ഏകദേശം നാല് നൂറ്റാണ്ടോളം കാലം ചതിയനായി പാണന്മാർ പാടി നടന്ന ചന്തുവിനെ എം.ടി ഒറ്റ തിരക്കഥയിലൂടെ മമ്മൂട്ടിയുടെ രൂപവും ശബ്ദവും നൽകി നായകനാക്കി മാറ്റി.
എം.ടി. വാസുദേവന്‍ നായര്‍ (91) 1933, ജൂലായ് 15 ന് ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടാണ് ചെറുപ്പക്കാലം ചെലവഴിച്ചത്. മലമക്കാവ് എലിമെൻ്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായി ഔദ്യോകിക ജീവിതം ആരംഭിച്ചു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്കൂളിലും പിന്നെ ചാവക്കാട് ബോർഡ് ഹൈസ്കൂളിലും അധ്യാപകനായി.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ സാഹിത്യരചനയിൽ താല്പര്യം കാണിച്ചിരുന്നു. 1954-ൽ മാതൃഭൂമിയിൽ സബ്-എഡിറ്ററായി ജോലിയിൽ പ്രവേശിച്ചതാണു് അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിലേയും സാഹിത്യജീവിതത്തിലേയും പ്രധാന വഴിത്തിരിവ്.എംടിയുടെ സാഹിത്യപ്രവർത്തനങ്ങൾക്ക് വലിയ തോതിൽ അംഗീകാരം കിട്ടുന്നത് അൻപതുകളുടെ രണ്ടാം പകുതിയിലാണ്. പാതിരാവും പകൽവെളിച്ചവും എന്ന ആദ്യനോവൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പല ലക്കങ്ങളായി പുറത്തുവരുന്നത് ഈ സമയത്താണ്. എങ്കിലും ആദ്യം പുസ്തകരൂപത്തിൽ പുറത്തു വന്നത് നാലുകെട്ട് ആണ് . അനുവാചകലോകത്തെ പിടിച്ചുകുലുക്കിയ ഒരു നോവലായിരുന്നു 1958ൽ പുറത്തിറങ്ങിയ നാലുകെട്ട്. 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരത്തിന് നാലുകെട്ട് അർഹമായി.
കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് തുടങ്ങിയ നോവലുകൾ എഴുപതുകൾ വരെ പുറത്തുവന്നു. കൂടാതെ ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും ഇക്കാലയളവിൽ എഴുതി. ഇതിൽ പല ചെറുകഥകളും നോവലെറ്റുകളും പിന്നീട് വിഖ്യാത സിനിമകളായി. ഒരു ഇടവേളയ്ക്കു ശേഷം 1984ൽ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമൻ്റെ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണുന്ന വിധത്തിൽ എഴുതപ്പെട്ട നോവലായിരുന്നു അത്. എടിയുടെ സാഹിത്യജീവിതത്തിലെ രണ്ടാം ഘട്ടം രണ്ടാമൂഴത്തോടെയാണ് തുടങ്ങിയതെന്ന് നിരൂപകർ വിലയിരുത്തുന്നു. അതിനു ശേഷം തൊണ്ണൂറുകളിലാണ് വാരണാസി എഴുതിയത്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ കണ്ണാന്തളിപൂക്കളുടെ കാലം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരത്തിന് അർഹനായി. 2005-ൽ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്, 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ എംടിയെ തേടിയെത്തി. 1973ൽ നിർമ്മാല്യം സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. കൂടാതെ എഴുത്തച്ഛൻ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് എന്നിവയ്ക്കും അദ്ദേഹം അർഹനായി.
ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചലചിത്രങ്ങൾക്ക് മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരത്തിന് അർഹനാക്കി. 1978ൽ ബന്ധനം, 1991ൽ കടവ്, 2009ൽ കേരള വർമ്മ പഴശ്ശിരാജ എന്നീ സിനിമകൾക്ക് മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡിന് അർഹനാക്കി. 2022-ൽ, കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്ക്കാരത്തിനും എംടി അർഹനായി.
സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്ക്കാരങ്ങളും രാഷ്ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
എം.ടി. വാസുദേവൻ നായർ എന്ന പേര് ഉണ്ടായി വന്നതിനു പിന്നിലും എഴുത്തുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. സ്കൂളിലും കോളേജിലുമെല്ലാം പേര് എം.ടി. വാസുദേവൻ എന്നു മാത്രമായിരുന്നു പേര്. 'നായർ' ചേർത്തത് എം.ടി. തന്നെയാണ്.എഴുതുന്നത് അച്ചടിമഷി പുരളാൻ കലശലായി ആഗ്രഹിച്ച കൗമാരക്കാരൻ. അയയ്ക്കുന്നതെല്ലാം മടങ്ങിവരുന്നതായിരുന്നു പതിവ്. അക്കാലത്താണ് വാസു ഒരു കടുംകൈ ചെയ്തത്. മദ്രാസിൽ ചിത്രകേരളം എന്ന മാസിക തുടങ്ങുന്നുവെന്ന പരസ്യം ജ്യേഷ്ഠൻ കൊണ്ടുവന്ന ഒരു കടലാസിൽ നിന്നാണ് കാണുന്നത്. അവരുടെ വിലാസം എടുത്തു. രണ്ടും കൽപ്പിച്ച് മൂന്നു സൃഷ്ടികൾ അയച്ചു. ടാഗോറിന്റെ ഗാർഡ്നറിന്റെ വിവർത്തനം , ഒരു കഥ, ഒരു ലേഖനം എന്നിവയാണ് അയച്ചത്. മൂന്നും മൂന്നു കവറുകളിൽ മൂന്നു പേരുകളിൽ എഴുതി അയത്തു. ഒരുപേര് കൂടല്ലൂർ വാസുദേവൻ. രണ്ടാമത്തേത് വി.ടി. തെക്കേപ്പാട്ട്. ഈ പേര് വന്നത് എങ്ങനെ എന്നും എം.ടി പറയുന്നുണ്ട്. എസ്.കെ പൊറ്റെക്കാട്ട് പോലെ വീട്ടുപേര് ചേർത്ത് ഉണ്ടാക്കിയതാണ്. മൂന്നാമത്തേത് എം ടി വാസുദേവൻ നായർ.
അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നും ചിത്രകേരളത്തിൽ അച്ചടിച്ചുവന്നു. പിന്നീട് പേര് എന്തുവേണം എന്ന ചർച്ചയിൽ നായർ ചേർത്ത് എഴുതാൻ തീരുമാനിച്ചു. അതിന് എം.ടി പറയുന്ന കാരണം സ്കൂളിൽ പഠിക്കുമ്പോഴുള്ള എഴുത്താണ്. കുട്ടിയാണ് എന്ന് അറിഞ്ഞാൽ തിരസ്കരിക്കും. മുതിർന്ന ആളാണ് എന്നു കരുതി പ്രസിദ്ധീകരിക്കട്ടെ എന്നേ കരുതിയുള്ളൂ എന്നാണ്. 1950ൽ മദിരാശിയിൽ നിന്ന് പ്രസിദ്ധീകരിച്ച ചിത്രകേരളം മാസികയിൽ വന്ന വിഷുകൈനീട്ടമാണ് ആദ്യകഥ.
എവിടെയാണ് പത്രമാപ്പീസ് എന്നു പോലുമറിയാതിരുന്ന ചെറുപ്പകാലത്ത് എം.ടി ആഴ്ചയിൽ നാലും അഞ്ചും കഥകളെഴുതിയിരുന്നു. പുസ്തകങ്ങൾ കാണാൻകിട്ടാത്ത പ്രദേശത്തു നിന്നാണ് എഴുത്തിനോട് മോഹം തോന്നിയത്. എങ്ങനെയാണ് ഞാൻ എഴുത്തുകാരനായത് എന്നോർക്കുേമ്പാൾ ഇപ്പോഴും അൽഭുതമാണ് തോന്നുന്നതെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. ഏഴ് മൈലിനപ്പുറമാണ് എം.ടിയുടെ സ്കൂൾ. വലതാകുന്തോറും വായന മോഹമേറി. കവിതയോടായിരുന്നു ആദ്യ ഇഷ്ടം. വാരാന്ത്യങ്ങളിൽ പൂസ്തകം കടം വാങ്ങാനായി മൈലുകളോളം എം.ടി നടക്കാറുണ്ടായിരുന്നു. രഹസ്യമായി കവിതകളെഴുതാൻ തുടങ്ങിയേപ്പാൾ കവിത വഴങ്ങുന്നില്ല എന്ന് നിരാശയോടെ തിരിച്ചറിഞ്ഞാണ് കഥാലോകത്തേക്ക് വഴിമാറി നടന്നത്.ആ നടത്തം ലോകത്തോളം വളരാൻ എം.ടിക്കു വഴി കാണിച്ചു. എംടിക്ക് മലയാളസാഹിത്യത്തിന്റെ മുൻനിരയിൽ സ്ഥാനം നേടിക്കൊടുത്തത് 1958 ൽ പുറത്തു വന്ന ‘നാലുകെട്ട്’ എന്ന നോവലാണ്. കാലക്രമേണ എം.ടി എന്ന രണ്ടക്ഷരം മലയാളസാഹിത്യത്തിലെ മായാമുദ്രയായി മാറി. 1998 ൽ പുറത്തുവന്ന ‘കാഴ്ച’യാണ് എം.ടി ഒടുവിൽ എഴുതിയ കഥ.
മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഇതിഹാസചിത്രമാണ് ഒരു വടക്കൻ വീരഗാഥ. വില്ലനായി കണ്ടിരുന്ന ചന്തുവിന്റെ നല്ല മൂല്യങ്ങൾ എം ടിയുടെ കഥയിലൂടെ പിറവിയെടുത്തപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായി ഒരു വടക്കൻ വീരഗാഥ മാറി. ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളേ... മലയാളികളുടെ മനസിൽ ഇടം പിടിച്ച സിനിമ സംഭാഷണമാണ്. എം ടിയ്ക്ക് മികച്ച തിരക്കഥയ്ക്കും മമ്മൂട്ടിയ്ക്ക് മികച്ച നടനുമടക്കം എട്ട് സംസ്ഥാന അവാർഡുകളും നാല് ദേശീയ അവാർഡുകളും ചിത്രം സ്വന്തമാക്കി.
അതേസമയം മറ്റ് എഴുത്തുകാരെ പോലെ രാഷ്ട്രീയം അധികം പറയാത്ത എം.ടി രാഷ്ട്രീയം പറഞ്ഞപ്പോള്‍ കേരളക്കര കാതുകൂര്‍പ്പിച്ചിട്ടുണ്ട്... അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട് മാധ്യമങ്ങള്‍.. ഓരോ കാലഘട്ടത്തിലും കേരള മനസാക്ഷിയെ വേദനിപ്പിച്ച പ്രശ്നങ്ങളില്‍ മാത്രം എംടി അഭിപ്രായം പറഞ്ഞു, അപ്രസക്തമെന്ന് സ്വയം തോന്നിയവയോട് നിരാസം പ്രഖ്യാപിച്ചു. എല്ലാ മനുഷ്യനേയും ബാധിക്കുന്ന രാഷ്ട്രീയ വിമര്‍ശനം എം.ടി നടത്താറുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വിമര്‍ശനം നടത്തിയിട്ട് അധികകാലമായില്ല. അധികാരമെന്നത് ആധിപത്യമോ സര്‍വ്വാധിപത്യമോ ആയി മാറിയെന്ന് എം.ടി ആ പ്രസംഗത്തില്‍ വികാരപ്പെട്ടു. ജനസേവനത്തിന് കിട്ടുന്ന അവസരമെന്ന സിദ്ധാന്തത്തെ, പല നേതാക്കളും കുഴിവെട്ടി മൂടിയെന്നും തുറന്നടിച്ചു. നേതാവ് ഒരു നിമിത്തമല്ലാതെ, ചരിത്രപരമായ ആവശ്യകതയായി മാറിയെന്നും വിമര്‍ശിച്ചു.
കമ്മ്യൂണിസത്തോട് എല്ലാ കാലത്തും ആദരവും ഏകാധിപത്യത്തോടും സര്‍വ്വാധിപത്യത്തോടും ഉറച്ച എതിര്‍പ്പും പ്രകടിപ്പിച്ചു എംടി. 1968 ല്‍ നക്സല്‍ ആക്രമണം ഉണ്ടാവുകയും അജിത അടക്കമുള്ളവര്‍ പൊലീസിന്റെ പീഡനത്തിന് ഇരയാവുകയും ചെയ്തപ്പോള്‍ എം.ടി പ്രതികരിച്ചു. എ.കെ. ആന്റണിയുടെ ഭരണകാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പുണ്ടായത് എം.ടിയെ ക്ഷോഭിപ്പിച്ചു. അതിന് മുമ്പും ശേഷവും കോളിളക്കം സൃഷ്ടിച്ച പല സംഭവങ്ങളുണ്ടായെങ്കിലും എം.ടി ശബ്ദിച്ചില്ല. പിന്നീട് എം.ടി തുറന്നടിച്ചത് മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോഴാണ്. തുഗ്ലക്ക് ഭരണപരിഷ്കാരം എന്നായിരുന്നു പരിഹാസം. സാമ്പത്തിക ശാസ്ത്രമല്ല, സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടായിരുന്നു എം.ടിയുടെ അന്നത്തെ ആശങ്കയ്ക്ക് അടിസ്ഥാനം. ബിജെപി പ്രൊഫൈലുകളില്‍ നിന്ന് എംടിയ്ക്കെതിരെ വന്‍ പ്രതിഷേധം വരെ ഉണ്ടായി.
മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി.
മലയാളത്തിന്റെ മഹാസാഹിത്യകാരന് ബാഷ്പാഞ്ജലിയുമായി നടൻ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മമ്മൂട്ടിയുടെ കുറിപ്പ് പൂർണ്ണരൂപം.
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.
Also read 'കാലം' കഴിഞ്ഞു....

