ദോശയുടെ സവിശേഷമായ രുചിയും മൊരിഞ്ഞ പ്രകൃതവുമാണ് ഇതിനെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നത്.
കർതുപെലു പാൻകുകാസ്
ലോകപ്രശസ്തമായ ഫുഡ് ഗൈഡ് 'ടേസ്റ്റ് അറ്റ്ലസ്' (Taste Atlas) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മലയാളികളുടെ അല്ലെങ്കിൽ ദക്ഷിണേന്ത്യയുടെ പ്രിയ വിഭവങ്ങളിൽ ഒന്നായ ദോശക്ക് (Dosa) ആഗോളതലത്തിൽ നേട്ടം. 2026 മേയ് മാസത്തിൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച 50 പാൻകേക്കുകളുടെ (Pancakes) പട്ടികയിലാണ് ദോശയുടെ വിവിധ രൂപങ്ങൾ മുൻനിരയിൽ ഇടംപിടിച്ചത്. സാധാരണയായി പാൻകേക്ക് എന്ന് കേൾക്കുമ്പോൾ മധുരമുള്ള വിഭവങ്ങളാണ് പലരുടെയും ഓർമ്മയിൽ വരികയെങ്കിലും, അരിയും ഉഴുന്നും പുളിപ്പിച്ച മാവിൽ തയ്യാറാക്കുന്ന ദോശയുടെ സവിശേഷമായ രുചിയും മൊരിഞ്ഞ പ്രകൃതവുമാണ് ഇതിനെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നത്.
Image : Freepik
ഈ പട്ടികയിൽ ദക്ഷിണേന്ത്യയുടെ മസാലദോശ (Masala dosa) 4.3 സ്റ്റാർ റേറ്റിങ്ങോടെ ആറാം സ്ഥാനം സ്വന്തമാക്കി. മസാല ദോശ കഴിക്കുന്നതിന് നേരവും കാലവും ഒന്നുമില്ലല്ലോ. ഉരുളക്കിഴങ്ങ് മസാല നിറച്ച ഈ വിഭവം അന്താരാഷ്ട്ര ഭക്ഷണപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. കൂടാതെ, ദോശ എന്ന പൊതുവിഭാഗം 4.2 റേറ്റിങ്ങോടെ പട്ടികയിൽ 15-ാം സ്ഥാനത്തും, കടലാസ് പരുവത്തിൽ ഏറെ മൊരിഞ്ഞ പേപ്പർ ദോശ (അൾട്രാ-ക്രിസ്പി പേപ്പർ ദോശ) 4.1 റേറ്റിങ്ങോടെ 35-ാം സ്ഥാനത്തുമുണ്ട്. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കുന്ന ദോശയുടെ ഈ ആഗോള നേട്ടം ഇന്ത്യൻ ഭക്ഷണസംസ്കാരത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ്.
അതേസമയം ടേസ്റ്റ് അറ്റ്ലസിന്റെ ഈ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ കീഴടക്കിയത് പ്രധാനമായും മധുരമുള്ള വിഭവങ്ങളാണ്,പാൻകേക്ക്. ലാത്വിയയിൽ നിന്നുള്ള 'കർതുപെലു പാൻകുകാസ്' (4.4 റേറ്റിങ്) ഒന്നാം സ്ഥാനത്തെത്തിയപ്പോൾ (ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം), ഫ്രാൻസിന്റെ 'ക്രെപ്സ് സുക്രീസ്' രണ്ടാം സ്ഥാനവും ക്ലാസിക് ഫ്രഞ്ച് ക്രെപ്സ് മൂന്നാം സ്ഥാനവും നിലനിർത്തി. നൂട്ടെല്ല ക്രെപ്സ് (ഫ്രാൻസ്), ചൈനയുടെ സ്ട്രീറ്റ് ഫുഡായ 'ജിയാൻബിങ്' എന്നിവയാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ലോകത്തിലെ മികച്ച രുചികളോട് മത്സരിച്ച് ആദ്യ പത്തിൽ ഇടംപിടിക്കാൻ കഴിഞ്ഞു എന്നത് ദോശയുടെ ജനപ്രീതിയാണ്.

