ഒരു നാട്ടിൽനിന്ന് തൊഴിലാളികളുമായി മറ്റൊരു നാട്ടിലേക്ക് ബസ് സർവീസ്, അതും മുടങ്ങാതെ 50 വർഷത്തിലേക്ക്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽത്തന്നെ അപൂർവമായിരിക്കും ഇങ്ങനെയൊരു സർവീസ്. 50 വർഷംമുന്പ് തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലെ മൂഴിയാറിലേക്ക് ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസാണ് ഇൗ അപൂർവ നേട്ടം കൈവരിച്ചത്. ഇപ്പോൾ ‘കാട്ടാക്കട– മൂഴിയാർ ബസ്’ എന്നറിയപ്പെടുന്ന സർവീസ് ആരംഭിച്ചത് 1975ൽ ആണ്.
പത്തനംതിട്ടയിലെ മൂഴിയാർ ഡാമിന്റെ നിർമാണങ്ങൾക്കായി മലയോര മേഖലകളായ കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ പ്രദേശങ്ങളിൽനിന്ന് തൊഴിലാളികളെ കൊണ്ടുപോകുന്നതിനാണ് സർവീസ് തുടങ്ങിയത്. തിരുവനന്തപുരം നഗരത്തിൽനിന്നായിരുന്നു ആദ്യകാല സർവീസ്. 1992 മുതൽ കാട്ടാക്കടയിൽനിന്നായി. അക്കാലത്ത് തൊഴിലാളികൾമാത്രം യാത്ര ചെയ്തിരുന്ന ബസ് ഇപ്പോൾ സർക്കാർ ജീവനക്കാരുടെയും വിദ്യാർഥികളുടെയുമുൾപ്പെടെ ആശ്രയമാണ്.
കോവിഡുകാലത്തുപോലും മുടങ്ങാതെ എല്ലാ ദിവസവും സർവീസ് നടത്തുന്നുമുണ്ട്. 50 വർഷം പൂർത്തിയാക്കിയ ബസിന് മലയിൻകീഴ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചൊവ്വ പുലർച്ചെ അഞ്ചിന് ഐ ബി സതീഷ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ് സുരേഷ് ബാബു എന്നിവരും കുടുംബശ്രീ പ്രവർത്തകരും വിദ്യാർഥികളും സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരും ചേർന്ന് മലയിൻകീഴ് ജങ്ഷനിൽ സ്വീകരണമൊരുക്കി.ജീവനക്കാരെ ആദരിച്ചു. മൂഴിയാറിലേക്ക് ജനപ്രതിനിധികളും 50 വർഷം പിന്നിട്ട ബസ് സർവീസിന് ആദരവ് നൽകിയശേഷം മലയിൻകീഴ് പഞ്ചായത്തിലെ ജനപ്രതിനിധികൾ ബസിൽ മൂഴിയാറിലേക്ക് യാത്ര ചെയ്തു. പുലർച്ചെ അഞ്ചിന് യാത്രയാരംഭിച്ച് പകൽ11.30ഓടെ മൂഴിയാറിലെത്തി. അണക്കെട്ടും പരിസരവും കണ്ട് ആസ്വദിച്ചശേഷം അതേ ബസിൽ തിരിച്ചുവന്നു. രാത്രി 9.30ഓടെ അവർ മലയിൻകീഴിൽ തിരിച്ചെത്തി.
കോന്നി ഗവ. എച്ച്എസ്എസിലെ അറ്റൻഡറായ ഊരൂട്ടമ്പലം പൂമുഖത്ത് ശ്രീ നിലയത്തിൽ എസ് എസ് നിതീഷ് ബസിലെ സ്ഥിരം യാത്രക്കാരനാണ്. കാട്ടാക്കടയിൽനിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ബസ് 8.30ന് കോന്നിയിൽ എത്തുമെന്ന് നിതീഷ് പറഞ്ഞു. ഒരു ദിവസംപോലും സർവീസ് മുടങ്ങിയിട്ടില്ലെന്നതാണ് യാത്രക്കാരുടെ വിശ്വാസ്യത വർധിപ്പിക്കുന്നതെന്നും നിതീഷ് പറയുന്നു.
