് Instants ഉപയോഗിക്കേണ്ടതെങ്കിൽ, ഡി.എം (DM) ഇൻബോക്സിൽ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള പുതിയ ഐക്കണിലോ ഫോട്ടോകളുടെ കൂട്ടത്തിലോ നോക്കിയാൽ മതിയാകും. ആദ്യമായി ഈ ഫീച്ചർ ഉപയോഗിക്കുന്നവർ ഇൻബോക്സ് തുറക്കുമ്പോൾത്തന്നെ ഇത് സംബന്ധിച്ച ഒരു പോപ്പ്-അപ്പ് സന്ദേശം സ്ക്രീനിൽ തെളിയുന്നതാണ്.
ഇൻസ്റ്റഗ്രാം ആപ്പിൽ നിന്ന് ഇൻസ്റ്റന്റ്സ് ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. ഡി.എം ഇൻബോക്സിലെ വലതുഭാഗത്ത് താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്താൽ നേരെ ഇൻസ്റ്റന്റ്സ് ക്യാമറ ഓപ്പൺ ആകും. തുടർന്ന് ചിത്രത്തിന് അനുയോജ്യമായ ഒരു ക്യാപ്ഷൻ നൽകിയ ശേഷം ഫോട്ടോ ക്ലിക്ക് ചെയ്യാം. നിമിഷങ്ങൾക്കകം ഈ ചിത്രം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഫോളോവർമാർക്കും അയക്കപ്പെടും.
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന ഫീച്ചറുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. നിങ്ങൾ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ സുഹൃത്തുക്കൾക്ക് ഇമോജികൾ വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും സാധിക്കും. എന്നാൽ, ഒരു തവണ കണ്ടുകഴിഞ്ഞാൽ ഈ ഫോട്ടോ പിന്നീട് കാണാൻ സാധിക്കില്ല, അത് അപ്രത്യക്ഷമാകും. പരമാവധി 24 മണിക്കൂർ മാത്രമായിരിക്കും ഇൻസ്റ്റന്റ്സുകളുടെ ആയുസ്സ്. കൂടാതെ, ഈ ചിത്രങ്ങൾ സ്ക്രീൻഷോട്ടുകളായോ സ്ക്രീൻ റെക്കോർഡിങ്ങുകളായോ പകർത്താൻ സാധിക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
അതേസമയം, നിങ്ങൾ പങ്കുവെക്കുന്ന ഇൻസ്റ്റന്റ്സുകൾ നിങ്ങൾക്ക് 'ആർക്കൈവ്' (Archive) ആയി കാണാൻ സാധിക്കും. ആവശ്യമെങ്കിൽ ഇവ വീണ്ടും ഒരു റീക്കാപ്പ് (recap) ആയി ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെ പങ്കുവെക്കാനും സാധിക്കുന്നതാണ്. അതോടൊപ്പം, അയച്ച ഇൻസ്റ്റന്റ് ഉടൻ തന്നെ പിൻവലിക്കാനും (Unsend) ആർക്കൈവിൽ നിന്ന് എന്നെന്നേക്കുമായി ഡെലീറ്റ് ചെയ്യാനുമുള്ള സൗകര്യവും ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ആർക്കും വളരെ എളുപ്പത്തിൽ ഈ ആപ്പിൽ പ്രവേശിക്കാൻ സാധിക്കും, എന്നാൽ ഇതിനായി ക്യാമറ ആക്സസ് നൽകേണ്ടതുണ്ട്. മുൻപ് മെറ്റ പുറത്തിറക്കിയ 'ത്രെഡ്സ്' (Threads) ആപ്പിന്റെ പ്രവർത്തനത്തിന് സമാനമായി, ഇൻസ്റ്റന്റ്സിന്റെ പ്രത്യേക ആപ്പിൽ പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം ആപ്പിലൂടെയും, തിരിച്ചും സുഹൃത്തുക്കൾക്ക് പരസ്പരം കാണാൻ സാധിക്കുന്നതാണ്.
More read Instagram Encryption : എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പിൻവലിച്ചു
