ഗ്രാൻഡ് കാന്യൻ ദേശീയ ഉദ്യാനത്തിലെ ആഴമേറിയ മല ഇടുക്കുകളേക്കാൾ വലിയതാണ് അൻറാർട്ടിക് സമുദ്രത്തിനടിയിൽ കണ്ടെത്തിയത്.
ഒരു അന്തവും കുന്തവും ഇല്ലാത്ത ഈ പ്രപഞ്ചത്തിലെ പ്രകാശ വർഷങ്ങൾക്ക് അപ്പുറമുള്ള ശൂന്യാകാശ വസ്തുക്കളെ മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട് പലതരത്തിലുള്ളവ. എന്നാൽ നാം അധിവസിക്കുന്ന ഭൂമിയിലെ പല കാര്യങ്ങളും ഇപ്പോഴും മനുഷ്യനെ അജ്ഞാതമാണ്, സമുദ്രത്തിന്റെ ആഴങ്ങളിലെ. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ജീവിക്കുന്ന ഭൂമിയിൽ തന്നെ ആയിരുന്നിട്ടും ബഹിരാകാശരംഗത്തെ പോലെ കാര്യമായ പഠനങ്ങൾ ഈ രഹസ്യങ്ങൾ തേടി ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. അക്കൂട്ടത്തിലാണ് ശാസ്ത്രത്തിന് ഇത്രയും കാലം അജ്ഞാതമായിരുന്ന കടലിനടിയിലെ 300ല് അധികം ആഴമുള്ള വലയെടുക്കുകൾ ഗവേഷകർ കണ്ടെത്തി.
40 ൽ ഏറെ അന്തർദേശീയ തലത്തിൽ നടന്ന പര്യവേക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ശേഖരിച്ച ഉയർന്ന റസലൂഷനിലുള്ള ബാത്തിമെട്രിക് ഡാറ്റ ഉപയോഗിച്ചാണ് മറൈൻ ജിയോളജി ജേണലിൽ പ്രസിദ്ദീകരിച്ച പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
1900 മീറ്ററിൽ താഴെ ആഴമേറിയതാണ് അമേരിക്കയിലെ പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമായ ഗ്രാൻഡ് കാന്യൻ ദേശീയ ഉദ്യാനത്തിലെ മലയിടുക്കുകൾ. അതിന് സമാനമായ 332 മലയിടുക്കുകളാണ് അന്റാർട്ടിക്കയിലെ കടലിനടയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതിൽ ചില മലകൾക്ക് 4000 മീറ്ററിലേറെ (13,123 feet) താഴ്ചയുണ്ട് എന്നതാണ് ശ്രദ്ധേയം.ഈ മലയിടുക്കുകൾ ഭൂഗണ്ഡങ്ങൾക്കരികിലെ അവസാദങ്ങളും പോഷകങ്ങളും ജലവും ആഴക്കടലിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അന്റാർട്ടിക്കയിലെ വിദൂര തീരദേശത്തുടനീളം ഒഴുകിനടക്കുന്ന വലിയ മഞ്ഞുപാളികൾക്കടിയിൽ നിന്ന് സോണാർ ഡാറ്റ ശേഖരിക്കുന്നത് പ്രയാസകരമായതിനാലാണ് ഈ താഴ് വാരങ്ങൾ ഇക്കാലമത്രയും കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയാതെ പോയത്.
മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ കിഴക്കൻ അന്റാർട്ടിക്കയിലെ മലയിടുക്കുകളും പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ മലയിടുക്കുകളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തുകയും ചെയ്തു.
അന്റാർട്ടിക്കയിലെ കിഴക്ക് ഭാഗത്തെ മലയിടുക്കുകൾ ശാഖോപശാഖകളോടു കൂടിയതും വിസ്തൃതിയുള്ളതുമാണ്, ഇവിടങ്ങളിൽ ദീർഘകാല ചരിത്രത്തിലുടനീളം ഹിമപാളികൾ സ്ഥിരതയോടെ നിന്നിരുന്ന ഇടങ്ങളായിരിക്കണം. അതേസമയം, പടിഞ്ഞാറൻ അന്റാർട്ടിക്കയിൽ, മലയിടുക്കുകൾ കൂടുതൽ ചെങ്കുത്തും നേർരേഖയിലുള്ളതും ചെറുതുമാണ്, ഇവിടെ ഹിമാനീപ്രവർത്തനങ്ങൾ (glacial activity) ഇടയ്ക്കിടെ സംഭവിക്കാറുണ്ടെന്നും വ്യക്തമായി.
വുഡ്സ് ഹോൾ ഓഷ്യനോഗ്രഫിക് ഇൻസ്റ്റിറ്റിയൂഷനിലെ ഡോ. അലൻ കോൺഡ്രോൺ അഭിപ്രായപ്പെടുന്നത് മഞ്ഞിന്റെ ഒഴുക്കിന്റെ ചരിത്രം പഠിക്കാനും കാലാവസ്ഥയോട് മഞ്ഞ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും പുതിയ കണ്ടെത്തൽ ശാസ്ത്രജ്ഞരെ സഹായിക്കും എന്നാണ്.
അന്റാർട്ടിക്കയിലെ ജലത്തിന്റെ ഒഴുക്കിനെ ഈ മലയിടുക്കുകൾ സ്വാധീനിക്കുന്നുണ്ട്. സാന്ദ്രതയേറിയ ഉപ്പുവെള്ളം ഭൂഖണ്ഡത്തിനരികിൽ നിന്ന് തെക്കൻ സമുദ്രത്തിനടിയിലേക്ക് ഒഴുകുന്നത് ഈ മലയിടുക്കുകളിലൂടെയാണ്. അങ്ങനെ ജലത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും ലോകത്തെ സമുദ്രങ്ങളിലൂടനീളം പോഷകങ്ങൾ എത്തുന്നതിനും ഇത് വഴിവെക്കുന്നു. കാര്യം ഇങ്ങനെയാണെങ്കിലും മറ്റൊരു പ്രശ്നം ഇവിടെ ഉണ്ടാവുകയും ചെയ്യുന്നു. അത് ആഴക്കടലിലെ ചൂടൂള്ള ജലം ഈ മലയിടുക്കുകൾക്ക് മുകളിലേക്ക് ഉയർന്ന് മഞ്ഞുപാളികൾക്കടിയിലെത്തുകയും മഞ്ഞുരുകൽ വേഗത്തിലാക്കുകയും ചെയ്യുന്നു. മഞ്ഞ് ഉരുകി സമുദ്ര നിരപ്പ് ഉയരുന്നത് പോലുള്ള ആഗോള പക്രിയകളെ കൂടുതൽ പഠിക്കാൻ ഈ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്.
