തലസ്ഥാന നഗരിയിൽ 7 ദിവസം നീണ്ടു നിന്ന ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് സമാപനം. ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാവർക്കും നമസ്കാരം പറഞ്ഞ് പ്രസംഗിച്ചു തുടങ്ങിയ ഗവർണർ മുഖ്യമന്ത്രിയെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. സമാപന വേദിയിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്. നൽകിയ ബഹുമാനത്തിന് നന്ദിയെന്നും പിണറായിയൂടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും ഗവർണർ പ്രസംഗമധ്യേ ആശംസിച്ചു.
ഘോഷയാത്രയെ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്നാണ് ഗവര്‍ണര്‍ അഭിസംബോധന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേ എന്ന് ആശംസിച്ച അദ്ദേഹം പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദിയും അറിയിച്ചു.
തര്‍ക്കങ്ങള്‍ മറന്ന് ഓണാഘോഷ പരിപാടികള്‍ക്കായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി പരിസരത്തെ വേദിയിലേക്ക് ഗവര്‍ണര്‍ എത്തിയപ്പോള്‍ ഹസ്തദാനം ചെയ്ത് കൈക്കൂപ്പിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി ആര് അനില്‍, വി ശിവന്‍കുട്ടി എന്നിവരും ഗവര്‍ണറെ സ്വാഗതം ചെയ്തത്. ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ നല്‍കുന്നതെന്നും നല്ല ഒരു വര്ഷമുണ്ടാകട്ടേയെന്നും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ ആശംസിച്ചു. നിങ്ങളുടെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങാനാണ് വന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിനെല്ലാം സാക്ഷിയാകാനായതില് സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തില്‍ നടന്ന സാംസ്ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്ലോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം വി എസ് എസ് സിയുടെയും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഫ്ലോട്ടുകള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ ക്ഷീര വികസന വകുപ്പും മത്സ്യബന്ധന വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശുചിത്വ മിഷൻ്റെയും രണ്ടാം സ്ഥാനം എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും ഫ്ലോട്ടുകള്‍ സ്വന്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ലോട്ടുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കെല്‍ട്രോണും കേരള വാട്ടര്‍ അതോറിറ്റിയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ബാങ്കിങ് മേഖലയില്‍ കേരള ബാങ്കും നബാര്‍ഡും ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി.
ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമീണരുടെ തനത് നൃത്തവും ഉത്തര്‍പ്രദേശിലെ തനത് നൃത്തവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ആഫ്രിക്കന്‍ ബാന്റിന്റെ മഹീയത്തിനും ഹൈനസ് സംസ്കരിക സമിതിയുടെ ശിങ്കാരിമേളത്തിനും ചെറിയ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്കാരവും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

