തദ്ദേശ തെരഞ്ഞെടുപ്പ് 2025 ന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ കണ്ണൂർ ജില്ലയിൽ ആറ് വാർഡുകളിൽ സി.പി.എമ്മിന് എതിർ സ്ഥാനാർത്ഥികൾ ഇല്ല. തളിപ്പറമ്പിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലും കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം പഞ്ചായത്തിലും രണ്ടുവീതം വാർഡുകളിലാണ് എതിർസ്ഥാനാർഥികൾ പത്രിക സമർപ്പിക്കാതിരുന്നത്.
ആന്തൂർ നഗരസഭ രണ്ടാം വാർഡായ മോറാഴയിലും 19ാം വാർഡായ പൊടിക്കുണ്ടിലുമാണ് എതിരില്ലാത്തത്. മോറാഴ വാർഡിൽ കെ. രജിതയും പൊടിക്കുണ്ട് വാർഡിൽ കെ. പ്രേമരാജനുമാണ് സി.പി.എം സ്ഥാനാർഥികൾ. ഇതിൽ മോറാഴ വാർഡ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർഡുകൂടിയാണ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കുന്ന ഏക നഗരസഭകൂടിയാണ് ആന്തൂർ. കണ്ണപുരം പഞ്ചായത്തിലെ.
13-ാം വാർഡിൽ സി.പി.എമ്മില പി. രീതിക്കും 14-ാം വാർഡായ ഇടക്കേപ്പുറം സെന്ററിൽ പി.വി. രേഷ്മക്കുമാണ് എതിരില്ലാത്തത്. മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച് അഡുവാപ്പുറം നോർത്ത്, വാർഡ് ആറ് അഡുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എൽ.ഡി.എഫിന് എതിരില്ലാത്തത്. അഡുവാപ്പുറം നോർത്തിൽ ഐ.വി. ഒതേനൻ, സൗത്തിൽ സി.കെ. ശ്രേയ എന്നിവരാണ് സി.പി.എം സ്ഥാനാർഥികൾ. സി.പി.എം കോട്ടയായ മലപ്പട്ടത്ത് കഴിഞ്ഞ തവണ അഞ്ച് വാർഡുകളിൽ എതിരില്ലായിരുന്നു.
(ചിത്രത്തിലുള്ളവർ - ഐ.വി.ഒതേനൻ, കെ.രജിത, സി.കെ.ശ്രേയ, പ്രേമരാജൻ)
