”കാലം കൂലംകുത്തി കടന്നുപോകും. എല്ലാം മാറും. സ്ഥലരാശികള്‍, കാഴ്ചകള്‍, അഭിരുചികള്‍. മനുഷ്യമനസ്സ് പക്ഷേ, കുറ്റിയില്‍ കെട്ടിയിട്ട തോണിപോലെത്തന്നെ. ഞാന്‍ എന്ന കുറ്റി”- എം ടിയുടെ കാലത്തില്‍ കൊത്തിയ വരികൾ.
ആ ദ്വയാക്ഷരം കാലം കവിഞ്ഞു- മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.ടി. വാസുദേവൻ നായർ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ കോഴിക്കോട് നടക്കാവിലെ രാരിച്ചന്‍ റോഡിലെ വസതിയിൽ പൊതുദർശനം നടക്കും. വൈകിട്ട് 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടക്കും. തൻ്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവൻ നായർ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് എംടിയെ ഇക്കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി എന്ന് രണ്ടക്ഷരം.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പരേതയായ പ്രമീള നായർ ആദ്യഭാര്യ.
എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദുഃഖാചരണം. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു.
