എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിക്ഷേപണത്തിന് സജ്ജമായതായി യുഎസ് ബഹിരാകാശ ഏജൻസി.
Image credit : X / NASA
അരനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിക്കുന്നു. നാസയുടെ (NASA) ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചുള്ള ആർട്ടെമിസ്-2 (Artemis II) ദൗത്യം 2026 ഏപ്രിൽ 1-ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും.
1972-ൽ നടന്ന അപ്പോളോ-17 ദൗത്യത്തിന് ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യർ നടത്തുന്ന ആദ്യത്തെ ചാന്ദ്രദൗത്യമാണിത് (Moon Mission). സാങ്കേതിക തകരാറുകൾ മൂലം പലതവണ നീട്ടിവെച്ച ദൗത്യം, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിക്ഷേപണത്തിന് സജ്ജമായതായി നാസയുടെ പരീക്ഷണ അവലോകന സമിതി സ്ഥിരീകരിച്ചു.
നേരത്തെ 2026 ഫെബ്രുവരിയിൽ വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സം ഉണ്ടായി.തുടർന്ന് മാർച്ച് 6-ന് വിക്ഷേപണം നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഇന്ധന പരിശോധനയ്ക്കിടെ റോക്കറ്റിന്റെ അപ്പർ സ്റ്റേജിൽ ഹീലിയം വാതക ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു. യാത്രികരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ, എല്ലാ പിഴവുകളും പരിഹരിച്ച ശേഷം മാത്രമാണ് വിക്ഷേപണവുമായി മുന്നോട്ട് പോകാൻ നാസ തീരുമാനിച്ചത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 19-ന് റോക്കറ്റും ഓറിയോൺ (Orion) പേടകവും വിക്ഷേപണ തറയായ 39B ലോഞ്ച് പാഡിലേക്ക് എത്തിക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ യാത്രികർ ചന്ദ്രന്റെ ഭ്രമണപഥം ചുറ്റി പരീക്ഷണങ്ങൾ നടത്തിയ ശേഷം ഭൂമിയിലേക്ക് മടങ്ങും.
നാല് ബഹിരാകാശ യാത്രികരാണ് ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകുന്നത്. നാസയുടെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (CSA) ജെറമി ഹാൻസെൻ എന്നിവരാണ് ഈ ദൗത്യത്തിലുള്ളത്. ഇതിൽ ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ലോകത്തിലെ ആദ്യ വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കഴിഞ്ഞ വനിത എന്ന റെക്കോർഡും ക്രിസ്റ്റീനയുടെ പേരിലുണ്ട്. പത്ത് ദിവസത്തെ ദൗത്യത്തിൽ ഇവർ ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ലെങ്കിലും, വരാനിരിക്കുന്ന ആർട്ടെമിസ്-3 ദൗത്യത്തിന് ആവശ്യമായ നിർണ്ണായക വിവരങ്ങൾ ശേഖരിക്കും.
More read ആർട്ടെമിസ് II: ചന്ദ്രദൗത്യം വീണ്ടും പ്രതിസന്ധിയിൽ; വിക്ഷേപണം ഏപ്രിലിൽ
പുതിയൊരു റോക്കറ്റ് സംവിധാനത്തിന്റെ വിജയസാധ്യത 50 ശതമാനമാണെന്നും മനുഷ്യർ നേരിട്ട് പങ്കെടുക്കുന്ന ദൗത്യമായതിനാൽ അപകടസാധ്യതകൾ ഏറെയാണെന്നും മിഷൻ മാനേജ്മെന്റ് ടീം ചെയർമാൻ ജോൺ ഹണികട്ട് വ്യക്തമാക്കി. 2022-ൽ നടന്ന ആർട്ടെമിസ്-1 ഒരു പരീക്ഷണാത്മക ആളില്ലാ ദൗത്യമായിരുന്നു. എന്നാൽ ഇത്തവണ മനുഷ്യജീവനുകൾ ഉൾപ്പെടുന്നതിനാൽ നാസ അതീവ ജാഗ്രതയിലാണ്. "ഇതൊരു പരീക്ഷണ പറക്കലാണ്, ഇതിൽ അപകടസാധ്യതകളുണ്ട്. എങ്കിലും ഞങ്ങളുടെ ടീമും ഹാർഡ്വെയറും പൂർണ്ണ സജ്ജമാണ്," എന്ന് നാസ ശാസ്ത്രജ്ഞയായ ലോറി ഗ്ലേസ് പറഞ്ഞു. ആർട്ടെമിസ്-2 വിജയിക്കുന്നതോടെ, ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും അവിടെ ഒരു സ്ഥിരമായ താവളം ഒരുക്കാനുമുള്ള നാസയുടെ ലക്ഷ്യങ്ങൾക്ക് വലിയ ഊർജ്ജം ലഭിക്കും. ഏപ്രിൽ ഒന്നിന് കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ബഹിരാകാശ പ്രേമികൾ.
