വാഹനാപകടത്തിൽ പരിക്കേറ്റെങ്കിലും വിവാഹത്തെ അത് തകർത്തില്ല. ആലപ്പുഴ (alappuzha) തുമ്പോളി സ്വദേശികളായ ഷാരോൺ, ആവണി എന്നിവരാണ് അപകടം വരുത്തിവെച്ച ആശങ്കകൾക്കിടയിലും വിവാഹിതരായത്.
തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യൻ്റെ അടുത്ത് പോയി മടങ്ങുന്നതിനിടെയാണ് വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നട്ടെല്ലിനും കാലിനും പരിക്കേറ്റ ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.12 നും 12.25 നും ഇടയിലായിരുന്നു ആലപ്പുഴയിലെ ശക്തി ഓഡിറ്റോറിയത്തിൽ വിവാഹം നിശ്ചയിച്ചിരുന്നത്. അപകടവിവരം അറിഞ്ഞ് ബന്ധുക്കളും വരനും ആശുപത്രിയിലെത്തി.
വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ വലിയ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചതോടെ ആശങ്ക അകന്നു. തുടർന്ന് മുഹൂർത്തം തെറ്റാതിരിക്കാൻ ആശുപത്രിയിലെ കിടക്കയിൽ വെച്ച് താലികെട്ട് നടത്താൻ തീരുമാനിച്ചു. അതേസമയം, നിശ്ചയിച്ച ഓഡിറ്റോറിയത്തിൽ വിവാഹസദ്യ വിളമ്പുകയും ചെയ്തു. വധുവിന് ശസ്ത്രക്രിയ ആവശ്യമുണ്ട്. ആവണിയോടൊപ്പം അപകടത്തിൽപ്പെട്ട മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
